വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ റോഡില്‍ കുത്തിപ്പിടിച്ച് പിഴിയുന്ന പോലീസിന് എന്തുമാവാം; യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മോഡിഫൈ ചെയ്ത ബുള്ളറ്റുകളുമായി പോലീസുകാര്‍ നിരത്തില്‍

Tuesday 22 October 2019 5:35 pm IST

തൃശൂര്‍: പോലീസ് സ്മൃതിദിനാചരണത്തിന്റെ ഭാഗമായി തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന ബുള്ളറ്റ് റാലിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര ഓടിച്ചത് മോഡിഫൈ ചെയ്ത ബുള്ളറ്റ്. എന്‍ഫീല്‍ഡ് വാഹനനിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ബുള്ളറ്റില്‍ അലോയ് ടയറും എല്‍ഇഡി ബള്‍ബുകളും ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട കമ്മീഷ്ണര്‍ തന്നെ നിയമ ലംഘനം നടത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായികഴിഞ്ഞു. 

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന ഡിജിപിയുടെ ഉത്തരവാണ് കമ്മീഷണര്‍ കാറ്റില്‍ പറത്തിയത്. വാഹനനിര്‍മ്മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിങ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ലെന്നാണ് നിയമം. യൂണിഫോമണിഞ്ഞ പോലീസുകാര്‍ക്കൊപ്പം 40 കിലോമീറ്ററോളം നഗരം ചുറ്റിയ റാലിയില്‍ യതീഷ് ചന്ദ്രയും സിനിമാ നടന്‍ ടൊവീനോ തോമസും പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. 

200 ബുള്ളറ്റുകളിലായാണ് പോലീസുകാര്‍ റാലിയില്‍ അണിനിരന്നത്. ശബരിമലയിലടക്കം നിയമത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത ഓഫീസറെന്ന് മേനി നടിച്ചിരുന്നയാളാണ് നിയമലംഘനം നടത്തിയ യതീഷ് ചന്ദ്രയെന്നതാണ് പ്രത്യേകത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.