ടുക്‌ഡേ ടുക്‌ഡേ ഗ്യാങ്ങിന് കനത്ത തിരിച്ചടി; ദല്‍ഹി പോലീസിന് നല്‍കിയ പ്രത്യേക അധികാരം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി; അക്രമമുണ്ടായാല്‍ അറസ്റ്റുണ്ടാകും

Friday 24 January 2020 1:22 pm IST

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന അതിരു കടന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വന്‍ ട്രാഫിക്ക് ബ്ലോക്കാണ് പലയിടങ്ങളിലും. ഇതു ജനങ്ങളുടെ വന്‍പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനു പരിഹാരം കാണാനായി ദല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രത്യേക കുറ്റങ്ങള്‍ ചെയ്യാതെ തന്നെ ആള്‍ക്കാരെ ഇനി ദല്‍ഹി പോലീസിനു കരുതല്‍ തടങ്കലില്‍ വയ്ക്കാം. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഉത്തരവിറങ്ങിയത്. ഈ നിയമത്തിനെതിരേയാണു എം.എല്‍. ശര്‍മ എന്ന അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് ജനങ്ങളെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ദല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. അക്രമമുണ്ടായാല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഇത്തരം വിഷങ്ങളില്‍ വെറുതേ ഉത്തരവിറക്കാന്‍ ആകില്ലെന്നും കോടതി. വ്യക്തിപരമായി നിയമലംഘനം ഉണ്ടായാല്‍ കോടതിയെ സമീപിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഏപ്രില്‍ 18 വരെയാണ് ദല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയത്. ദല്‍ഹി തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ് സമ്മേളനം എന്നിവ കൂടി കണക്കിലെടുത്തായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കം. നിയമപ്രകാരം കസ്റ്റഡിയില്‍ എടുക്കുന്നവരെ 12 മാസം വരെ പോലീസിനു കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സാധിക്കും. ജാമ്യം ലഭിക്കില്ല. മാത്രമല്ല, പത്തു ദിവസം എന്തിനാണ് അറസ്റ്റ് എന്നു പോലും കസ്റ്റഡിയില്‍ എടുത്തയാളെ അറിയിക്കേണ്ടതില്ല. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.