ദീന്‍ദയാല്‍ജിയുടെ സങ്കല്‍പ്പം

Saturday 23 February 2013 10:02 pm IST

ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഫെബ്രുവരി 11 ന്‌ പത്രങ്ങള്‍ വായിച്ചുകൊണ്ടിരിക്കെ ജന്മഭൂമിയില്‍ ദീനദയാല്‍ജിയെക്കുറിച്ചുള്ള അനുസ്മരണലേഖനം വായിച്ചു. കുറേനാളുകളായി ജന്മഭൂമിയുടെ 'സംസ്കൃതി' പേജില്‍ അദ്ദേഹത്തിന്റെ വചനങ്ങളും വായിക്കാറുണ്ട്‌. അവ തെരഞ്ഞെടുത്തതിന്റെ ഔചിത്യവും ഓരോന്ന്‌ വായിക്കുമ്പോഴും ചിന്തയില്‍ വരുന്നു. ജന്മഭൂമി ആരംഭിച്ച കാലത്ത്‌ അദ്ദേഹത്തിന്റെ വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു ലഘുപുസ്തകം പ്രസിദ്ധപ്പെടുത്തിയതോര്‍മ്മയില്‍ വന്നു. അതിന്റെ ഒരു കോപ്പി ഇപ്പോള്‍ കയ്യിലില്ല.
ദീന്‍ദയാല്‍ജിയുടെ 96-ാ‍ം പിറന്നാളാണ്‌ സപ്തംബറില്‍ കഴിഞ്ഞത്‌. നാല്‌ കൊല്ലം കൂടി കഴിഞ്ഞാല്‍ ജന്മശതാബ്ദി വരികയായി. നമ്മുടെ രാജ്യം കണ്ട അതിപ്രതിഭാശാലിയും ഋഷിതുല്യനുമായ മഹാത്മാവിന്റെ ജന്മശതാബ്ദി അടുക്കുന്നുവെന്ന്‌ ഓര്‍ക്കാന്‍ വയ്യ. അദ്ദേഹം നമുക്ക്‌ തന്നിട്ടുപോയ ഏകാത്മ മാനവദര്‍ശനത്തെ നാം എത്രത്തോളം പിന്തുടരുന്നുവെന്ന്‌ അവലോകനം ചെയ്യാന്‍ ജന്മശതാബ്ദിക്കാലം പ്രയോജനം ചെയ്യുമെന്ന്‌ കരുതാം.
അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ നാല്‍പത്തിയഞ്ച്‌ വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌. ആ വാര്‍ത്ത അറിയുന്നത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു. 1968 ഫെബ്രുവരി 11 ന്‌ കോഴിക്കോട്ട്‌ പാളയം റോഡിലുള്ള ശ്രീ വെങ്കിടേശ്‌ ബില്‍ഡിംഗിലെ ജനസംഘം സംസ്ഥാന കാര്യാലയത്തിലിരിക്കുമ്പോള്‍, ഏതാണ്ട്‌ രാവിലെ 9 മണിക്ക്‌ ഐസക്‌ തോമസ്‌ എന്ന മനോരമ ലേഖകനാണ്‌ വിളിച്ച്‌, ദീനദയാല്‍ജി അന്തരിച്ചുവെന്ന വിവരം ഫ്ലാഷ്‌ ന്യൂസ്‌ ആയി വന്നത്‌ അറിയിച്ചത്‌. അക്കാലത്ത്‌ ടെലിവിഷനും മറ്റ്‌ വാര്‍ത്താവിനിമയ സാധ്യതകളും ഇല്ലായിരുന്നു. ഉച്ചക്ക്‌ റേഡിയോയിലെ വാര്‍ത്ത വരുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കാത്തിരിക്കേണ്ടിവന്നു. പരമേശ്വര്‍ജി, ഒ. രാജഗോപാല്‍ തുടങ്ങിയ സംസ്ഥാന നേതാക്കളെ വിവരമറിയിക്കാന്‍ തന്നെ കാര്യാലയ കാര്യദര്‍ശി മണ്ടിലേടത്ത്‌ ശ്രീധരന്‍ വളരെ പ്രയാസപ്പെട്ടു. അന്ന്‌ നേരിട്ട്‌ ഡയല്‍ ചെയ്യാവുന്ന ഫോണ്‍സൗകര്യം വന്നിട്ടില്ല. ടെലഗ്രാം ചെയ്യാം; ഫോണ്‍ ബുക്ക്‌ ചെയ്ത്‌ കാത്തിരിക്കണം. റേഡിയോ വാര്‍ത്ത വഴിയാണ്‌ മിക്കവരും ഉച്ചയായപ്പോഴേക്കും വിവരമറിഞ്ഞത്‌. അങ്ങിനെയൊരവസ്ഥ ഇക്കാലത്ത്‌ നമുക്ക്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലല്ലൊ.
