വക്കീലന്മാര്‍ ജഡ്ജിയെ പൂട്ടുമ്പോള്‍

Monday 2 December 2019 4:00 am IST

ഭിഭാഷകവൃത്തി മാന്യമായ തൊഴിലാണ്. അതിനാല്‍ വക്കീലന്മാര്‍ക്ക് സമൂഹത്തില്‍ നല്ല സ്ഥാനവും കിട്ടി. സാമൂഹ്യ ബോധം ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചിരുന്ന തൊഴില്‍ സമൂഹമാണ് അഭിഭാഷകരെന്നു പറഞ്ഞാലും തെറ്റില്ല. ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെയുള്ള നിര്‍ണായക സംഭവങ്ങളില്‍ സജീവ പങ്ക് വഹിച്ചത് അഭിഭാഷകരായിരുന്നു. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വക്കീല്‍ പണി ഉപേക്ഷിച്ച് സമരത്തിനിറങ്ങിയവരാണ്. ഇന്നും കേന്ദ്രത്തിലും കേരളത്തിലും നിയമനിര്‍മാതാക്കളായ പലരും അഭിഭാഷക ജോലിയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയവരാണ്.

ഒരു കക്ഷിക്കുവേണ്ടി ഏതെങ്കിലും കോടതിയില്‍ ഹാജരായി വാദം നടത്തുന്നതിന് തൊഴില്‍പരമായ യോഗ്യതയും അധികാരവും വൈദഗ്ദ്ധ്യവും സിദ്ധിച്ചിട്ടുള്ള വൃക്തിയാണ് അഭിഭാഷകന്‍. ഇതിനുവേണ്ടിയുള്ള വക്കാലത്ത് അഥവാ അധികാരപത്രം കക്ഷിതന്നെ  അഭിഭാഷകന്റെ മുമ്പില്‍ ഹാജരായി ഒപ്പിട്ടു സമര്‍പ്പിക്കുന്നു. അഭിഭാഷകന്റെ പ്രാഥമിക കര്‍ത്തവ്യം അയാളുടെ നിയമ പരിജ്ഞാനത്തെ നിശ്ചിതമായിട്ടുള്ള കേസുകളില്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയെന്നതാണ്. അഭിഭാഷകന്‍ തന്റെ കക്ഷിയുടെ സഹായത്തോടുകൂടി കേസിന്റെ വസ്തുതകള്‍ മനസ്സിലാക്കി, തെളിവുകള്‍ക്ക് സാക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടും, രേഖകള്‍ പരിശോധിച്ചും വാദമുഖങ്ങള്‍ തയാറാക്കി കോടതി മുന്‍പാകെ സമര്‍പ്പിക്കുന്നു. കേസുകള്‍ വിസ്തരിക്കപ്പെടുമ്പോള്‍ തന്റെ കേസിനുപോദ്ബലകമായ തെളിവുകള്‍ അവതരിപ്പിക്കുകയും, മറുഭാഗത്തുനിന്നും വരുന്ന തെളിവുകളെ എതിര്‍ക്കുകയും, നിയമപരവും വസ്തുതാപരവുമായ കാര്യങ്ങളിന്‍മേല്‍ വാദം നടത്തുകയുമാണ് അഭിഭാഷകന്റെ ധര്‍മ്മം.

എന്നാല്‍ ധര്‍മ്മം മറന്ന് അഭിഭാഷകര്‍ ഗുണ്ടാ സംഘമായി മാറിയിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല.  അതിന്റെ ഒടുവിലത്തെ കാഴ്ചയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതില്‍ കണ്ടത്. നാട്ടൂകാരോടും പോലീസിനോടും മാധ്യമ പ്രവര്‍ത്തകരോടുമൊക്കെ മാന്യതയില്ലാതെ പെരുമാറിയ വക്കീലന്മാര്‍ എന്നും തങ്ങള്‍ക്ക് തണലായി നിന്നിട്ടുള്ള ജഡ്ജിമാര്‍ക്കെതിരെയും തനിനിറം കാട്ടിയിരിക്കുകയാണ്. മജിസ്‌ട്രേറ്റിനെ കോടതി മുറിയില്‍ പൂട്ടിയിട്ടു. കേട്ടാലറയ്ക്കുന്ന അസഭ്യങ്ങളും പറഞ്ഞു. മജിസ്‌ട്രേറ്റുതന്നെ പരാതി പറഞ്ഞതിനെതുടര്‍ന്ന് ഇവര്‍ക്കെതിരെ, ഹൈക്കോടതി ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 

