എല്ലാം നമ്മുടെ ഗാന്ധിജിക്ക്

Wednesday 9 October 2019 2:06 am IST

ഗാന്ധിജിയാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. മിസ്റ്റര്‍ ഗാന്ധി എന്നു വിളിച്ചവരും, ഗാന്ധിയെന്തു ചെയ്തു എന്ന് ചോദിച്ചവരും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഊറ്റം കൊള്ളുകയാണ്. പത്രത്തിന്റെ ഒന്നാം പേജ് നിറയെ ഗാന്ധിജിയുടെ അര്‍ധകായ ചിത്രം നല്‍കിയും ഉള്‍പ്പേജുകള്‍ നിറയെ സാഹിത്യം നിറച്ചും മിസ്റ്റര്‍ ഗാന്ധിയെന്നു വിളിച്ചവര്‍ ഇപ്പോള്‍ മനമുരുകി മുട്ടിപ്പായി പ്രാര്‍ഥിക്കുകയാണ്.

ഗാന്ധി എന്ന പേരുണ്ടെങ്കില്‍പോലും ലക്ഷങ്ങളുടെ പരസ്യം കൊടുക്കുന്നവരെ വശീകരിക്കാനുള്ള ടിപ്പണിയൊക്കെ നമുക്കു വശമത്രെയെന്ന് മൗനമായി പറയുന്നുണ്ട്. എക്കാലത്തെയും തേജസ്സുറ്റ ചൈതന്യമായ ഗാന്ധിജിയെ ചിലര്‍ക്കുമാത്രം കൈവശം വെക്കാനുള്ള കൗശലം അദ്ദേഹത്തിന്റെ 150-ാം ജന്മദിനവേളയില്‍ നാം കണ്ടു. ഗാന്ധിജി ആരായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുപകരം ഞങ്ങള്‍ പറയുന്നതാണ് ഗാന്ധി സംസ്‌കാരം എന്ന ക്ഷുദ്രനീക്കമാണ് നടക്കുന്നത്. ഗാന്ധിയെന്ന പേരിന്റെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള തത്രപ്പാടില്‍ ഈ ബഹുമാനിതന്മാരൊക്കെ അദ്ദേഹത്തിന്റെ സംസ്‌കാരത്തില്‍നിന്ന് ബഹുകാതം അകന്നുപോവുകയാണ്.

പത്തറുപതുകൊല്ലം ഇന്ത്യാരാജ്യം ഭരിച്ചതിന്റെ മേനിപറച്ചിലില്‍പോലും ഗാന്ധിയന്‍ തെളിമയുടെ ലാഞ്ഛനയില്ല. എന്നു മാത്രമല്ല ഒരിക്കലും സംഭവിക്കാത്ത ഒരു സംസ്‌കാരം അട്ടിപ്പേരായി കൊണ്ടുനടക്കുകയും ചെയ്യുന്നു. ഗണ്ടിയും ഗാന്ധിയും ഒന്നാണെന്ന് പറഞ്ഞും അനുഭവിപ്പിച്ചും നടക്കുന്നവര്‍ റിസര്‍വ് ബാങ്കിന്റെ കടലാസില്‍ ആ രൂപം രേഖപ്പെടുത്തി ആവേശം കൊള്ളുകയുമാണ്. വാസ്തവത്തില്‍ യഥാര്‍ഥ ഗാന്ധിയന്‍ പൈതൃകം പേറുന്നവര്‍ ഇരുള്‍ മറയ്ക്കപ്പുറത്താണ്. വ്യാജ ഗാന്ധിനാമധാരികള്‍ നാടൊട്ടുക്കും നടന്ന് ഗാന്ധി പൈതൃകം ചൂടപ്പംപോലെ വിറ്റഴിക്കുന്നു.

