വനിതാ തടവുകാര്‍ ജയില്‍ ചാടിയത് മുരിങ്ങ മരത്തിലൂടെ കയറി; ജാമ്യത്തിനിറങ്ങാന്‍ പണമില്ലാത്തതിനാല്‍ കൃത്യമായ ആസൂത്രണം നടത്തി; നാണക്കേടില്‍ ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം : ജാമ്യത്തിലിറങ്ങാന്‍ പണം ഇല്ലാത്തതിനാല്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും വിചാരണത്തടവുകാര്‍ പുറത്തു ചാടി. ശില്പ മോള്, സന്ധ്യ എന്നീ തടവുകാരാണ് ചൊവ്വാഴ്ച വൈകുന്നേരം അട്ടക്കുളങ്ങര ജയിലില്‍ നിന്നും ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതില് ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.
സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത്. ദിവസങ്ങള്‍ നീണ്ട ആസുത്രണത്തിനുശേഷമാണ് ഇരുവരും ജയില്‍ ചാടിയതെന്ന് പോലീസ് അറിയിച്ചു.
ദിവസങ്ങളെടുത്ത് തയ്യാറാക്കിയ പദ്ധതി സമയബന്ധിതമായി നടപ്പാക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജയില്‍ ചാടുന്നതിന് മുമ്പ് ശില്പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തിരുന്നു. ജയില്‍ ചാടിയശേഷം വേണ്ട സഹായങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനാണ് ഇവര്‍ ഫോണ്‍ ചെയ്തതെന്നാണ് കരുതുന്നത്.
പുറത്തിറക്കിയ തടവുകാരെ വൈകുന്നേരം തിരികെ സെല്ലില്‍ കയറ്റുന്ന സമയമായ 4:30ന് മുമ്പ് ശില്പമോളും സന്ധ്യയും കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തില്‍ കയറി മതിലിന്റെ മുകളിലെത്തുകയായിരുന്നു. സമയം കഴിഞ്ഞിട്ടും ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
ജയിലിന്റെ മതിലിനു പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടിയ ശേഷം ഓടി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പോലീസും ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും ഡിഐജി സന്തോഷ് കുമാറും അട്ടക്കുളങ്ങര ജയിലിലെത്തി.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തടവുകാരികള്‍ മുരിങ്ങമരത്തില്‍ കയറുന്നതിന്റേയും ഓട്ടോയില്‍ കയറി പോകുന്നതും കണ്ടെത്താനായത്. ജയില്‍ ശുചിമുറിയുടെ പിറകിലായി അധികമാരും ശ്രദ്ധിക്കാത്ത ഇടം നോക്കിയാണ് ഇരുവരും ജയില്‍ ചാടിയത്.
എന്നാല്‍ അടുക്കളത്തോട്ടത്തില്‍ മുരിങ്ങ മരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മതിലിന് ഉയരം കുറവാണെന്ന വിവരം ഇവര്‍ക്ക് കിട്ടിയത് ശില്പ ഫോണ്‍ വിളിച്ചയാളില്‍ നിന്നാണെന്ന് സംശയിക്കുന്നുണ്ട്. ഇയാളെപ്പറ്റി പോലീസിന് വിവരം കിട്ടിയതായി സൂചനയുണ്ട്. അതേസമയം തടവുകാരികള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല.