സക്കീര്‍ നായിക്കിനു സുരക്ഷ ഒരുക്കി മലേഷ്യ; ഇന്ത്യക്ക് കൈമാറാതിരിക്കാന്‍ ന്യായീകരണങ്ങള്‍ പലത്; ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് ഇല്ലെന്നും മലേഷ്യന്‍ മന്ത്രി

Thursday 11 July 2019 1:07 pm IST

ക്വാലാലംപൂര്‍: തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് ഇന്ത്യ ആവശ്യപ്പെട്ട മുസ്ലിം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനു കൈമാറാതിരിക്കാന്‍ കാരണങ്ങള്‍ നിരത്തി മലേഷ്യ. സക്കീറിനെതിരേ ഇന്റര്‍പോള്‍ റെഡ് മനോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും യുണൈറ്റഡ് നേഷന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസലൂഷന്‍ ലിസ്റ്റില്‍ സക്കീര്‍ തീവ്രവാദിയാണെന്നു സംശയിക്കുന്നില്ലെന്നുമാണ് മലേഷ്യന്‍ ആഭ്യന്തരമന്ത്രി മുഹ്യിദ്ദിന്‍ യാസിന്റെ ന്യായീകരണം. സക്കീറിനെ ഇന്ത്യക്ക് കൈമാറാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം സംബന്ധിച്ചു മലേഷ്യന്‍ പാര്‍ലമെന്റില്‍ അംഗമായ സയിദ് ഇബ്രാഹിം ത്വാന്‍ മാന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. സക്കീറിനു രാജ്യത്ത് പ്രത്യേക പരിഗണന ഒന്നും നല്‍കുന്നില്ലെന്നും രാജ്യത്തിന്റെ നിയമം അനുസരിച്ച് സൈ്വര്യമായി ജീവിക്കാന്‍ അയാള്‍ക്ക് അവസരം നല്‍കുന്നുണ്ടെന്നും മന്ത്രി. അതേസമയം, 2017 ഡിസംബര്‍ 29ന് സക്കീറിനെ അറസ്റ്റ് ചെയ്യണമെന്നു കാട്ടി ഇന്ത്യയിലെ നയതന്ത്ര വിഭാഗത്തില്‍ നിന്ന് കത്തു കിട്ടിയെന്നും ഇതിനു പിന്നാലെ 2018 ജനുവരി 19ന് സക്കീറിനെ ഇന്ത്യക്ക് കൈമാറനുള്ള അപേക്ഷ ലഭിച്ചെന്നും മന്ത്രി. 

1992ലെ കുറ്റവാളി കൈമാറ്റ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടെങ്കിലും അതില്‍ ചില നിബന്ധനകള്‍ കൂടിയുണ്ട്. ഒരു കുറ്റവാളിയെ കൈമാറുമ്പോള്‍ അയാള്‍ക്ക് നീതിപൂര്‍വമായി വിചാരണ നിഷേധിക്കുകയോടെ അയാളുടെ ജാതി, മതവിശ്വാസം, രാഷ്ട്രീയ നിലപാട് എന്നിവയുടെ പേരില്‍ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന നിബന്ധനയുണ്ട്. ഒപ്പം, കൈമാറുന്ന കുറ്റവാളിയുടെ ജീവന് ഭീഷണിയുണ്ടെങ്കിലും കരാറിലെ നിബന്ധന പ്രകാരം ഒരാളെ കൈമാറ്റം ചെയ്യാതിരിക്കാം. ഇന്ത്യയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സാക്കിര്‍ നായിക്. ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന് മേല്‍ കുരുക്ക് വീഴുന്നത്. കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടും സാക്കിറിനെതിരേ ഉണ്ട്. ഈ പണം തീവ്രവാദത്തിനായി ഫണ്ട് ചെയ്‌തെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. ഐഎസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് പോയ സാക്കിര്‍ നായിക്കിന് മലേഷ്യന്‍ സര്‍ക്കാര്‍ അഭയം നല്‍കുകയും ചെയ്തു. പെര്‍മനന്റ് റെസിഡന്‍സ് നല്‍കി അവിടെ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. സാക്കീറിനെ കൈമാറുന്നത് സംബന്ധിച്ചു മലേഷ്യന്‍ സര്‍ക്കാരിലും അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. സക്കീറിനെ കൈമാറമെന്ന മുന്‍ നിലപാടില്‍ നിന്നു പിന്നീട് മലേഷ്യ പിന്നാക്കം പോവുകയായിരുന്നു. 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.