പ്രചോദനമായി ആ അനുഗ്രഹമുണ്ട് മനസ്സില്‍...

Thursday 8 August 2019 11:23 am IST

അന്യരുടെ വേദനയില്‍ ദുഃഖിക്കുകയും അതെല്ലാം സ്വന്തം വേദനയാക്കുകയും ചെയ്ത മഹതിയായിരുന്നു സുഷമ സ്വരാജ്. ഒരു പ്രശ്‌നവുമായി അവരുടെ മുന്നില്‍ ആരെത്തിയാലും അവരെ ചേര്‍ത്ത് പിടിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന സ്വഭാവമായിരുന്നു അവരുടേത്. അന്യരുടെ ദുഃഖം സ്വന്തം ദുഃഖമായിക്കാണാന്‍ സുഷമാജിക്ക് കഴിഞ്ഞു. പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ ആ മനസ്സു വേദനിക്കുന്നത് പലതവണ ആ മുഖത്തു നിന്ന് അനുഭവിക്കാന്‍ എനിക്കായിട്ടുണ്ട്.

കേരളത്തില്‍ നിന്ന് നിരവധിപേര്‍ക്ക് സുഷമാജി താങ്ങും തണലും ആശ്വാസവുമായിട്ടുണ്ട്. കേരളത്തിലുള്ളവരുടെ പ്രശ്‌നങ്ങളോട് പ്രത്യേക താല്പര്യമെടുത്തിരുന്നു. വിദേശത്ത് പോയി ജോലി ചെയ്യാനുള്ള മലയാളികളുടെ അധ്വാനശീലത്തെ കുറിച്ച് വളരെ ഇഷ്ടത്തോടെ അവര്‍ സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ തൃശ്ശൂരില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ സുഷമാജിയുടെ അടുത്തു കൊണ്ടുപോയി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഗള്‍ഫിലെ ജയിലിലാണ്. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് കാര്യങ്ങളവതരിപ്പിച്ചപ്പോള്‍ ചേര്‍ത്ത് പിടിച്ച് സുഷമാജി ആശ്വസിപ്പിച്ചു. സുഷമാജിയുടെ കണ്ണുകളും നനയുന്നുണ്ടായിരുന്നു. മാലിയില്‍ ജയിലില്‍ ആയ അധ്യാപകന്‍ ജയചന്ദ്രനെ മോചിപ്പിക്കാനും സുഷമാജി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ജയചന്ദ്രന്റെ കുടുംബത്തിന്റെ ദുഃഖം സ്വന്തം ദുഃഖമായാണ് അവരേറ്റെടുത്തത്. അത്ഭുതകരമായ തരത്തിലായിരുന്നു സുഷമാജിയുടെ നീക്കങ്ങള്‍. വളരെ വേഗത്തില്‍ തന്നെ ജയചന്ദ്രനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനായി. 

ഇറാഖിലെ യുദ്ധസ്ഥലത്തു നിന്ന് 45 മലയാളി നഴ്‌സുമാരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുത്തി കേരളത്തില്‍ എത്തിച്ചതിന് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് നല്‍കിയ സഹായം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. സുഷമാജിയുടെ ഇടപെടല്‍കൊണ്ടാണ് അവരെയെല്ലാം ജീവനോടെ നമുക്ക് ലഭിച്ചത്. 

നീതിക്കായി 1000 കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന തമിഴ്‌നാട് തിരുച്ചിറപ്പളളി സ്വദേശി ജഗന്നാഥ് സെല്‍വരാജിന്റെ കഥയും നമുക്കറിയാം. നാല്‍പ്പത്തിയെട്ടുകാരനായ സെല്‍വരാജിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെയറിഞ്ഞ സുഷമാജി നേരിട്ട് ഇടപെട്ടു. സ്വദേശത്ത് തിരികെയെത്താന്‍ ആവശ്യമായ വിമാനടിക്കറ്റ് ലഭ്യമാകുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടത്തിനായാണ് ദുബായ്‌യിലെ ട്രാഫിക്കും, കൊടും ചൂടും, മണല്‍ക്കാറ്റും അതിജീവിച്ച് ഒരു ദിവസം 44 കിലോമീറ്ററുകള്‍ വീതം രണ്ടു വര്‍ഷത്തോളം സെല്‍വരാജ് നടന്നത്. സെല്‍വരാജിന് നീതി ലഭിച്ചതും സുഷമാജിയുടെ ഇടപെടലിലൂടെയാണ്.

ഹൃദയ ശസ്ത്രക്രിയയ്ക്കു വിസ കിട്ടാതെ വിഷമിച്ച പാക് ബാലികയ്ക്ക് ഞൊടിയിടയില്‍ വിസ നല്‍കാന്‍ നടപടിയെടുത്തത് ലോകം നന്ദിയോടെയാണ് കണ്ടത്. ഇത്തരം നിരവധി സംഭവങ്ങള്‍ പറയാനുണ്ട്. വാര്‍ത്തകളില്‍ നിറഞ്ഞവ മാത്രമാണ് ഓര്‍മകളിലേക്കെത്തുന്നത്. വലിയ വാര്‍ത്തയാകാത്ത, കാരുണ്യത്തിന്റെ എത്രയോ വലിയ ഹസ്തങ്ങള്‍ സുഷമാജി പലര്‍ക്കായും നീട്ടിയിട്ടുണ്ട്. 

