പി.ടി. ഉമ്മര്‍കോയയെ ഓര്‍ക്കുമ്പോള്‍

Wednesday 15 January 2020 5:23 am IST
ഇന്നലെ അന്തരിച്ച ഫിഡെ മുന്‍ വൈസ് പ്രസിഡന്റ് പി.ടി. ഉമ്മര്‍കോയയെ മിസ്സോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അനുസ്മരിക്കുന്നു
"പി.ടി. ഉമ്മര്‍കോയ"

ന്ത്യന്‍ ചെസ്സിന് ലോക ഭൂപടത്തില്‍ മികച്ച സ്ഥാനം നേടിയെടുക്കുന്നതില്‍ പി.ടി. ഉമ്മര്‍കോയയോളം അധ്വാനിക്കുകയും സംഭാവനകളര്‍പ്പിക്കുകയും ചെയ്ത മറ്റൊരാളുമുണ്ടാകില്ല. കോഴിക്കോട് സര്‍വകലാശാലയിലെ ഒരു സാധാരണ ജീവനക്കാരനായിരുന്ന അദ്ദേഹം കഠിനാദ്ധ്വാനവും സ്‌പോര്‍ട്‌സ് മേഖലയ്ക്കു വേണ്ടിയുള്ള സമര്‍പ്പിത ജീവിതവും കൊണ്ട് ലോക ചെസ് ഫെഡറേഷന്റെ കരുത്തനായ നേതാക്കളില്‍ ഒരാളായിത്തീരുകയാണുണ്ടായത്.

ഇന്ത്യന്‍ ചെസ് ഫെഡറേഷന്റെ അഖിലേന്ത്യാ സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച ഉമ്മര്‍കോയ, ലോക ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായ ആദ്യ ഭാരതീയനുമായിരുന്നു. ഇന്ത്യന്‍ ചെസ് മേഖല ആദ്യമായി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയതും ആദ്യ ചെസ് അക്കാദമി കോഴിക്കോട് ആരംഭിച്ചതും അദ്ദേഹത്തിന്റെ മികച്ച സംഭാവനകളായിരുന്നു. ഇന്ത്യയിലെ ചെസ് നഗരം എന്നറിയപ്പെടുന്ന നിലയിലേക്ക് കോഴിക്കോടിനെ അദ്ദേഹം ഉയര്‍ത്തി.

കായിക മേഖല കണ്ട മികച്ച സംഘാടകരില്‍ ഒരാളായ ഉമ്മര്‍ കോയ വര്‍ത്തമാന-ഭാവി തലമുറകള്‍ക്ക് സാധനാ പാഠമാകേണ്ട ഒട്ടേറെ മാതൃകാ കാര്യങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ്.

അഖിലേന്ത്യാ ചെസ് ഫെഡറേഷന്റെ ഉപദേശകനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ കാലത്ത് എനിക്ക് കഴിഞ്ഞിരുന്നു. ഉമ്മര്‍ കോയയുടെ കഴിവിന്റെ ഉരുക്കു മൂശയിലൂടെ വാര്‍ത്തെടുക്കപ്പെട്ട ഒട്ടേറെ ചെസ് താരങ്ങള്‍ സ്‌പോര്‍ട്‌സ് മേഖലയ്ക്ക് ഇപ്പോഴും കരുത്തുറ്റ മുതല്‍ക്കൂട്ട് തന്നെയാണ്.

പി.ടി. ഉമ്മര്‍ കോയയുടെ നിര്യാണത്തില്‍ സ്‌പോര്‍സ് മേഖലയ്ക്കും നാടിനുമുണ്ടായ നഷ്ടത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.