സക്കീര്‍ നായിക്കിനെതിരെയുള്ള കുരുക്ക് മുറുക്കി കേന്ദ്ര സര്‍ക്കാര്‍; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ നീക്കം

Friday 20 September 2019 3:35 pm IST

ന്യൂദല്‍ഹി :  വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ സാമ്പത്തിക വെട്ടിപ്പ് നടത്തി രാജ്യം വിട്ടതായി പ്രഖ്യാപിക്കും. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നതിനെതിരേയുള്ള നിയമ പ്രകാരമാണ് (എഫ്ഇഒഎ) ഈ നടപടികള്‍ സ്വീകരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സക്കീര്‍ നായിക്കിനെതിരെ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. നിലവില്‍ മലേഷ്യയിലാണ് ഇയാള്‍. കള്ളപ്പണ ഇടപാട് കേസില്‍ മലേഷ്യയിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 2016ല്‍ മലേഷ്യയിലേക്ക് കടന്ന ഇയാള്‍ക്ക് സ്ഥിരം പൗരത്വം ലഭിച്ചിട്ടുണ്ട്.  

ഇന്ത്യയില്‍ നിന്നും നിയമ നടപടികള്‍ ഭയന്ന് വിദേശ രാജ്യങ്ങളിലേക്ക് ഒളിച്ചു കടക്കുന്നവരെ തിരിച്ച് നാട്ടില്‍ എത്തിക്കുന്നതിനായി ഇത്തരത്തിലുള്ള കര്‍ശ്ശന നടപടികള്‍ സ്വീകരിക്കാന്‍ എഫ്ഇഒഎയ്ക്ക് സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സക്കീര്‍ നായിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. മുംബൈ കള്ളപ്പണ നിരോധന കോടതിയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 190 കോടിയുടെ സ്വത്തുക്കള്‍ നിയമ വിരുദ്ധമായി കൈവശം വെച്ചിട്ടുണ്ടെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. അതേസമയം തനിക്കെതിരെ നിഷ്പക്ഷമായ വിചാരണ ഉണ്ടാകില്ലെന്ന് പറഞ്ഞാണ് സക്കീര്‍ നായിക്ക് ഇന്ത്യയിലേക്ക് മടങ്ങി വരുന്നില്ലെന്ന് അറിയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.