അങ്ങനെയിരിക്കെ തങ്ങളുടെ കച്ചോടം എട്ടുനിലയില്‍ പൊട്ടുന്നത് കാണുമ്പോള്‍ 'മര്‍ക്കടസ്യ സുരാപാനം, മധ്യേ വൃശ്ചിക ദംശനം' എന്ന് പറഞ്ഞതുപോലെയായി. ഗാന്ധിയന്‍ വെളിച്ചത്തിലേക്ക് രാജ്യം നീങ്ങിയെങ്കിലേ യഥാര്‍ഥ ഗാന്ധിയന്‍സ്വപ്‌നങ്ങള്‍ അനുഭവിക്കാനാവൂ എന്ന കേന്ദ്രഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യം വ്യാജഗാന്ധിമാരെ പരിഭ്രാന്തരാക്കി. ഗാന്ധിജി കണ്ട സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ പര്യാപ്തമായ പല പദ്ധതികളും നിലവില്‍വന്നു. നടപടികളുണ്ടായി. ഇതൊക്കെ വ്യാജന്‍മാര്‍ക്ക് ഞെട്ടലുണ്ടാക്കിയില്ലെങ്കിലല്ലേ അത്ഭുതം! അവര്‍ രംഗത്ത് രണ്ടും കല്‍പ്പിച്ചിറങ്ങി. അതിന്റെ കൊട്ടും പാട്ടുമാണിപ്പോള്‍ സമൂഹത്തില്‍ അലഞ്ഞുനടക്കുന്നത്. ഗാന്ധിയന്‍ പൈതൃകം പേറുന്ന ഒരു പത്രം ദേശീയ സംഘടനാ നേതാവിന്റെ ഒരു ലേഖനം കൊടുത്തതോടെ എല്ലാ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകളും രംഗത്തുവന്നു.

വിവരമില്ലാത്തവരും അജണ്ടാധിഷ്ഠിത രാഷ്ട്രീയപ്പിമ്പുകളും പറയുകയാണെങ്കില്‍ നമുക്ക് അത് തള്ളിക്കളയാമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല. സര്‍വകലാശാലയില്‍ പഠിപ്പിച്ചും സാമൂഹിക ജീവിതത്തില്‍ ക്രിയാത്മകമായി ഇടപെട്ടും നടക്കുന്ന ചില വിദ്വാന്‍മാരും അവസരവാദികളുടെ വാലാട്ടികളായി മാറിയിരിക്കുകയാണ്. അതിലൊരു വിദ്വാനാണ് മൊഹിയുദ്ദീന്‍ നടുക്കണ്ടി. ആര്‍എസ്എസ് സര്‍സംഘചാലക് ഗാന്ധിയന്‍ സംസ്‌കാരം പുഷ്‌കലമാകണമെന്ന് ചൂണ്ടിക്കാട്ടി ലേഖനമെഴുതിയത് ടിയാനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 'ഞങ്ങളല്ലാതെ ഗാന്ധിയെപ്പറ്റി പറയാന്‍ നിങ്ങളാര്' എന്ന ശൈലിയിലാണ് വിദ്വാന്റെ അക്ഷരക്കസര്‍ത്ത്. മൗലവി ചേകന്നൂരിന്റെ ആശയ പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്നയാള്‍ എന്നഹങ്കരിച്ചിരുന്ന വിദ്വാന്‍ ഇടത് ബുദ്ധിജീവികള്‍ക്കും തീവ്രനിലപാടുകാര്‍ക്കും ഒത്താശ ചെയ്യുന്ന തരത്തിലാണ് സര്‍സംഘചാലകിന്റെ നിരീക്ഷണങ്ങളെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നത്. എന്നിട്ട് എനിക്ക് മറുപടി വേണമെന്ന തരത്തില്‍ രണ്ടുമൂന്നു ചോദ്യവും.

