മിഷന്‍ ഫെയില്‍ഡ്

Friday 12 July 2019 1:35 am IST
പ്രതീക്ഷകളുടെ വലിയ കൂമ്പാരം തോളിലേറ്റിയാണ് ഇന്ത്യന്‍ ടീം ക്രിക്കറ്റിന്റെ മെക്കയിലെത്തിയത്. സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങിയപ്പോള്‍ സ്വപ്‌ന ഫൈനല്‍ ഇന്ത്യ മുന്നില്‍ കണ്ടു. പക്ഷേ, മാഞ്ചസ്റ്ററില്‍ ഇന്ത്യ പേടിച്ചതു തന്നെ സംഭവിച്ചു.

ഈ ലോകകപ്പില്‍ ഇനി ഇന്ത്യയില്ല. പ്രവചനങ്ങളും പ്രതീക്ഷകളും ഇവിടെ തീരുന്നു. തളരാത്ത പോരാളികളെന്ന ഇരട്ടപേര് ഊട്ടിയുറപ്പിച്ചാണ്, ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ നീലകുപ്പായക്കാര്‍ ഇംഗ്ലണ്ടിന്റെ മഹാനഗരത്തില്‍നിന്നു പടിയിറങ്ങുന്നത്. അതെ, തളരാന്‍ തയാറല്ല. തളര്‍ന്ന ശീലവുമില്ല. പലപ്പോഴും വിജയത്തെ പിടിച്ചടക്കിയും, ചിലപ്പോഴൊക്കെ തോല്‍വിയുടെ അടിത്തട്ടില്‍ ആഴ്ന്നിറങ്ങിയും കളിപഠിച്ചവര്‍. 

പ്രതീക്ഷകളുടെ വലിയ കൂമ്പാരം തോളിലേറ്റിയാണ് ഇന്ത്യന്‍ ടീം ക്രിക്കറ്റിന്റെ മെക്കയിലെത്തിയത്. സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങിയപ്പോള്‍ സ്വപ്‌ന ഫൈനല്‍ ഇന്ത്യ മുന്നില്‍ കണ്ടു. പക്ഷേ, മാഞ്ചസ്റ്ററില്‍ ഇന്ത്യ പേടിച്ചതു തന്നെ സംഭവിച്ചു. ന്യൂസിലന്‍ഡിന്റെ ബൗളിങ്ങിന്റെ മാരക ശേഷിയും ഫീല്‍ഡിങ്ങിന്റെ കൃത്യതയും ഇന്ത്യയെ കടപുഴക്കിക്കളഞ്ഞു. രാഹുലും രോഹിതും കോഹ്‌ലിയുമൊക്കെ പടപടാ വീണു. കണ്ണടച്ചു തുറക്കുന്നവേഗത്തില്‍ മൂന്നു  തിരിച്ചുപോന്നു. പിന്നെയാണ് ഇന്ത്യ കളിതുടങ്ങിയതു തന്നെയെന്നു പറയാം. മുന്‍നിരയില്ലെങ്കില്‍ ഇന്ത്യയില്ലെന്ന വാദം മാറ്റിയെഴുതാനായി മധ്യനിര പരിശ്രമിച്ചെങ്കിലും കിവികളുടെ കൃത്യതക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കളികൈവിട്ടുകൊണ്ടിരുന്നു. ഒടുവില്‍ പഴയ പടക്കുതിരകളായ എം.എസ്. ധോണിക്കൊപ്പം രവീന്ദ്ര ജഡേജ നടത്തിയ രക്ഷാപ്രവര്‍ത്തനം കാണികളെ ഹരംകൊള്ളിച്ചു എന്നു മാത്രം. 

എവിടെയാണു പിഴച്ചത്?  പിഴവുകളെ തുടച്ചുനീക്കി 'ക്ലീനിക്കല്‍' ആയിരുന്നല്ലോ ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം. മധ്യനിരയിലെ താളപ്പിഴകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സുശക്തര്‍. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായി ഉയര്‍ന്ന നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിധി ഒരിക്കല്‍ക്കൂടി മാറ്റിയെഴുതുമെന്ന് തോന്നിച്ചു. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ സഖ്യം അടിയുറച്ചതോടെ ലോകകപ്പ് എന്ന വലിയ സ്വപ്‌നം ഇന്ത്യന്‍ ആരാധകര്‍ അടുത്തറിഞ്ഞിരുന്നു. തുറന്നുപറഞ്ഞാല്‍ കരുത്തരില്‍ കരുത്തരായി ഇന്ത്യന്‍ ടീം മാറി. 

