'അമ്മയുടെ മകനെ ഞാന്‍ വേദനിപ്പിക്കില്ല, തെറ്റുകളില്‍ നിന്ന് അവന്‍ പാഠം പഠിക്കട്ടെ'; ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കൈയേറ്റം ചെയ്ത മകനുവേണ്ടി മാപ്പ് അപേക്ഷിച്ച അമ്മയ്ക്ക് കേന്ദ്രമന്ത്രി നല്‍കിയ മറുപടി വൈറല്‍

Sunday 22 September 2019 3:29 pm IST

കൊല്‍ക്കത്ത: അമ്മയുടെ മകനെ ഞാന്‍ വേദനിപ്പിക്കില്ല, തെറ്റുകളില്‍ നിന്ന് അവന്‍ പാഠം പഠിക്കട്ടെ... അവനെ ഞാന്‍ ഒന്നും ചെയ്യില്ല. അമ്മയ്ക്ക് വേഗം രോഗം ഭേദമാകട്ടെ... സമൂഹ്യമാധ്യമങ്ങളില്‍ ഈ കുറിപ്പ് പടര്‍ന്നു കയറുന്നു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ ട്വിറ്റര്‍ പോസ്റ്റാണിത്.കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുപ്രിയോയെ നക്‌സലുകളും എസ്എഫ്‌ഐക്കാരും ചേര്‍ന്ന് കൈയേറ്റം ചെയ്തിരുന്നു. മുടിക്കു കുത്തിപ്പിടിച്ച് മര്‍ദിച്ചു, ഷര്‍ട്ട് വലിച്ചുകീറി. ഒടുവില്‍ ഗവര്‍ണറെത്തി കേന്ദ്രമന്ത്രിയെ രക്ഷിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 

ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മര്‍ദനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയുടെ അമ്മ തന്റെ മകനെ ഒന്നും ചെയ്യല്ലേയെന്ന് കരഞ്ഞു പറയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടുകയായിരുന്നു.  അവര്‍ ക്യാന്‍സര്‍ രോഗി കൂടിയാണ്. ഇതിനുള്ള പ്രതികരണമായാണ് സുപ്രിയോയുടെ പോസ്റ്റ്.  'ഞാന്‍ അവര്‍ക്കെതിരെ കേസ് കൊടുത്തിട്ടില്ല, ആരെക്കൊണ്ടും കൊടുപ്പിക്കില്ല. നിങ്ങള്‍ അതോര്‍ത്ത് വിഷമിക്കേണ്ട. അമ്മയ്ക്ക് രോഗം വേഗം ഭേദമാകട്ടെ... അദ്ദേഹം ട്വിറ്ററില്‍കുറിച്ചു. തന്നെ ആക്രമിച്ചവര്‍ ഭീരുക്കളാണെന്ന് മറ്റൊരു ട്വീറ്റില്‍ മന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.