ഒന്ന് ഉണര്‍ന്നാട്ടെ, സര്‍ക്കാരെ...!

Saturday 13 July 2019 3:24 am IST
കൊല്ലുന്ന പോലീസുകാര്‍ക്ക് എതിരെമാത്രമല്ല കൊല്ലിക്കുന്ന പോലീസ് മേധാവികള്‍ക്ക് എതിരെയും കേസെടുക്കാനും ശിക്ഷ ഉറപ്പാക്കാനുമുള്ള ആര്‍ജവമാണ് ഭരണകൂടം കാണിക്കേണ്ടത്. കൊടും ക്രിമിനലുകളെ പോലീസില്‍ എടുക്കുകയും നിലനിര്‍ത്തുകയും ചെയ്താല്‍ ഇന്ന് കാണുന്നതുപോലെയൊക്കെയേ നടക്കൂ. അതുമാറണമെങ്കില്‍ ഊര്‍ജസ്വലമായ ഭരണ സംവിധാനം വേണം. നീതിബോധത്തിലേയ്ക്ക് ഉണര്‍ന്ന മനസ്സുള്ളവര്‍ ഭരണം കയ്യാളണം.

സംസ്ഥാന ആഭ്യന്തരവകുപ്പിനെ നിരന്തരം പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ആളുകളെ ഉരുട്ടിക്കൊല്ലുന്ന പോലീസിന്റെ ക്രൂരവിനോദം തനിയാവര്‍ത്തനമായി തുടരുകയാണല്ലോ. ഈ മരണത്തെക്കാള്‍ മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നത് കുറ്റക്കാരായ ഉന്നത പോലീസുദ്യോഗസ്ഥരെ നാടുഭരിക്കുന്നവര്‍ തന്നെ സംരക്ഷിക്കുന്നതാണ്. എന്തുചെയ്താലും ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശമാണ് ഈ ഭരണകൂടം പോലീസിനു നല്‍കുന്നത്. കേരളത്തില്‍ ഇതിനുമുമ്പ് സംഭവിച്ച ഉരുട്ടിക്കൊലകളിലെന്നതുപോലെ, അടുത്തകാലത്തെ രാജ്കുമാര്‍ കസ്റ്റഡി കൊലക്കേസിലും പ്രതികളാക്കപ്പെട്ടിരിക്കുന്നത് എസ്ഐയും അതിന് താഴെയുള്ള പോലീസുകാരുമാണ്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ എന്നയാളാണ് മൂന്നാംമുറയ്ക്ക് ഇരയായി മരണം ഏറ്റുവാങ്ങിയത്. പോലീസിന്റെ നിയന്ത്രണാധികാരമുള്ള സംസ്ഥാന ആഭ്യന്തരവകുപ്പിന് തന്നെയാണ് സ്വാഭാവികമായും ഈ സംഭവത്തിന്റെ ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നുമാത്രമല്ല സാധാരണ പോലീസുകാരെ മാത്രം പ്രതികളാക്കി ഉന്നത പോലീസുദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യുന്നു. ജനരോഷം തണുപ്പിക്കാനുള്ള ചെപ്പടി വിദ്യകള്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് പ്രയോഗിക്കുന്നുണ്ടെങ്കിലും കേരളസമൂഹം ഇതിലെ കാപട്യം തിരിച്ചറിഞ്ഞുതുടങ്ങി. 

ഇടുക്കി എസപിയുടെ അറിവോടെയാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്നതിനും ഡിവൈഎസ്പിയാണ് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശേങ്ങള്‍ നല്‍കിയതെന്നതിനും മതിയായ തെളിവുകളുണ്ട്. കൊല്ലപ്പെട്ട രാജ്കുമാറിനെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തില്‍ മിമിക്രിപ്രസംഗം നടത്തിയ മന്ത്രി എം.എം. മണി ആരോപണവിധേയനായ ഇടുക്കി എസ്പിയെ ന്യായീകരിക്കുന്ന അശ്ലീലക്കാഴ്ചയ്ക്കും കേരളം സാക്ഷിയായി. രാജ്കുമാര്‍ കുഴപ്പക്കാരനാണെന്നും കൊല്ലപ്പെടേണ്ട ആളാണെന്നും ധ്വനി വരുത്തുന്ന പ്രസ്താവനയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഭരണമുന്നണിയില്‍പ്പെട്ട സിപിഐ പോലും മന്ത്രിയുടെ ഈ നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്തി. 

വരാപ്പുഴയിലെ ശ്രീജിത് കസ്റ്റഡി കൊലപാതകക്കേസിലും പ്രതികളാക്കപ്പെട്ടത് സാധാരണ പോലീസുകാരാണ്. കസ്റ്റഡിയിലാകുന്നവര്‍ നിരപരാധികള്‍ ആണെങ്കില്‍പ്പോലും ഭീകരമര്‍ദനമുറകള്‍ക്ക് ഇരകളാക്കുന്ന മുന്‍ എറണാകുളം റൂറല്‍ എസ്പിയുടെ ടൈഗര്‍ സ്‌ക്വാഡാണ് ശ്രീജിത്തിനെ ഉരുട്ടിക്കൊന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ശ്രീജിത്തിനെ സംശയത്തിന്റെ പേരിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉരുട്ടിക്കൊല നടത്തിയ ടൈഗര്‍ സ്‌ക്വാഡിനെ നയിച്ച എസ്പിയെ കേസിലകപ്പെടാതെ ഭരണനേതൃത്വം സംരക്ഷിച്ചു. സ്‌ക്വാഡ് അംഗങ്ങളായ പോലീസുകാരെ പ്രതികളാക്കി. യഥാര്‍ഥ പ്രതി വേറൊരാളാണെന്നും പോലീസ് കൊന്നത് നിരപരാധിയെയാണെന്നും അറിഞ്ഞതോടെ ഈ കസ്റ്റഡിമരണം പൊതുസമൂഹത്തില്‍ കടുത്ത വേദനയും രോഷവുമാണ് ഉളവാക്കിയത്. പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ജനവികാരം ശക്തമായിട്ടും, ശ്രീജിത് ഇടിമുറിയിലെത്തിപ്പെടാന്‍ കാരണക്കാരനായ എസ്പിക്കെതിരെ കേസെടുത്തില്ലെന്ന് മാത്രമല്ല അദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്‍കി കേരളീയസമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്തു. എസ്പിയും ഡിവൈഎസ്പിയും ആരോപണവിധേയരായിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരവകുപ്പ് നല്‍കിയത് ക്ലീന്‍ ചിറ്റാണ്. 

ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ പ്രതികളുടെ പണംവാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഒരു എസ്‌ഐയെയും എഎസ്ഐയെയും ഏതാനും പോലീസുകാരെയും മാത്രം പ്രതികളാക്കി. പ്രതികളോട് കൈക്കൂലി വാങ്ങിയ എസ്ഐയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍പോലും ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തു. കൊല്ലപ്പെട്ട കെവിന്റെ പിതാവ് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സങ്കടം ബോധ്യപ്പെടുത്തിയതുകൊണ്ടുമാത്രം സര്‍ക്കാര്‍ ഈ തീരുമാനം തത്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. 

കൊച്ചിയിലെ അര്‍ജുനെ കാണാതായ സംഭവത്തില്‍ പിതാവ് പരാതി നല്‍കിയിട്ടും പോലീസ് ഗൗനിച്ചില്ല. പോലീസില്‍ ഏല്‍പ്പിച്ചവരെ വിട്ടയക്കുകയും ചെയ്തു. പിന്നീട് അര്‍ജുന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തുകയായിരുന്നു. രാജ്കുമാര്‍ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദിയായ എസ്പിയെ ഇടുക്കിയില്‍നിന്ന് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ പോലീസുദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാനുള്ള ശ്രമങ്ങളും നടക്കുന്നു.

കേരളത്തില്‍ ഇതിനുമുമ്പുണ്ടായ കസ്റ്റഡിമരണങ്ങളെക്കാള്‍ ക്രൂരമാണ് നെടുങ്കണ്ടം സംഭവം. ഇവിടെ ആഭ്യന്തരവകുപ്പും ജയില്‍വകുപ്പും ഒരുപോലെ പ്രതിക്കൂട്ടിലാണ്. മൃതപ്രായനായ പ്രതിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള യാതൊരു നടപടിയും ജയിലധികൃതര്‍ സ്വീകരിച്ചില്ല. പോലീസ് കസ്റ്റഡിയിലെടുക്കുന്നവര്‍ക്കും അറസ്റ്റിലാകുന്നവര്‍ക്കും റിമാന്‍ഡിലാകുന്നവര്‍ക്കും അവര്‍ ഉള്‍പ്പെട്ട കേസിന്റെ സ്വഭാവമനുസരിച്ചുള്ള ചില പൗരാവകാശങ്ങളുണ്ട്. പ്രതി ചേര്‍ക്കപ്പെട്ടതുകൊണ്ടുമാത്രം ഒരു വ്യക്തി കുറ്റവാളിയാകുന്നില്ല. കുറ്റവാളിയാണെന്ന് കണ്ടെത്തേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. തെളിവില്ലെങ്കില്‍ പ്രതിയെ വിട്ടയയ്ക്കുകയും ചെയ്യും. എന്നാല്‍ സംശയിക്കപ്പെടുന്നയാളെ പോലും കുറ്റവാളിയെന്ന് മുദ്രകുത്തി ലോക്കപ്പ് മര്‍ദനത്തിനിരയാക്കുന്ന പോലീസ് ശൈലിക്ക് പുതിയ കാലത്തും കേരളത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കുറ്റം തെളിയിക്കാനാണെങ്കില്‍ പോലും ഒരാള്‍ക്ക് നേരെയും മൂന്നാംമുറ പോലുള്ള പ്രാകൃതമായ ചോദ്യംചെയ്യല്‍ രീതികള്‍ അവലംബിക്കരുതെന്ന കര്‍ശനനിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു. പല പോലീസുകാര്‍ക്കും ഇതേക്കുറിച്ച് യാതൊരുവിധ തിരിച്ചറിവും ഉണ്ടാകുന്നില്ലെന്നത് സങ്കടകരമാണ്. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്ന ഉത്തരവാദിത്വം മാത്രമാണ് പോലീസിനുള്ളത്. നിയമം പാലിക്കുക എന്നതിനൊപ്പം ആരെയും ശിക്ഷിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് അറിയാത്തവരല്ല കേരള പോലീസ്. എന്നിട്ടും ബോധപൂര്‍വമായ ഉരുട്ടിക്കൊലകള്‍ കേരളത്തില്‍ തുടര്‍ക്കഥകളാകുന്നത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് കാര്യകാരണസഹിതം പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

പോലീസ് നാടിന്റെ കാവല്‍ക്കാരാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പൗരന്‍മാരുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാനും ക്രമസമാധാനം കാത്തുസൂക്ഷിക്കാനും ബാധ്യതപ്പെട്ട വിഭാഗമാണ്. എന്നാല്‍, കേരളം മാറിമാറി ഭരിക്കുന്നവര്‍ പോലീസ് സംവിധാനത്തെ ഉപയോഗിക്കുന്നതു രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനും കള്ളക്കേസുകളില്‍ കുടുക്കാനും അവകാശസമരങ്ങളെ അടിച്ചമര്‍ത്താനുമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അതിനു നിന്നുകൊടുക്കുന്നു. രാജന്‍ കേസ് മുതല്‍ രാജ്കുമാര്‍ കേസുവരെയുള്ള സ്ഥിതി അതാണ്. കൊല്ലുന്ന പോലീസുകാര്‍ക്കെതിരെ മാത്രമല്ല കൊല്ലിക്കുന്ന പോലീസ് മേധാവികള്‍ക്കെതിരെയും കേസെടുക്കാനും ശിക്ഷ ഉറപ്പാക്കാനുമുള്ള ആര്‍ജവമാണ് ഭരണകൂടം കാണിക്കേണ്ടത്. കൊടും ക്രിമിനലുകളെ രാഷ്ട്രീയത്തിലെയും ഭരണത്തിലെയും സ്വാധീനം നോക്കി പോലീസിലെടുക്കുകയും നിലനിര്‍ത്തുകയും ചെയ്താല്‍ ഇതൊക്കെയേ നടക്കൂ. അതു മാറണമെങ്കില്‍ ഊര്‍ജസ്വലമായ ഭരണസംവിധാനം വേണം. നീതിബോധത്തിലേയ്ക്ക് ഉണര്‍ന്ന മനസ്സുള്ളവര്‍ ഭരണം കയ്യാളണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.