പീഡനത്തിന് ഇരയായ യുവതിക്ക് ഇതിലൂടെ ലഭിച്ചത് നീതിയല്ല; ശിക്ഷ വിധിക്കേണ്ടതും, നടപ്പാക്കേണ്ടതും പോലീസല്ല നീതിപീഠമെന്ന് വി.ടി. ബല്‍റാം

Friday 6 December 2019 11:10 am IST

തിരുവനന്തപുരം : കേസില്‍ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല നീതിപീഠമാണെന്ന് വി.ടി. ബല്‍റാം എംഎല്‍എ. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിക്കൊന്ന പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കവേയാണ് ബല്‍റാം ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലും മറ്റും തെലങ്കാന പോലീസിന് അഭിനന്ദന പ്രവാഹം ചൊരിയുമ്പോഴാണ് ജനപ്രതിനിധി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത്തരത്തില്‍ പ്രതികരിച്ചത്. 

പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കൈയില്‍ കിട്ടിയ പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി. 

വിഷയത്തില്‍ ഹൈദരാബാദ് പോലീസിന്റെ ഈ നടപടിയെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായേക്കാം. ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം. എന്നിരുന്നാലും പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കൈയില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല.

ഇപ്പോള്‍ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം. കാരണം അതാണ് ഇന്ത്യന്‍ പോലീസ്. കൈയില്‍ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബല്‍റാമിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.