ഭീകരര്‍ പടി കടന്നെത്തുമ്പോള്‍

Monday 20 January 2020 5:15 am IST
ഭീകരവാദം അവസാനം കേരളത്തിലേക്ക് പടികടന്നെത്തി. അതാണ് നാം കളിയിക്കാവിളയില്‍ കണ്ടത്. ഈ അക്രമം നിസ്സാരമായി കാണേണ്ടതല്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒന്നിച്ചിരുന്ന് ഒരേ മനസ്സോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. വോട്ടിനുവേണ്ടി ചില മത ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ വഴിവിട്ട് ചിലര്‍ പലതും ചെയ്യുന്നുണ്ടാവാം. എന്നാലിത് ഒരിക്കലും രാജ്യസുരക്ഷയെ ബാധിക്കുന്ന നിലയിലേക്ക് എത്തിപ്പെട്ടുകൂടാ

ഭീകരവാദം അവസാനം കേരളത്തിലേക്ക് പടി കടന്നെത്തി. അതാണ് നാം കളിയിക്കാവിളയില്‍ കണ്ടത്. തമിഴ്നാട് പോലീസ് ഇന്‍സ്പെക്ടര്‍ അവിടെ കൊല്ലപ്പെട്ടത് ഇസ്ലാമിക ഭീകരരാലാണ് എന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു. ആരൊക്കെയാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത് എന്നത് സംബന്ധിച്ചും ധാരണയുണ്ടായിരുന്നു. അവരൊക്കെ പിടിയിലായിട്ടുണ്ട്. ഈ അക്രമം നിസാരമായി കാണേണ്ട കാര്യമല്ല, മറിച്ച് സുരക്ഷാ ദൃഷ്ടിയിലും മറ്റെല്ലാവിധത്തിലും കേരളത്തിന് ഒരു മുന്നറിയിപ്പാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒന്നിച്ചിരുന്ന് ഒരേ മനസ്സോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. വോട്ടിനുവേണ്ടി ചില മത ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ പലരും വഴിവിട്ട് പലതും ചെയ്യുന്നുണ്ടാവാം. എന്നാലത് ഒരിക്കലും രാജ്യസുരക്ഷയെ ബാധിക്കുന്ന നിലയിലേക്ക് എത്തിപ്പെട്ടുകൂടാ. ഇക്കാര്യത്തില്‍ കേന്ദ്രം എന്നും ഭാവാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ഈ വിധത്തില്‍ വഴി തെറ്റാനിടയുള്ള ചെറുപ്പക്കാരെ കണ്ടെത്തി അവരെ നേരായ പാതയിലേക്ക് നയിക്കാനുള്ള ഉദ്യമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തി. 

തീവ്രവാദവും ഭീകരവാദവുമൊക്കെ വളരുന്ന കാലഘട്ടത്തില്‍ പലപ്പോഴും കേരളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഐഎസിലേക്ക് കേരളത്തില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടന്നത്, ഭീകരര്‍ക്കായി  ഇവിടെ പരിശീലന ക്യാമ്പുകള്‍ നടന്നത്, കേരളം ആസ്ഥാനമായുള്ള കുറെ മത മൗലികവാദ പ്രസ്ഥാനങ്ങള്‍ ഐഎസ് അടക്കമുള്ള പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിച്ചത്, കശ്മീരിലേക്ക് യുവാക്കളെ അയച്ചത്, പീസ് സ്‌കൂളുകള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍, സാക്കിര്‍ നായിക്കിന്റെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തികളുടെ കേന്ദ്രമായി കേരളം മാറിയത്. അതൊക്കെ ചെറിയ പ്രശ്‌നങ്ങളല്ലല്ലോ. കേരളത്തില്‍ തീവ്രവാദം വളരുന്നു എന്നുള്ള വസ്തുത അംഗീകരിക്കപ്പെട്ടത് അങ്ങനെയൊക്കെയാണ്. ഇക്കാര്യം  ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടത് ആ പശ്ചാത്തലത്തിലാണ്.