ലളിതമായ ജീവിതവും ഉന്നതമായ ചിന്തയുമാണ്‌ ദീനദയാല്‍ജിയെ വ്യത്യസ്തനാക്കുന്നത്‌. അത്തരം ആളുകള്‍ കുറവല്ല നമ്മുടെ നാട്ടില്‍. എന്നാല്‍ ഭാവിയിലേക്ക്‌ നൂറ്റാണ്ടുകള്‍ക്കപ്പുറത്തും പ്രസക്തമായ ഒരു ജീവിതദര്‍ശനത്തെയും ഭരണ, സാമൂഹ്യ, സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാന തത്വങ്ങളെയും വിഭാവനം ചെയ്ത്‌ പ്രതിപാദിക്കാന്‍ മറ്റുള്ളവര്‍ക്ക്‌ കഴിഞ്ഞില്ല. ഭാരതത്തിന്റെ ചിരന്തനമായ സംസ്കൃതിധാരയില്‍ മുങ്ങിത്തപ്പിയെടുത്ത ആശയങ്ങള്‍ ആധുനിക യുഗത്തിന്‌ ഉതകുംവിധത്തില്‍ അവതരിപ്പിക്കാന്‍ ദീനദയാല്‍ജിക്ക്‌ കഴിഞ്ഞു. വിവേകാനന്ദസ്വാമികളുടെയും ശ്രീ അരവിന്ദന്റെയും മഹാത്മാഗാന്ധിയുടെയും ശ്രീഗുരുജിയുടെയും പരമ്പരയില്‍ ദീനദയാല്‍ജിയും മൗലികമായി ചിന്തിക്കുകയും ചിന്തകളെ പ്രതിപാദിക്കുകയും ചെയ്ത ആളായി.
ദീനദയാല്‍ജിയുമായി പരിചയപ്പെടാനും അടുത്തിടപെടാനും അദ്ദേഹത്തെ രാഷ്ട്രീയഗുരുവായി കരുതാനും ഇടയായ അവസരങ്ങളെപ്പറ്റി മുതിര്‍ന്ന സ്വയംസേവകനും ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ലാല്‍കൃഷ്ണ അദ്വാനി തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്‌. "1948 ല്‍ ഞാന്‍ രാജസ്ഥാനില്‍ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന കാലത്ത്‌, സംഘനിരോധനത്തെത്തുടര്‍ന്ന്‌ തടവിലാകുകയും മോചിതനായശേഷം ദല്‍ഹിയില്‍ സംഘചാലകനായിരുന്ന ലാലാ ഹന്‍സ്‌രാജ്‌ ഗുപ്തയുടെ വസതിയില്‍ ചെന്നപ്പോള്‍ ദീനദയാല്‍ജിയെ കണ്ടു. ശ്രീ ഗുരുജി കാരാഗൃഹത്തിലായിരുന്നു. നിരോധനം നീക്കാനായി സംഘത്തിന്‌ എഴുതപ്പെട്ട ഭരണഘടന വേണമെന്ന്‌ സര്‍ദാര്‍ പട്ടേല്‍ നിര്‍ദ്ദേശിച്ചു. ശ്രീഗുരുജി പട്ടേലിന്റെ നിര്‍ദ്ദേശം സ്വീകരിച്ചു. അദ്ദേഹം നാലുപേരടങ്ങുന്ന ഒരു സമിതിയെ ഭരണഘടനക്ക്‌ രൂപം നല്‍കാനുള്ള ചുമതല ഏല്‍പ്പിച്ചു. ദീനദയാല്‍ജി, രാജപാല്‍ പുരി, എസ്‌.എസ്‌. ആപ്തേ, ഏകനാഥ റാനഡേ. രാജപാല്‍ജിക്ക്‌ എന്നെ സിന്ധ്‌ കാലത്ത്തന്നെ അറിയാമായിരുന്നു. ദല്‍ഹിയില്‍ എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന്‌ ഈ കൃത്യത്തില്‍ പങ്കുചേരൂ."