ജൂലൈ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കിരീടമെന്ന മോഹം അത്ര അകലെയായിരുന്നില്ല ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയെ ആധികാരികമായി ആറുവിക്കറ്റിന് തകര്‍ത്ത് ആദ്യചുവട് ഇന്ത്യ ഗംഭീരമാക്കി. എങ്കിലും മധ്യനിരയുടെ ചാഞ്ചാട്ടം എവിടെയെക്കെയോ ഇന്ത്യയെ പിന്നോട്ടടിച്ചിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ കരുത്തരായ ഓസ്‌ട്രേലിയയും വെസ്റ്റ്ഇന്‍ഡീസും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെ ഇന്ത്യന്‍ വീര്യത്തിനുമുന്നില്‍ മുട്ടുമടക്കി. ചിരവൈരികളായ പാക്കിസ്ഥാനെതിരായ മത്സരം ഈ ലോകകപ്പിലെ ആവേശം നിറഞ്ഞ മത്സരമായിമാറി. പാക്കിസ്ഥാനുമുന്നില്‍ കീഴടങ്ങില്ലെന്ന ഇന്ത്യയുടെ ചരിത്രം ഒരിക്കല്‍ക്കൂടി കോഹ്‌ലിയും സംഘവും ആണിയടിച്ച് ഉറപ്പിച്ചു. ഇംഗ്ലണ്ടിനോടേറ്റ 31 റണ്‍സിന്റെ തോല്‍വി ഒഴിച്ചാല്‍ സുന്ദരമായിരുന്നു ആദ്യറൗണ്ടില്‍ ഇന്ത്യയുടെ പ്രകടനം. ഓസ്‌ട്രേലിയെയും ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയും പിന്തള്ളി റോബിന്‍ റൗണ്ട് അടിസ്ഥാനത്തില്‍ കളിച്ച ആദ്യറൗണ്ടില്‍ ഇന്ത്യ ഒന്നാംസ്ഥാനം പിടിച്ചെടുത്തു. 'ഒമ്പത് മത്സരങ്ങള്‍ നന്നായി കളിച്ചു. പത്താമത്തെ മത്സരത്തിലെ നാലുമണിക്കൂര്‍മാത്രം നേരിട്ട പിഴവാണ് ലോകകപ്പില്‍ ഞങ്ങളെ തകര്‍ത്തുകളഞ്ഞത്'. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഈ വാക്കുകള്‍ക്ക് ഇന്ന് പൊന്നുവിലയുണ്ട്. 

തോല്‍വിയുടെ നിരാശയിലും ഓര്‍ത്തുവയ്ക്കാന്‍ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ബാക്കിയാക്കിയാണ് ഇന്ത്യന്‍ ടീം കളംവിടുന്നത്. രോഹിത് ശര്‍മയെന്ന ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാന്റെ വിശ്വരൂപം ലോകവേദി കണ്ടറിഞ്ഞു. ചിലര്‍ അത് കളത്തില്‍ കൊണ്ടറിയുകയും ചെയ്തു. രോഹിത് ഈ ലോകകപ്പില്‍ അടിച്ചുകൂട്ടിയത് അഞ്ച് സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും അടക്കം 648 റണ്‍സ്. ഒരു ലോകകപ്പില്‍, കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. സെഞ്ചുറികളുടെ വലിയ നിരയില്ലെങ്കിലും വിരാട് കോഹ്‌ലിയും ലോകകപ്പ് അവിസ്മരണീയമാക്കി. ലോകത്തെ ഏറ്റവും മികച്ച പേസ്ബൗളര്‍ താനാണെന്ന് അടിവരയിടുന്നതായി ജസ്പ്രീത് ബുംറയുടെ പ്രകടനം. ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചില്‍ ബംറയും ഭുവിയും പന്തുകൊണ്ട് വിസ്മയം തീര്‍ത്തു. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീം എങ്ങനെയാകണമെന്നും ഇടക്കൊക്കെ ഇന്ത്യയുടെ യുവതാരങ്ങള്‍ കാട്ടിതന്നു. അത്ര യുവത്വത്തിലല്ലെങ്കിലും ഫീല്‍ഡര്‍മാരുടെ രാജപട്ടം ഇന്ത്യയുടെ സ്വന്തം രവീന്ദ്ര ജഡേജ അരയില്‍ കെട്ടിമുറുക്കി.  