അടുത്തിടെ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒആര്‍എഫ്) നടത്തിയ ആഗോള പഠനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കപ്പെട്ടിരുന്നു. ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ എന്തുകൊണ്ട് ഐഎസിന് വേരോട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് അതിലവര്‍ പരിശോധിക്കുന്നത്. പൊതുവെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍, ഐഎസിലേക്ക് കുറച്ചുപേരെ കണ്ടെത്താന്‍ കഴിഞ്ഞത് കേരളത്തില്‍ നിന്ന് മാത്രമാണ്. അതും ഏതാണ്ട് 60-70 ഐഎസ് അനുകൂല കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം എന്തുകൊണ്ടാണ് ഐഎസിന് കേരളത്തില്‍ പ്രതീക്ഷിച്ച വേരോട്ടമുണ്ടാവാത്തത് എന്ന് അവര്‍ വിലയിരുത്തുന്നുണ്ട്. ഇവിടത്തെ രാഷ്ട്രീയവും സാമുദായികവുമായ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണ് എന്നവര്‍ കാണുന്നു. 2014-18 കാലഘട്ടത്തില്‍ 180-200 'സംഭവങ്ങള്‍' ഉണ്ടായിട്ടുണ്ട്, അവര്‍ പറയുന്നു. അവിടെനിന്ന് മുന്നോട്ട് പോകേണ്ടതിനെക്കുറിച്ച് ഐഎസ് ചര്‍ച്ചചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. രാജ്യത്തെ മുസ്ലിം ജനസംഖ്യ നോക്കുമ്പോള്‍ അത് നിസാരമായിരിക്കാം. പക്ഷെ, തന്ത്രപരമായി അത് വലിയ മുന്നേറ്റമാണ് എന്നതാണത്രേ അവരുടെ പഠനം.    

ഭീകരരുടെ മനഃപരിവര്‍ത്തനം മോദി ലക്ഷ്യമിട്ടപ്പോള്‍

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടല്ലോ. അവര്‍ പറയുന്നത് 155 ഐഎസ് കേസുകളാണ് ഉയര്‍ന്നത് എന്നാണ്. 2019 മാര്‍ച്ച് മുതല്‍ ഇതുസംബന്ധിച്ച് ഗവേഷണ സെല്ലും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഇസ്ലാമിക ഭീകരവാദ പാതയിലേക്ക് നീങ്ങുന്നവരെ കണ്ടെത്താനും അവരെ പിന്തിരിപ്പിക്കാനുമൊക്കെ ശ്രമം നടന്നത് ആ സെല്ലിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇസ്ലാമിക ഭീകരതയെ വെറുതെ ആക്ഷേപിക്കുകയാണ്, മുസ്ലിം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടുക്കുകയാണ്, അവരെ തീവ്രവാദികളായി മുദ്രകുത്തുകയാണ് എന്നൊക്കെ പറഞ്ഞുനടക്കുന്നവരുണ്ടല്ലോ. ശരിയാണ്, ഭീകരതയെ ശക്തമായി നേരിടുന്ന നിലപാടാണ്  ഈ സര്‍ക്കാരിന്റേത്. എന്നാല്‍ അതേ നിലപാട് തന്നെയാണ് ഭീകരവാദത്തിന്റെ വലയിലകപ്പെടുന്ന യുവാക്കള്‍ക്കായി ചില മനപരിവര്‍ത്തന ശ്രമങ്ങള്‍ സര്‍ക്കാരും വിവിധ ഏജന്‍സികളും മുന്‍കൈയെടുത്ത് നടത്തിയത് അല്ലെങ്കില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഭീകര വലയത്തില്‍ പെട്ടവരൊക്കെ മുസ്ലിം ചെറുപ്പക്കാരായിരുന്നു എന്നതും ഓര്‍ക്കുക. തിരിച്ചറിയപ്പെട്ട ഏറ്റവുമധികം പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്, 118 പേര്‍. മലപ്പുറത്ത് 89, കാസര്‍ഗോഡ് 66 എന്നിങ്ങനെയാണ് ആ കണക്ക്. കേരളത്തിലൊട്ടാകെ അത് ഏതാണ്ട് 350-ഓളമായിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍, കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ എന്നിവയൊക്കെ നിരീക്ഷിച്ചിട്ടാണ് അവരെ കണ്ടെത്തിയത്. അതിനുശേഷം അവരെ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടയ്ക്കുകയോ അല്ല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ തന്നെ അവരെ തിരുത്താന്‍ ശ്രമിച്ചു. എന്നിട്ട് നടക്കാതെ വന്ന കേസുകളില്‍ അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മതപുരോഹിതര്‍, മതനേതാക്കള്‍ എന്നിവരെ ഉപയോഗിച്ച് ഈ ചെറുപ്പക്കാരെയൊക്കെ ഇതില്‍നിന്ന് പിന്മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. ഐഎസിന്റെ വലയിലകപ്പെട്ടാലത്തെ അപകടം അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. ഇത് കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ട്, കശ്മീരില്‍ പോലും. നല്ല ഫലമുണ്ടാക്കി എന്നതാണ് വിലയിരുത്തേണ്ടത്.  