ദീനദയാല്‍ജിയും താനുമായുള്ള ബന്ധത്തെപ്പറ്റി അദ്വാനിജി ഒരധ്യായം മുഴുവനും എടുത്ത്‌ വിവരിക്കുന്നുണ്ട്‌. ചരിത്രത്തിന്റെ നിയോഗമെന്ന വണ്ണമാണ്‍്‌ ദീനദയാല്‍ജി രാഷ്ട്രീയത്തില്‍ വന്നത്‌. 1950 ല്‍ ഭരണഘടന നിലവില്‍ വന്നശേഷം രണ്ട്‌ വര്‍ഷത്തിനകം രാജ്യത്ത്‌ പൊതുതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നു. സംഘം വലിയൊരു ശക്തിയാണെങ്കിലും രാഷ്ട്രീയത്തിനതീതമായി നില്‍ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു. നിലവിലുള്ള രാഷ്ട്രീയ കക്ഷികള്‍ സംഘത്തോട്‌ എതിരായ നിലപാടുകള്‍ എടുത്തപ്പോള്‍, സംഘത്തെ അനുകൂലിക്കാന്‍ തയ്യാറുള്ള കക്ഷികള്‍ ആവശ്യമായി. ഹൈന്ദവതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കക്ഷിയുമായി ഡോ. ശ്യാമപ്രസാദ്‌ മുഖര്‍ജി മുന്നിട്ടിറങ്ങുകയും സംഘത്തിന്റെ സഹകരണത്തിന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ ദീനദയാല്‍ജിയുടെയും മറ്റു ഏതാനും പേരുടെയും സേവനങ്ങള്‍ വിട്ടുകൊടുക്കാന്‍ ശ്രീ ഗുരുജി തയ്യാറായി. പാശ്ചാത്യ പാരമ്പര്യത്തില്‍ നിന്ന്‌ വിഭിന്നവും ഭാരതീയ സാമ്പത്തിക, രാജനൈതിക, സാംസ്കൃതിക മൂല്യങ്ങള്‍ക്കനുസൃതമായ ഒരു പ്രത്യയശാസ്ത്രംതന്നെ രൂപപ്പെടുത്തി, നൂതനമായൊരു രാഷ്ട്രീയശൈലി വെട്ടിത്തുറക്കുക എന്ന ഐതിഹാസികമായ ചുമതലയാണ്‌ ദീനദയാല്‍ജിയും കൂട്ടരും ഏറ്റെടുത്തത്‌. മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും തത്വങ്ങള്‍ക്കപ്പുറം ചിന്തിക്കുന്ന ഒരു തത്വമാണ്‌ അദ്ദേഹം ആവിഷ്കരിച്ചത്‌. മേല്‍പ്പറഞ്ഞ രണ്ട്‌ സിദ്ധാന്തങ്ങളും മനുഷ്യനെയും പ്രകൃതിയെയും സമഗ്രമായി കാണാതെ, കേവലം ഭൗതികമായ അഭിവൃദ്ധിയെ മാത്രം പരിഗണിക്കുന്ന സംഘര്‍ഷാത്മകമായ തത്വങ്ങളാണെന്ന്‌ അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ സമീപനത്തെ കേവലം ബൗദ്ധികവും അക്കാദമികവുമായ തലങ്ങളില്‍ ഒതുക്കാതെ സാധാരണക്കാരെ മനസിലാക്കാനുള്ള പ്രായോഗിക പരിപാടികളും അദ്ദേഹം ആവിഷ്കരിച്ചു. സംഘത്തിന്റെ പരിശീലന ശിബിര (ഒടിസി)ങ്ങളില്‍ വ്യക്തിയും സമാജവും എന്ന വിഷയത്തെപ്പറ്റി ദീനദയാല്‍ജി നടത്തിയ ബൗദ്ധിക്കുകള്‍ 50-കളിലും 60-കളിലും