കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കുമെന്ന്‌ മന്ത്രി മോഹനന്‍

Friday 22 February 2013 11:55 pm IST

കൊച്ചി: കേരളത്തെ 2016 ഓടെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കൃഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. സംസ്ഥാനത്തിനാവശ്യമായ ജൈവവളം പ്രാദേശികമായി തന്നെ ഉദ്പാദിപ്പിക്കണം. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു സംരഭത്തിനും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഞ്ചാമത്‌ ഇന്ത്യാ-ഇന്റര്‍നാഷണല്‍ ഭക്ഷ്യ, കാര്‍ഷിക, വ്യവസായ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പണം കൊടുത്ത്‌ വിഷം വാങ്ങുന്ന മലയാളിയുടെ പുതിയ സംസ്കാരം മാറേണ്ടതുണ്ട്‌. പ്രാദേശികമായുള്ള കൃഷി ഉദ്പാദനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം.
രാസവളം ഉപയോഗിച്ച്‌ പ്രകൃതിയെ വികൃതമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനി പ്രയോഗം സമൂഹത്തില്‍ എത്രമാത്രം ഭീഷണിയാണ്‌ സൃഷ്ടിച്ചതെന്ന്‌ നമ്മള്‍ ഓര്‍ക്കണം. ജൈവവളം ഉപയോഗിച്ച്‌ കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്നതിലൂടെ കേരളത്തിന്റെ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ നമുക്ക്‌ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ ജലസംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്‌. ഇതിനായി കുളങ്ങളും കിണറുകളും അരുവികളും സംരക്ഷിച്ച്‌ ഭൂഗര്‍ഭ ജലം ഉറപ്പാക്കണം. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധം ഊട്ടിയുറപ്പിച്ച്‌ മുന്നോട്ട്‌ പോകണം. ഇത്തരം പ്രദര്‍ശന വിജ്ഞാന മേളകള്‍ സമൂഹത്തിന്‌ മുതല്‍കൂട്ടാണെന്നും കെ.പി.മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
കലൂര്‍ ഇന്റര്‍നാഷണല്‍ സറ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി. ഐ.ഷെയ്ക്‌ പരീത്‌ ആമുഖപ്രഭാഷണവും മേളയുടെ വൈസ്‌ ചെയര്‍മാനും മുന്‍ കളക്ടറുമായിരുന്ന പി.സി.സിറിയക്‌ മുഖ്യപ്രഭാഷണവും നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റാണി റോസ്ലിന്‍ഡ്‌, റവ.ഫാ.ജോസ്‌ ഒലക്കാട്ട്‌, റവ. ഫാ.മാണി മേല്‍വട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങി വിവിധ ഏജന്‍സികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌. വിജ്ഞാനത്തിനും വിവരശേഖരണത്തിനും വിപണനത്തിനുമുള്ള ഇരുന്നൂറിലേറെ സ്റ്റാളുകള്‍ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്‌. മേളയോടനുബന്ധിച്ച്‌ വിവിധ സെമിനാറുകള്‍, കാര്‍ഷിക പരിശീലനം, നാടന്‍ ഭക്ഷ്യമേള, കലാമേള, ജൈവകാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും. സംസ്ഥാന കൃഷി വകുപ്പ്‌, മൃഗസംരക്ഷണ വകുപ്പ്‌ എന്നിവയുടെ സഹകരണത്തോടെ ഫൗണ്ടേഷന്‍ ഫോര്‍ ഓര്‍ഗാനിക്‌ അഗ്രിക്കള്‍ച്ചര്‍ ആന്റ്‌ റൂറല്‍ ഡവലപ്മെന്റ്‌, എറണാകുളം വെല്‍ഫെയര്‍ സര്‍വീസ്‌, തലശേരി സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി എന്നിവരാണ്‌ മേള സംഘടിപ്പിക്കുന്നത്‌. രാവിലെ ഒന്‍പത്‌ മുതല്‍ രാത്രി ഒന്‍പത്‌ വരെയാണ്‌ മേള. ഇന്ന്‌ രാവിലെ ഒന്‍പതിന്‌ ഭക്ഷ്യസുരക്ഷാ സംസ്ഥാനതല സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.