എന്നാല്‍ അതുകൊണ്ടൊക്കെ തീരുന്ന പ്രശ്‌നമല്ല ഇത് എന്നത് നാം ഓര്‍ക്കണം. കേരളത്തെ കേന്ദ്രീകരിച്ചു കൊണ്ട് പലതും നടത്താന്‍ ഇന്നും തീവ്രവാദികള്‍ക്കാവുന്നുണ്ട്. അടുത്ത കാലത്ത് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഒരു സ്‌ഫോടന പരമ്പര നടന്നതോര്‍ക്കുക. അതിന്റെ അന്വേഷണവും എത്തിപ്പെട്ടത് കേരളത്തിന്റെ മണ്ണിലാണ്, പാലക്കാട്. ഇത് മുന്‍പും ചര്‍ച്ച ചെയ്ത വിഷയമാണ്. ആഗോള ഭീകര ബന്ധങ്ങള്‍ ചില മലയാളികള്‍ ഇപ്പോഴും സൂക്ഷിക്കുന്നു എന്നും അത് ഭീകര പരമ്പരയുടെ ഭാഗമായിട്ടാണ് എന്നതുമാണ്. 'പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരുമായി ചേരുന്നതിനുള്ള ആത്മീയ യാത്ര'യായിട്ടാണ് അവര്‍ അതിനെ വിവക്ഷിക്കുന്നത്. അതൊക്കെ പറഞ്ഞാണ് ഐഎസിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത് എന്നര്‍ത്ഥം. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള ഇന്ത്യക്കാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ബെംഗളൂരു ഐടി മേഖലയില്‍ നിന്ന് ഇന്നിപ്പോള്‍ വിദേശങ്ങളിലെത്തിയ ചിലരും അതുമായി സഹകരിക്കുന്നു. അവരൊക്കെയാണ് സിറിയയിലേക്കും മറ്റും ഇവരെ എത്തിക്കാന്‍ സഹായിക്കുന്നത്. ആ കേന്ദ്രങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. അതാത് രാജ്യങ്ങളുമായും ഇന്ത്യ ഈ ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഈ ഉദ്യമങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ട്. 