നാലാം നമ്പറില്‍ ത്രീ ഡയമെന്‍ഷന്‍ എന്ന ഓമന പേരില്‍ കൊണ്ടുവന്ന വിജയ് ശങ്കര്‍ ടീമിന് ബാധ്യതയായതിനും ഈ ലോകകപ്പ് സാക്ഷിയായി. ഋഷഭ് പന്തിനെയും അമ്പാട്ടി റായ്ഡുവിനെയും ഒഴിവാക്കിയായിരുന്നു വിജയ് ശങ്കര്‍ അവരോധിക്കപ്പെട്ടത്. മികച്ച താരങ്ങള്‍ ഒരുപാടുണ്ടായിട്ടും നാലാം നമ്പറിനായി ശങ്കറിന്റെ പിറകെ പോയതിന് ബിസിസിഐ മറുപടി പറയേണ്ടിവരുമെന്ന് ഉറപ്പ്. കഴിവില്‍ ആരുടെയും പിന്നിലല്ലാത്ത കളിയഴകില്‍ പലരുടെയും മുന്നിലുള്ള രഹാനെയെ പോലുള്ളവരുടെ കരിയര്‍ നശിപ്പിച്ചതിനും ബിസിസിഐ മാത്രമാണ് ഉത്തരവാദി. 

തോല്‍വി മുന്നില്‍ കണ്ടപ്പോഴെല്ലാം ടീമിന് കരുത്തായിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും ഈ ലോകകപ്പിന്റെ വികാരമായി മാറി. ഒരിക്കല്‍ക്കൂടി ധോണി കിരീടം ഉയര്‍ത്തുന്ന മുഹൂര്‍ത്തം ഇന്ത്യന്‍ ജനത മനസ്സില്‍ കണ്ടിരുന്നു. എന്നാല്‍ കളിതീരാന്‍ ഒരോവര്‍ ബാക്കിനില്‍ക്കെ പ്രതീക്ഷകളുടെ വലിയ കൂമ്പാരം ഇന്ത്യ തട്ടിതാഴെയിട്ടു. ഗുപ്റ്റിലിന്റെ കാടന്‍ത്രോയ്ക്ക് ധോണിയുടെ ബാറ്റിനെക്കാള്‍ വേഗതയുണ്ടെന്ന് തോന്നിച്ച നിമിഷം. ഓടിയെത്താന്‍ തന്നെക്കാള്‍ മികച്ചവന്‍ വേറെയില്ലെന്ന് പലകുറി തെളിയിച്ച പഴയ ക്യാപ്റ്റന്‍ കൂളിന് ഇക്കുറി കാലിടറി. കൂടെ 130 കോടി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകളും. 'സമ്മര്‍ദങ്ങളില്‍ സൗന്ദര്യം വിരിയിക്കുന്നവന്‍ ഇതിഹാസം.' അതെ ധോണി ഇതിഹാസമാണ്. പലകുറി അസാധ്യം സാധ്യമാക്കി ഇന്ത്യയെ കരക്കടുപ്പിച്ചവന്‍. ആ ബാറ്റ് ചലിക്കുംവരെ കൂടെനില്‍ക്കാന്‍ വലിയ കൂട്ടം പിന്നിലുണ്ടാകും.

ഇനി അടുത്തതവണ. ആരൊക്കെ ഒപ്പമുണ്ടാകുമെന്ന് അറിയില്ല. എങ്കിലും ഒന്നുറപ്പിക്കാം. ഇത് ഇന്ത്യയാണ്, വിജയം ശീലമാക്കിയവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.