നിയമം പറഞ്ഞ് മഹാസമാധിയും ശാരദാമഠവും നിങ്ങള്‍ പൊളിക്കുമോ? പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സ്വാമി വിശുദ്ധാനന്ദ

Wednesday 1 January 2020 5:40 am IST

ശിവഗിരി: നിയമത്തിന്റെ നൂലാമാലകള്‍ കാട്ടി ശിവഗിരിമഠത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയാണ് സര്‍ക്കാരെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. നിയമം പറഞ്ഞ് നിങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയും ശാരദാമഠവും മഹാസമാധി ഗൃഹവും പൊളിച്ച് കളയുമോയെന്നും സ്വാമി വിശുദ്ധാനന്ദ ചോദിച്ചു. തീര്‍ത്ഥാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കവെയാണ് പിണറായി സര്‍ക്കാരിന്റെ വഞ്ചനകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. 

ശിവഗിരി മഠത്തെ വെല്ലുവിളിക്കരുതെന്നും ജനപ്രതിനിധികള്‍ അവരുടെ കര്‍ത്തവ്യം ചെയ്തില്ലെങ്കില്‍ ശ്രീനാരായണീയര്‍ സംഘടിച്ച് കര്‍ത്തവ്യം ചെയ്യിക്കണമെന്നും ശ്രീനാരായണീയര്‍ സംഘടിക്കാതിരിക്കാന്‍ കൂട്ടായ ശ്രമം നടക്കുന്നുവെന്നും വിശുദ്ധാനന്ദ പറഞ്ഞു. തീര്‍ത്ഥാടന സമ്മേളനത്തിനുള്ള സ്ഥിരം ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തിന് മുന്‍സിപ്പാലിറ്റി അടക്കമുള്ള ചില കേന്ദ്രങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് തടസം നില്‍ക്കുന്നു. 

'നമുക്ക് ജാതിയില്ലാ' വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മ്യൂസിയം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 5.5 കോടി അനുവദിച്ചു. അതും മുടക്കി. മഹാസമാധിയുടെ നവതിയാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ച അന്നക്ഷേത്രയുടെ നിര്‍മ്മാണവും മുടക്കി. 

നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് രാഷ്ട്രീയക്കാര്‍ തടസവാദം ഉന്നയിക്കുകയാണ്. നൂലാമാലകള്‍ പറഞ്ഞ് വികസനം മുടക്കുന്നവര്‍ മഹാസമാധിക്കും ശാരദാമഠത്തിനും സമാധിഗൃഹത്തി

നും പ്ലാനും സ്‌കെച്ചും ഇല്ലെന്ന് പറഞ്ഞ് പൊളിച്ചുകളയുമോ അദ്ദേഹം ചോദിച്ചു. രാഷ്ട്രീയക്കാര്‍ സന്മനസ് കാണിക്കണം. അല്ലെങ്കില്‍ സന്മനസ് ഉണ്ടാക്കാന്‍ ഒന്നിച്ച് ചേരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. യാഥാര്‍ത്ഥ്യം പറയുമ്പോള്‍ അത് മതപരമായോ രാഷ്ട്രീയമായോ കാണരുത്. 

കര്‍ത്തവ്യം നിര്‍വഹിക്കേണ്ടവര്‍ അത് നിരാകരിക്കുമ്പോള്‍ നിര്‍വഹിപ്പിക്കുവാന്‍ നമുക്ക് കഴിയണം. നിയമങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തന്റെ പ്രവൃത്തി കൊണ്ട് വെല്ലുവിളിച്ചയാളാണ് ഗുരുദേവന്‍. അതേപാതയില്‍ അണിനിരക്കണമെന്നും വിശുദ്ധാനന്ദ പറഞ്ഞു.

ഗുരുവിന്റെ വചനങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളൊക്കെ ഗുരുവിന്റെ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ മതിയെന്നും സംഘടിക്കാന്‍ പാടില്ലെന്നും മത രാഷ്ട്രീയ സംഘടിത ശക്തികള്‍ പറയുന്നു. ശ്രീനാരായണീയ വിശ്വാസികള്‍ അന്യവത്കരിക്കപ്പെടുകയാണ്. വിവിധ രംഗങ്ങളില്‍ ശ്രീനാരായണീയ വിശ്വാസികള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കപ്പെടണം. 

ഇതിന് ഗുരുദേവ വിശ്വാസികള്‍ നിന്നുകൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അധികൃതര്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യമുണ്ട്.  

ക്ഷേത്രങ്ങള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ ചെന്നാലും ഇതാണ് സ്ഥിതി. ഇവിടത്തെ സാധാരണക്കാരില്‍ നിന്ന് കിട്ടുന്ന ധനം എവിടേക്ക് ഒഴുകിപ്പോകുന്നുവെന്നും വരുമാനം ആരുടെയൊക്കെയോ ഇരിക്കുന്നുവെന്നും നാം തിരിച്ചറിയണം. ഇതൊക്കെ പറയുമ്പോള്‍ തീ കൊളുത്തുകയാണെന്ന് ആരും വിചാരിക്കണ്ട. യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യമായി കാണണമെന്നും വിശുദ്ധാനന്ദ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.