പൗരത്വ സമരവും ഭീകര ചിന്തയും  

പൗരത്വ നിയമ വിരുദ്ധ സമരങ്ങളുമായി ഇത്തരം ശക്തികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? സ്വാഭാവികമായും ഉയരുന്ന സംശയമാണ്.  'ഉണ്ട്' എന്നതാണ് അടിവരയിട്ടു പറയേണ്ടത്. പ്രത്യക്ഷത്തില്‍ തന്നെ അത് ജാമിയ മിലിയയിലും മംഗലാപുരത്തും യുപിയിലും കണ്ടതാണല്ലോ. നരേന്ദ്ര മോദി സര്‍ക്കാരി

നും ബിജെപിക്കുമെതിരായ രാഷ്ട്രീയ സമരത്തിന് പ്രതിപക്ഷം ഉപയോഗിച്ചത് പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമത്തെയാണ്. ഈ അവസരം ഉപയോഗിച്ചുകൊണ്ട് നഷ്ടപ്പെട്ട മുസ്ലിം വോട്ടുകള്‍ വീണ്ടെടുക്കാനാവുമെന്ന് ഒരുകൂട്ടര്‍ കരുതിയപ്പോള്‍, അതങ്ങനെ വിട്ടുകൊടുത്തുകൂടാ എന്ന് പ്രതിപക്ഷത്തെ തന്നെ മറ്റൊരു കൂട്ടര്‍ ചിന്തിച്ചു. അതാണിപ്പോള്‍ തെരുവിലും കോടതികളിലും വിരലിലെണ്ണാവുന്ന കാമ്പസുകളിലും നടക്കുന്നത്. ഒരുതരം ചക്കളത്തി പോരാട്ടം. 

മുസ്ലിം പള്ളികളെയൊക്കെ രാജ്യവിരുദ്ധ സമരത്തിന്റെ കേന്ദ്രമാക്കുന്നത് ഗുണകരമാവുമോ എന്നവര്‍ ചിന്തിച്ചതേയില്ല. അല്ലെങ്കില്‍ എന്ത് സംഭവിച്ചാലും രാഷ്ട്രീയ നേട്ടമാണ് വലുതെന്ന് അവര്‍ കരുതി. എന്നാല്‍ അത് അഖിലേന്ത്യ സമരമാണെന്നും രാജ്യം സ്തംഭിച്ചു എന്നുമൊക്കെയാണ് ചിലര്‍ പറഞ്ഞുനടക്കുന്നത്. രാജ്യത്ത് ഇന്നിപ്പോള്‍ ഏതാണ്ട് എണ്ണൂറോളം സര്‍വ്വകലാശാലകളും 38,000 അംഗീകൃത കോളേജുകളും 11,500 സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അതില്‍ വിരലിലെണ്ണാവുന്നവയിലാണ് സമരം നടക്കുന്നത്. ആ സ്ഥാപനങ്ങള്‍ നോക്കിയാല്‍ അതിന്റെ 'നിറം' വ്യക്തമാവുകയും ചെയ്യും. 

ദല്‍ഹിയില്‍ ഒരിടത്ത് കുറെ സ്ത്രീകളെ ഇറക്കി നടത്തുന്ന സമരത്തിനെത്തുന്നവര്‍ക്ക് നിത്യേന പണം കൊടുക്കേണ്ടതും കമ്പിളി വസ്ത്രങ്ങളും ബിരിയാണിയും മറ്റുമെത്തിക്കുന്നതും ഒക്കെ ഇതിനകം പുറത്തുവന്നതാണല്ലോ. പച്ച നോട്ട് വാരിക്കൊടുത്തുകൊണ്ട് നടത്തുന്ന പ്രക്ഷോഭമാണിത് എന്നര്‍ത്ഥം. എന്നാല്‍ എല്ലാവരും ഓര്‍ക്കേണ്ടിയിരുന്നത്, ഇപ്പോള്‍ അവിടെയൊക്കെ ഉയര്‍ത്തപ്പെടുന്നതും ചില ഭരണാധികാരികള്‍ പിന്തുണയ്ക്കുന്നതുമായ രാജ്യവിരുദ്ധ പ്രകോപനങ്ങള്‍ ഇത്തരം ഭീകര വിധ്വംസക ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട് എന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.