ഫേസ്ബുക്കിലോ ട്വിറ്ററിലോ സുഷമാജിക്ക് ഒരു സന്ദേശം അയച്ചാല്‍ മതിയായിരുന്നു അവരുടെ സഹായമെത്താന്‍. ലോകത്തെങ്ങുമുള്ള ഇന്ത്യക്കാര്‍, സഹായത്തിന് കാത്തു നിന്നിരുന്നവര്‍...എല്ലാവരുടെ ആ മാതൃസഹജമായ വാത്സല്യം അറിഞ്ഞു. ഇറാഖിലെ ബസ്രയില്‍ കുടുങ്ങിയ 168 ഇന്ത്യക്കാര്‍ക്ക് രക്ഷയായത് കൂട്ടത്തില്‍ ഒരാള്‍ സുഷമയ്ക്ക് അയച്ച വീഡിയോ സന്ദേശത്തെ തുടര്‍ന്നായിരുന്നു. 

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് സുഷമാജിയുമായി വളരെ അടുത്തിടപഴകാന്‍ സാധിച്ചു. പല കാര്യങ്ങളിലും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുമായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുഷമാജിക്കായിരുന്നു കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെരഞ്ഞെടുപ്പ് ചുമതല. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാകണമെന്ന് അവര്‍ കാട്ടിത്തന്നു. ആ തെരഞ്ഞെടുപ്പു മുതലാണ് ബിജെപി വോട്ടുകള്‍ ചോരുന്നു എന്ന ആക്ഷേപത്തിന് അറുതിയായത്. സുഷമാജിയുടെ പ്രവര്‍ത്തന ശൈലിയുടെ നേട്ടമായിരുന്നു അത്. ജയസാധ്യത ഉറപ്പില്ലാത്ത സംസ്ഥാനത്ത് ഒട്ടും മടിക്കാതെ നിയോജക മണ്ഡലങ്ങള്‍ തോറും സഞ്ചരിച്ച് സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അവര്‍ പ്രവര്‍ത്തിച്ചു.  

ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ കേരളാ പദയാത്രയുടെ സമാപനത്തില്‍ സംസാരിച്ചതും സുഷമാജിയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞും കുറച്ചു ദിവസം സുഷമാജി കേരളത്തില്‍ തങ്ങി. ബിജെപി നേതാവ് ബി.കെ. ശേഖര്‍ അന്തരിച്ചപ്പോള്‍ അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു. 

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചാരണത്തിന് സുഷമാജി എത്തിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നാല്‍പ്പതു മിനിട്ട് കൊണ്ട് വിശദീകരിച്ച് ജനങ്ങളുടെ കൈയടി നേടി. കേരളത്തോട് എന്നും സ്‌നേഹമായിരുന്നു. കേരളത്തിലെത്തിയാല്‍ സാരി വാങ്ങിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ സാരി വാങ്ങണമെന്ന് പറഞ്ഞപ്പോള്‍ ജയലക്ഷ്മിയിലെ ഗോവിന്ദനെ വിളിച്ചു. സുഷമാജിക്ക് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. പണം വാങ്ങണം, സൗജന്യങ്ങളൊന്നും വേണ്ട.

വിദേശകാര്യ സഹമന്ത്രിയായി ഞാന്‍ ചുമതലയേല്‍ക്കുന്നത് സുഷമാജിയുടെ അനുഗ്രഹം വാങ്ങിയാണ്. ആ വഴി പിന്തുടരണമെന്നാണ് തീരുമാനിച്ചത്. അന്യരുടെ ദുഃഖം സ്വന്തം ദുഃഖമാക്കി, വിദേശകാര്യ വകുപ്പിന് മാനുഷിക മുഖം നല്‍കിയ സുഷമാജിയുടെ അനുഗ്രഹത്തിന് അത്രവലിയ വിലയുണ്ടായിരുന്നു.

നിലപാടുകളില്‍ കര്‍ശന സ്വഭാവം സുഷമാജിക്കുണ്ടായിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിലും ഭാരതത്തിന്റെ നിലപാടുകളും അന്തസ്സും സംരക്ഷിക്കുന്നതിലും ആ വിട്ടുവീഴ്ചയില്ലാത്ത സമീപനം പലതവണ നമുക്കുകാണാനായി. കാരുണ്യം അര്‍ഹിക്കുന്നവരോട് ഒരമ്മയുടെ വാത്സല്യത്തോടെ സുഷമാജി ഇടപെട്ടു. ഭാരതത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതില്‍ കണിശക്കാരിയായ വിദേശകാര്യമന്ത്രിയുമായി. ഭാരതീയ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകമായിരുന്നു സുഷമാജി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.