പ്രസിദ്ധമായിരുന്നു. സാധാരണ നിലക്ക്‌, അത്യന്തം ഗഹനവും വിരസവുമാകാവുന്ന ഈ വിഷയത്തെ ഏറ്റവും സരളവും സുഗ്രാഹ്യവുമായ വിധത്തില്‍ ദീനദയാല്‍ജി പ്രതിപാദിക്കുമായിരുന്നു. ഒരു പ്രത്യേക കാര്യത്തെപ്പറ്റി വിവിധ സംസ്ക്കാരക്കാരായ ആളുകള്‍ പ്രതികരിക്കുന്നതിന്റെ ഉദാഹരണം വളരെ രസകരമായിട്ടാണ്‌ അദ്ദേഹം പറയുക. ഒരാള്‍ കടയില്‍ ചെന്ന്‌ ചായ വാങ്ങുമ്പോള്‍ അതില്‍ ഈച്ച വീണതു കണ്ടാല്‍ എന്ത്‌ ചെയ്യുമെന്നതിന്റെ വിവരണം ഇങ്ങനെയാണ്‌: ഒരാള്‍ അതെടുത്തുകളഞ്ഞ്‌ കഴിക്കും, ഇനിയൊരാള്‍ അത്‌ കടക്കാരനെ കാണിച്ചുകൊടുത്ത്‌ വേറെ ചായ വാങ്ങി കഴിക്കും, ഇനിയുമൊരാള്‍ ഈച്ചയെ അതില്‍ പിഴിഞ്ഞൊഴിച്ച്‌ കഴിക്കും, ഓരോ ആളും ജനിച്ചുവളര്‍ന്നതിന്റെ മൂല്യങ്ങള്‍ അയാളില്‍ പ്രതിഫലിക്കുന്നതാണത്രെ ഇത്‌. സമാജം ഒരു പുഷ്പം പോലെയാണ്‌. പുഷ്പത്തെ മനോഹരമാക്കുന്നത്‌ അതിന്റെ ഇതളുകളാണ്‌, ഇതളുകളുടെ ശക്തി അത്‌ പുഷ്പത്തില്‍ ഉറച്ചുനില്‍ക്കുന്നതിലാണ്‌ എന്നദ്ദേഹം വിശദമാക്കി.
ഏകാത്മ മാനവദര്‍ശനത്തിന്‌ നിരവധി വര്‍ഷക്കാലത്തെ ചിന്തകളിലൂടെയാണ്‌ അദ്ദഹം രൂപംനല്‍കിയത്‌. 1964 ല്‍ ഗ്വാളിയറില്‍ അത്‌ ജനസംഘ പ്രവര്‍ത്തകര്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചു. പിന്നീട്‌ അതിന്റെ അടിസ്ഥാനത്തില്‍ ജനസംഘത്തിന്റെ തത്വവും നയവും ആവിഷ്കരിച്ചു. തന്റെ മനസ്സും ബുദ്ധിയും പ്രയോഗിച്ച്‌ രൂപപ്പെടുത്തിയ തത്വദര്‍ശനത്തെ പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെക്കുന്നതിന്‌ ദീനദയാല്‍ജി തയ്യാറായില്ല. ജനസംഘത്തിന്റെ ഭാരതീയ പ്രതിനിധിസഭ 1966 ല്‍ വിജയവാഡയില്‍ യോഗം ചേര്‍ന്ന്‌ അതിലെ ഓരോ വാചകവും ചര്‍ച്ചക്കായി അദ്ദേഹം അവതരിപ്പിച്ചു. അതിന്‌ മുമ്പായി രാജ്യമെങ്ങുമുള്ള പ്രശസ്ത വ്യക്തികള്‍ക്ക്‌ അതിന്റെ കരട്‌രൂപം അയച്ചുകൊടുത്ത്‌ അഭിപ്രായം ആരാഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തക ശിബിരങ്ങള്‍ നടത്തി ഏകാത്മ മാനവദര്‍ശനം വിശദീകരിച്ചു. കേരളത്തില്‍ വെളിയത്തുനാട്ടില്‍ പെരിയാര്‍ തീരത്തായിരുന്നു ശിബിരം നടന്നത്‌. ഇരവി രവി നമ്പൂതിരിപ്പാടിന്റെ ഇല്ലത്ത്‌ താമസിച്ചുകൊണ്ട്‌ ഏതാണ്ടൊരു ഗുരുകുലവാസമായി ആ ശിബിരം നടന്നു.
