കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കില്ല; ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നവരെ ശക്തമായി നേരിടുമെന്ന് യോഗി ആദിത്യനാഥ്‌

Sunday 20 October 2019 9:11 am IST

ലഖ്‌നൗ : സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയതുപോലുള്ള സംഭവം സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.  കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാവരേയും പിടികൂടി കടുത്ത നിയമ നടപടി ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. 

കൊല്ലപ്പെട്ട ഹിന്ദു നേതാവിന്റെ കുടുബാംഗങ്ങളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ സീതാപൂരിലെ കുടുംബ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളെ കാണും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നതിനാല്‍ ശനിയാഴ്ച എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.

അതേസമയം കമലേഷ് തിവാരിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. നാഗ് പൂരിലെ മേമിന്‍പുരിയിലെ വസതിയില്‍ നിന്നും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതക കേസില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.

ശനിയാഴ്ച സൂറത്തില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ഒരാള്‍ നാഗ് പൂരിലെ ആളുമായി സംസാരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.കമലേഷ് തിവാരിയുടെ കൊലപാതകക്കേസില്‍ ഉത്തര്‍പ്രദേശ് പോലീസും, ഗുജറാത്ത് എടി എസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൗലാന മൊഹ്സിന്‍ ഷെയ്ഖ്, ഖുര്‍ഷിദ് അഹമ്മദ് പത്താന്‍, ഫൈസാന്‍ എന്നീ മൂന്ന് പ്രതികള്‍ കൊലപാതകത്തില്‍ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. തിവാരിയെ കൊല്ലുന്നതിനായി രണ്ടുവര്‍ഷം മുമ്പ് തന്നെ പ്രതികള്‍ പദ്ധതിയിട്ടുവരികയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.