സഹാറ ഗ്രൂപ്പുമായി ഇടപാടുകള്‍ നടത്തരുതെന്ന്‌ സെബിയുടെ മുന്നറിയിപ്പ്‌

Friday 22 February 2013 8:24 pm IST

ന്യൂദല്‍ഹി: നിക്ഷേപകരും പൊതുജനങ്ങളും സഹാറ ഗ്രൂപ്പുമായി ഇടപാടുകള്‍ നടത്തരുതെന്ന്‌ സെബിയുടെ മുന്നറിയിപ്പ്‌. സഹാറ ഗ്രൂപ്പിന്റെ ബാങ്ക്‌ അക്കൗണ്ട്‌, നിക്ഷേപം എന്നിവ കൂടാതെ എല്ലാ വിധ ആസ്തികളും കണ്ടുകെട്ടിയ സാഹചര്യത്തിലാണ്‌ പുതിയ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌, സഹാറ ഹൗസിംഗ്‌ ഇന്‍വസ്റ്റ്മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ എന്നീ രണ്ട്‌ കമ്പനികളുമായി ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ അത്‌ സ്വന്തം നിലയിലായിരിക്കണമെന്നും സെക്യൂരിറ്റീസ്‌ ആന്റ്‌ എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ പറയുന്നു.
സഹാറ ഗ്രൂപ്പ്‌ നിക്ഷേപകരില്‍ നിന്നും നിയമവിരുദ്ധമായി സമാഹരിച്ച തുക മുഴുവന്‍ 15 ശതമാനം പലിശ സഹിതം തിരിച്ചുനല്‍കണമെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സഹാറയ്ക്ക്‌ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ കമ്പനികളുടെ സ്ഥാവര ജംഗമ വസ്തുക്കളും ബാങ്ക്‌, ഡീമാറ്റ്‌ അക്കൗണ്ടുകളും പ്രമോട്ടര്‍മാരുടേയും ഡയറക്ടര്‍മാരുടേയും ആസ്തികള്‍ കണ്ടുകെട്ടി അതിലൂടെ ലഭിക്കുന്ന പണം നിക്ഷേപകര്‍ക്ക്‌ തിരിച്ചുനല്‍കാന്‍ സെബിയ്ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌.
നിക്ഷേപകരില്‍ നിന്നും 24,000 കോടിയോളം രൂപയാണ്‌ സഹാറ സമാഹരിച്ചത്‌. സഹാറ ഗ്രൂപ്പ്‌ ഡയറക്ടര്‍മാരായ സുബ്രത റോയ്‌, വന്ദന ഭാര്‍ഗവ, രവി ശങ്കര്‍ ഡൂബെ, അശോക്‌ റോയ്‌ ചൗധരി എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകളും ആസ്തികളും കണ്ടുകെട്ടുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.