തെളിമയും ഗരിമയും ചേര്‍ന്ന സുതാര്യമായ കാഴ്ചപ്പാടായിരുന്നു മൗലവി ചേകന്നൂരിന്റെത്. അതുകൊണ്ടുതന്നെയാണ് നിക്ഷിപ്തതാല്‍പര്യക്കാര്‍ അദ്ദേഹത്തെ ഇരുള്‍മറയിലേക്ക് നിഷ്‌ക്കരുണം തള്ളിയിട്ടത്. ആ മഹാമനുഷ്യന്റെ ദര്‍ശനങ്ങളെ പിന്‍പറ്റുന്നു എന്നവകാശപ്പെടുന്ന മൊഹിയുദ്ദീന്‍ നടുക്കണ്ടി എന്തടിസ്ഥാനത്തിലാണ് മോഹന്‍ ഭാഗവതിന്റെ നിരീക്ഷണങ്ങളുടെ മേലെ തന്റെ മ്ലേച്ഛവ്യാഖ്യാനങ്ങള്‍ ഓക്കാനിച്ചിടുന്നത്. തീവ്രവാദികള്‍ക്കും അവര്‍ക്ക് ചൂട്ടുപിടിക്കുന്നവര്‍ക്കും എന്തടിസ്ഥാനത്തിലാണ് ഞെക്കുവിളക്ക് നല്‍കുന്നത്.

ദേശീയദിനപത്രം മോഹന്‍ ഭാഗവതിന്റെ ലേഖനം കൊടുത്തതോടെ വിറളിപിടിച്ചവര്‍ ഒന്നൊന്നായി നിത്യേനെ അതില്‍ അക്ഷരക്കസര്‍ത്ത് നടത്തുകയാണ്. വാസ്തവത്തില്‍ ഇവരുടെയൊക്കെയുള്ളില്‍ ഗാന്ധിഘാതകന്റെ നിലപാടാണുള്ളത്. ഗാന്ധിജിയുടെപേരില്‍ അധികാരം പങ്കിട്ടവര്‍ ഇന്നേവരെ ഗാന്ധിജിയുടെ ഏതെങ്കിലും സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി ഇറങ്ങിത്തിരിച്ചിട്ടില്ല. പേര് അടിച്ചെടുക്കുന്നതിനപ്പുറം ഗാന്ധി അവര്‍ക്ക് അന്യമാണ്. എന്നാല്‍ ഗാന്ധിജിയുടെ സ്വപ്‌നങ്ങളിലെ ഇന്ത്യയിലേക്ക് പദംവെച്ചുനീങ്ങുന്ന ഒരു ഭരണകൂടം അവര്‍ക്കുമുമ്പില്‍ മൂര്‍ത്തമായി നില്‍ക്കുന്നതാണിപ്പോള്‍ പ്രശ്‌നമായത്.

ആയ കാലത്ത് മിസ്റ്റര്‍ ഗാന്ധിയും മറ്റുമായി വിശേഷിപ്പിച്ചവരും, ഗാന്ധിയെ അപമാനിച്ചവരും ഇപ്പോള്‍ ഒറ്റക്കെട്ടായിരിക്കുന്നു എന്നതാണ് രസകരം. ഞങ്ങള്‍ക്കു മാത്രമേ ഗാന്ധിയന്‍ പാരമ്പര്യങ്ങള്‍ക്കവകാശമുള്ളൂ എന്ന ധാര്‍ഷ്ട്യമാണവര്‍ക്ക്. ഇന്നത്തെകാലത്ത് അതൊക്കെ ആരെങ്കിലും വകവെച്ചുകൊടുക്കുമോ? അങ്ങനെ വകവെച്ചുകൊടുക്കുന്നവര്‍ക്ക് മൊഹിയുദ്ദീന്‍ നടുക്കണ്ടിയും കമാലുദ്ദീനും സദ് ചിദ് ആനന്ദനും ഒക്കെയുണ്ടാവാം. നല്ലചിന്തയും നല്ലവാക്കും ഉണ്ടാവണമെന്ന് വെറുതെ ശഠിച്ചതുകൊണ്ടായില്ലല്ലോ. അല്‍പ്പം ഗാന്ധിയന്‍ സംസ്‌കാരംകൂടി വേണ്ടേ? പേരെടുക്കുന്ന സംസ്‌കാരത്തില്‍നിന്ന് പ്രതിഭ പ്രകാശിക്കുന്നയിടത്തിലേക്ക് എന്റെ ദൈവമേ അങ്ങ് ഇവരെ കൂട്ടിക്കൊണ്ടുപോയാലും എന്നാണ് ഈയുള്ളവന്റെ എക്കാലത്തെയും പ്രാര്‍ഥന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.