പോളണ്ടിനെക്കുറിച്ചിനി എന്തു മിണ്ടാനാണ്

Monday 25 June 2018 9:33 am IST

 
എം. സതീശൻ

പോളണ്ടിനെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടിപ്പോകരുതെന്നല്ലേ ? ഇനിയെന്ത് മിണ്ടാനാണ്. ഒന്നും ബാക്കിയില്ലാത്ത വിധം റഷ്യയിൽ പോളണ്ട് ശൂന്യമാക്കപ്പെട്ടിരിക്കുന്നു. നീലക്കുപ്പായത്തിൽ കൊളംബിയൻ വസന്തം .. എതിരില്ലാത്ത മൂന്ന് ഗോളിന് വിജയക്കുളമ്പടി. ആദ്യ മത്സരത്തിൽ ജാപ്പനീസ് തന്ത്രങ്ങളിൽ അടിപതറിയ കൊളംബിയ ആയിരുന്നില്ല ഇന്നലെ കളത്തിൽ ... കാർലോസ് വാൾഡറാമയുടെ ആ പഴയ കൊളംബിയ മടങ്ങി വന്നിരിക്കുന്നു. കഴിഞ്ഞ ലോകക്കപ്പിൽ പൊട്ടി മുളച്ച തകരയാണ് റോഡ്രിഗസ് എന്ന് ആരാണ് പരിഹസിച്ചത് ? അവർക്കു മുന്നിലൂടെ അവൻ മടങ്ങിയെത്തിയിരിക്കുന്നു. ... നാൽ പതാം മിനിട്ടിൽ യെറി മീന , എഴുപതിൽ ഫൽ കാവോ , എഴുപത്തഞ്ചിൽ ക്വാഡ്രാനോ.... പോളണ്ട് മറക്കില്ല ആ മൂന്ന് വെടിയുണ്ടകൾ ... റോഡ്രിഗസിന്റെ ഗതിവേഗങ്ങൾക്കൊപ്പം കൂട്ടുകാർ അല്പം കൂടി ഉയർന്നെങ്കിൽ പോളിഷ് വല നിറഞ്ഞേനെ.... ജപ്പാനെതിരെ കളിക്കുമ്പോൾ പേശിവലിവ് മൂലം പുറത്തു പോകേണ്ടി വന്ന ജെയിംസ് റോഡ്രിഗസിന്റെ മടങ്ങിവരവ് ഉജ്ജ്വലമായി. ഒന്നിന് പിന്നാലെ ഒന്നായി കൊളംബിയൻ തിരമാലകൾ പോളിഷ് തീരത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇടവേളകളില്ലാത്ത ആക്രമണം . പോളണ്ട് ആരാധകലോകം കണ്ണീരും മുറവിളിയുമായി കഴിഞ്ഞ തൊണ്ണൂറ് മിനിട്ട് നേരം...  'റോഡ്രിഗസ്, കൊല്ലിക്കയത്രേ നിനക്ക് രസമെടോ... എന്ന് പോളിഷ്  കളിയെഴുത്തുകാർ കുറിച്ചു വെച്ചിട്ടുണ്ടാകണം. ... ഇല്ല .. പോളണ്ടിനെ കുറിച്ച്  ഇനിയൊന്നും പറയാനില്ല....

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.