രണ്ടു വര്‍ഷം മുന്‍പ് ഹൈക്കോടതിയിലും ജില്ലാ കോടതികളിലും മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തല്ലിയോടിക്കുന്നതിന്റെ ചിത്രങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ല. സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് ചരമകുറിപ്പ് പ്രഖ്യാപിച്ച് വക്കീലന്മാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇതേവരെ മാറിയിട്ടില്ല. അന്ന് മര്യാദയില്ലാത്ത വക്കീലന്മാരുടെ അഴിഞ്ഞാട്ടത്തിന് വക്കാലത്തെടുക്കുകയായിരുന്നു ജില്ലയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍. ദല്‍ഹില്‍ പോലീസുമായി അഭിഭാഷകര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടപ്പോഴും പൊലീസുകാരാണ് കുറ്റക്കാരെന്നു വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് വാദമോ തെളിവോ വേണ്ടിവന്നില്ല.

എന്നാലിപ്പോള്‍ കൊത്തികൊത്തി മുറത്തില്‍ കയറി കൊത്തുന്ന സാഹചര്യമാണ് തിരുവനന്തപുരത്തെ വക്കീലന്മാര്‍ ചെയ്തത്. പ്രഖ്യാപിച്ച വിധി തെറ്റെന്നു പറഞ്ഞ് വനിതാ മജിസ്‌ട്രേറ്റിനെതിരെ തനിനിറം കാണിക്കുകയായിരുന്നു അഭിഭാഷകര്‍. കെഎസ്്ആര്‍ടിസി ബസ് ബ്രേക്ക് ഇട്ടപ്പോള്‍ സീറ്റില്‍ തലമുട്ടിയതിന് സ്ത്രീ  നല്‍കിയ കേസില്‍ ഡ്രൈവറെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടതാണ് പ്രകോപനമായത്്. അതും വാദ പ്രതിവാദമൊന്നുമില്ലാതെ നല്‍കിയിരുന്ന ജാമ്യം റദ്ദാക്കി. സാധാരണ പെറ്റി ചുമത്തി വിടുന്ന കേസില്‍ ഇത്തരമൊരു ഉത്തരവിട്ടത്് മജിസ്‌ട്രേറ്റിന്റെ അപക്വതയോ അറിവില്ലായ്മയോ ആകാം. തെറ്റു ചൂണ്ടാക്കാണിക്കാന്‍ ചെന്ന അഭിഭാഷക സംഘടനാ നേതാക്കളേയും മജിസ്‌ട്രേറ്റ്് ആക്ഷേപിച്ചെങ്കില്‍ അതും അപലപനീയമാണ്. ജില്ലാ ജഡ്ജി നടപടിക്രമങ്ങളെല്ലാം മാറ്റി വെച്ച് മജിസ്‌ട്രേറ്റിന്റെ  വിധി അന്നുതന്നെ അസ്ഥിരപ്പെടുത്തിയപ്പോള്‍ പ്രശ്‌നം തീരേണ്ടതാണ്. ജൂഡിഷല്‍ ഓഫീസര്‍മാരുടെ സംഘടന വിഷയം ഏറ്റെടുത്ത് ഹൈക്കോടതിയിലെത്തി. വക്കീലന്മാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്സെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. മജിസ്‌ട്രേറ്റിനെ മാറ്റണമെന്നാവശ്യപ്പെട്ട്് അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. വക്കീലന്മാരില്ലാത്ത കോടതിയില്‍ കേസുകള്‍ തീര്‍പ്പാക്കുകയാണ് മജിസ്‌ട്രേറ്റ്്.   അധികാര -അഭിമാന പോരാട്ടത്തില്‍ അവകാശം നിഷേധിക്കപ്പെടുന്നത് പാവം കക്ഷികളുടേതാണ്. അഭിഭാഷകര്‍ക്കോ ജഡ്ജിമാര്‍ക്കോ നഷ്ടമൊന്നും വരില്ലായിരിക്കാം. പക്വതയില്ലാത്ത ജഡ്ജിമാരും ആവേശരാമന്മാരായ അഭിഭാഷകരും നശിപ്പിക്കുന്നത് ജുഡീഷറിയുടെ വിശ്വാസമാണെന്ന് ഓര്‍ത്താല്‍ നന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.