കണ്ണൂര്‍: ജ്വല്ലറി ജീവനക്കാരിയായ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ ബന്ധുക്കള്‍ പിടികൂടി പോലീസിലേല്‍പ്പിച്ച സീരിയല്‍ നടി റിമാന്റിലായി. മമ്പറം സ്വദേശി ഗ്രീഷ്മ (38) ആണ് റിമാന്റിലായത്. ഒരു പ്രമുഖ ചാനലില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിലെ നടിയാണിവര്‍. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 32 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ പോലീസ് പിടിയിലായത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഗ്രീഷ്മ പ്രമുഖ ജ്വല്ലറി ജീവനക്കാരിയായ യുവതിയെ നിരന്തരം വിളിക്കാറുണ്ടത്രെ. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ ഇവരുടെ ദാരിദ്ര്യം മുതലെടുത്താണ് ഇവരെ പ്രലോഭിപ്പിച്ചത്. ജീവിക്കാനുള്ള പണം കണ്ടെത്താനുള്ള വഴിയുണ്ടെന്നു പറഞ്ഞായിരുന്നു പ്രലോഭനം. ഗ്രീഷ്മയുടെ നിരന്തരമായ ശല്യം തുടര്‍ന്നതോടെ ജ്വല്ലറി ജീവനക്കാരി വീട്ടുകാരെയും സഹപ്രവര്‍ത്തകരെയും അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് യുവതിയോട് റെയില്‍വേസ്റ്റേഷനില്‍ എത്താന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ ഗ്രീഷ്മക്കായി കെണിയൊരുക്കിയത്.
റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയുമായി ഗ്രീഷ്മ സംസാരിക്കുന്നതിനിടയില്‍ മറ്റുള്ളവര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വനിതാ പോലീസിലേല്‍പ്പിച്ച ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഗ്രീഷ്മയുടെ കൂടെ ഭര്‍ത്താവുമുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇവരെയും പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ്ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: