ഓസീസ് പൊരുതി വീണു

Monday 8 July 2019 3:52 am IST

മാഞ്ചസ്റ്റര്‍: ഡേവിഡ് വാര്‍ണര്‍ പൊരുതിക്കുറിച്ച സെഞ്ചുറിക്കും ഓസീസിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ലോകകപ്പിലെ അവസാന റൗണ്ട് റോബിന്‍ ലീഗ് മത്സരത്തില്‍ അവര്‍ പത്ത്് റണ്‍സിന് ദക്ഷിണാഫ്രിക്കയോട് തോറ്റു.

അവസാന മത്സരത്തിന് മുമ്പ്‌വരെ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്് നിന്ന ഓസീസ് ഈ തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ഓസീസിന് കരുത്തരായ ഇംഗ്ലണ്ടുമായി സെമി കളിക്കണം. വ്യാഴാഴ്ച എഡ്ജ്ബാസ്റ്റണിലാണ് ഓസീസ്-ഇംഗ്ലണ്ട് സെമി.

ആദ്യ മത്സരങ്ങളിലൊക്കെ തപ്പിതടഞ്ഞ ദക്ഷിണാഫ്രിക്ക അവസാന മത്സരത്തില്‍ യഥാര്‍ഥമുഖം പുറത്തെടുത്തു. ഓസീസ് ബൗളിങ്ങിനെ കണക്കറ്റ് ശിക്ഷിച്ച നായകന്‍ ഡു പ്ലെസിസിന്റെ സെഞ്ചുറിയില്‍ (100) അമ്പത് ഓവറില്‍ ആറു വിക്കറ്റിന് 325 റണ്‍സ് എടുത്തു.

326 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസീസിനെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഒരു ഘട്ടത്തില്‍ നാലിന് 119 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അലക്‌സ് ക്യാരിയെ കൂട്ടുപിടിച്ചു നടത്തിയ പോരാട്ടം ഓസീസിനെ വിജയത്തിന് അടുത്തുവരെ എത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഡേവിഡ് വാര്‍ണര്‍ 117 പന്തില്‍ പതിനഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 122 റണ്‍സ് സ്വന്തം പേരിലെഴുതി. ഇതോടെ ഈ ലോകകപ്പില്‍ 638 റണ്‍സുമായി വാര്‍ണര്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി. 647 റണ്‍സ് നേടിയ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. 

അലക്‌സ് ക്യാരി 69 പന്തില്‍ 85 റണ്‍സ് അടിച്ചെടുത്തു. പതിനൊന്ന് ഫോറും ഒരു സിക്‌സറും നേടി. 46-ാം ഓവറില്‍ അലക്‌സ് ക്യാരി മോറിസിന്റെ പന്തില്‍ പുറത്തായതോടെ ഓസീസിന് പിടിച്ചുനില്‍ക്കാനായില്ല. 49.5 ഓവറില്‍ അവര്‍ 315 റണ്‍സിന് ഓള്‍ ഔ്ട്ടായി. ബെഹറന്‍ഡോഫ് ആറു പന്തില്‍ 11 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡ പത്ത്് ഓവറില്‍ 56 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രിട്ടോറിയസിനും ഫെഹല്‍ക്കുവായോയ്ക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.