തികച്ചും ജനാധിപത്യരീതിയില്‍തന്നെയാണ്‌ തത്വവും നയവും വിജയവാഡയില്‍ അംഗീകരിക്കപ്പെട്ടത്‌. നൂറുകണക്കിന്‌ ഭേദഗതികള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അവയെക്കുറിച്ച്‌ ദീനദയാല്‍ജിയുടെ വിശദീകരണത്തിനുശേഷം, ഭേദഗതികള്‍ അംഗീകരിക്കപ്പെടുകയോ വോട്ടിനിട്ട്‌ നിരാകരിക്കപ്പെടുകയോ ആയിരുന്നു. തികഞ്ഞ ജനാധിപത്യവാദിയായിരുന്നു അദ്ദേഹമെന്നര്‍ത്ഥം, വിയോജിപ്പിന്റെ സ്വരത്തെ അദ്ദേഹം ഒരിക്കലും തടഞ്ഞില്ല.
എന്നാല്‍ ഭൂരിപക്ഷാഭിപ്രായമാണ്‌ ശരിയെന്നദ്ദേഹം അംഗീകരിച്ചില്ല. ധര്‍മാധിഷ്ഠിതമായ കാര്യം ഭൂരിപക്ഷത്തിനംഗീകാര്യമായില്ലെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണെന്നദ്ദേഹം പറഞ്ഞു. 99 ശതമാനം പേര്‍ ധര്‍മത്തിന്‌ നിരക്കാത്ത ഒരു തീരുമാനമെടുത്താലും അവശേഷിക്കുന്ന ഒരു ശതമാനം പേരുടെ കടമ അധാര്‍മികമായ തീരുമാനത്തെ എതിര്‍ത്ത്‌ തിരുത്തിക്കുക എന്നതാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമുണ്ടായിരുന്നില്ല.
തന്റെ ജീവിതത്തിലെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു ദീനദയാല്‍ജി അന്തരിച്ചത്‌. അദ്ദേഹത്തെ ഒരു അജ്ഞാത ഘാതകള്‍ നമ്മില്‍നിന്ന്‌ തട്ടിമാറ്റുകയായിരുന്നു. 1967ല്‍ കോഴിക്കോട്ട്‌ ചേര്‍ന്ന അഖിലഭാരത സമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിന്റെ സമാപനം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. "ഭാരതമാതാവിന്റെ യഥാര്‍ത്ഥ സന്തതികളെന്ന അന്തസ്സ്‌ എല്ലാ സഹോദരങ്ങള്‍ക്കും ലഭ്യമാകുന്നതുവരെ നാം വെറുതെയിരിക്കില്ല. നാം ഭാരതമാതാവിനെ നേരായ അര്‍ത്ഥത്തില്‍ സുജലയും സുബലയുമാക്കിത്തീര്‍ക്കും. അവള്‍ ദശപ്രഹരണധാരിണി ദുര്‍ഗയായി അസുരന്മാരെ നിഗ്രഹിക്കും. ലക്ഷ്മിയായി സകലജനങ്ങള്‍ക്കും സമൃദ്ധി പ്രദാനം ചെയ്യും, സരസ്വതിയായി അജ്ഞതാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ വെളിച്ചം പരത്തും, ഹിന്ദുമഹാസാഗരത്താലും ഹിമവാനാലും പരിവേഷ്ടിതമായ ഭാരതഖണ്ഡത്തില്‍, ഏകരസത, കര്‍മശക്തി, സമത്വം, സമ്പന്നത, ജ്ഞാനം, സുഖം, ശാന്തി എന്നീ സപ്തജാഹ്നവീ പ്രവാഹം കൊണ്ടുവരുന്നതുവരെ നമ്മുടെ ഭഗീരഥപ്രയത്നം പൂര്‍ണമാവില്ല. ഈ പരിശ്രമത്തില്‍ ബ്രഹ്മാവും ശിവനും നമുക്ക്‌ സഹായം നല്‍കും. വിജയത്തില്‍ വിശ്വാസം പേറി തപസ്സുചെയ്യാന്‍ നിശ്ചയമെടുത്ത്‌ മുന്നേറാം" എന്ന്‌ പറഞ്ഞ്‌ അദ്ദേഹം അധ്യക്ഷപ്രസംഗം അവസാനിപ്പിച്ചു.
ദീനദയാല്‍ജിയുടെ ജന്മശതാബ്ദി സമീപിക്കുന്ന ഈയവസരത്തില്‍ ആ സങ്കല്‍പ്പം പൂര്‍ത്തീകരിക്കേണ്ടതുണ്ട്‌. 2014 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ അനുയായികളുടെ വിജയം ഉറച്ചാല്‍ ജന്മശതാബ്ദിയില്‍ ആ സങ്കല്‍പ്പം സാധിക്കാനുള്ള അവസരം ലഭിക്കും.
പി. നാരായണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.