കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി വിക്രമന്‍ ജയിലില്‍ നിന്നും മുഖ്യമന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തി; ജയരാജനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു; പിണറായി റെയിഡിന് നിര്‍ദേശിച്ചത് പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തറിയുമെന്ന് ഭയന്ന്

Thursday 4 July 2019 2:12 pm IST

തിരുവനന്തപുരം:   കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടന്ന റെയിഡിനു കാരണം കതിരൂര്‍ മനോജ് വധത്തിലെ ഒന്നാം പ്രതി വിക്രമന്റെ ഫോണ്‍ വിളി.  ജയിലില്‍ കിടക്കുന്ന വിക്രമന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു വിളിക്കുകയായിരുന്നു.  കണ്ണൂരിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലുള്ള വിളിയില്‍ ഒരു തരം ഭിഷണിയുടെ സ്വരവും ഉണ്ടായി. ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങള്‍ ഭരിച്ചു സുഖിക്കുന്നത് എന്ന കാര്യം മറക്കരുതെന്ന് പറഞ്ഞ വിക്രമന്‍, പി ജയരാജനെ ഇല്ലതാക്കാന്‍ ആരു ശ്രമിച്ചാലും പ്രതിരോധിക്കുമെന്നും വ്യക്തമാക്കി. 

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പി.ജയരാജന്റെ വലംകൈ ആയിരുന്ന വിക്രമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നതെന്ന കൂട്ടു പ്രതിയും ടി.പി.ചന്ദ്രശേഖരന്‍ വധത്തിലെ ഒന്നാം പ്രതിയുമായിരുന്ന ടി.കെ.രജീഷിന്റെ മൊഴി വിവാദമായിരുന്നു. വിക്രമനെക്കുറിച്ച് നന്നായി അറിയാവുന്ന പിണറായിക്ക് സംസാരത്തിലെ ഭീഷണി സ്വരം മനസ്സിലായി.  ഉടന്‍ തന്നെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിനെ വിളിച്ച റെയിഡന് നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് ഋഷിരാജ് സിംഗ് നടത്തിയ പരിശോധനയിലും പിന്നാലെ ജയില്‍ സൂപ്രണ്ട് സുധാകരന്‍ നടത്തിയ പരിശോധനയിലും ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഒരു ജയിലിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കണ്ണൂര്‍ ജയിലില്‍ നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവെയക്കുന്ന തെളിവുകളാണ് കിട്ടിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഡാലോചന ജയിലിലാണ് നടക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ജയിലില്‍ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികള്‍ ക്വട്ടേഷന്‍ പ്രവൃത്തികളില്‍ പങ്കാളികളായ കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 

ഒരുവിഭാഗം ജയില്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയതടവുകാരെ സഹായിക്കുന്നതായി ഡിജിപി കണ്ടെത്തി. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന വിക്രമന്റെ ഭീഷണി സ്വരത്തിലുള്ള ഫോണ്‍ വിളിയോടെ പിണറായിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.