ഉല്‍ക്കമഴ: റഷ്യക്കാര്‍ക്കിടയില്‍ വിചിത്ര ചിന്തകള്‍

Saturday 23 February 2013 10:43 pm IST

വാഷിങ്ങ്ടണ്‍: റഷ്യയില്‍ ഭീതിവിതച്ച ഉല്‍ക്കാ വര്‍ഷത്തെക്കുറിച്ച്‌ അവിടത്തെ പ്രമുഖ പത്രങ്ങളിലൊന്ന്‌ നടത്തിയ സര്‍വേയില്‍ ഉരുത്തിരിഞ്ഞത്‌ വ്യത്യസ്തവും രസകരവുമായ അഭിപ്രായങ്ങള്‍. മോസ്കോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന നൊവിയെ ഇസ്‌വെസ്റ്റിയ നടത്തിയ സര്‍വയില്‍ പങ്കെടുത്ത ചിലര്‍ക്കത്‌ ദൈവ സന്ദേശം. മറ്റു ചിലര്‍ക്ക്‌ ആകാശ സഞ്ചാരിയായ അദൃശ്യ വസ്തുവിന്റെ ലീലാവിലാസം. മറ്റു ചിലര്‍ക്കോ റഷ്യയെ ഉന്നമിട്ടുള്ള അമേരിക്കന്‍ ആയുധ പരീക്ഷണം.
തങ്ങളുടെ വായനക്കാരെ കേന്ദ്രീകരിച്ചായിരുന്നു നൊവിയെ ഇസ്‌വെസ്റ്റിയയുടെ അഭിപ്രായ സര്‍വെ. അതില്‍ പങ്കെടുത്തവരില്‍ 50 ശതമാനംപേരും ഉല്‍ക്കാവര്‍ഷംതന്നെയാണ്‌ ഉണ്ടായതെന്നു തറപ്പിച്ചു പറഞ്ഞു. എന്നാല്‍ മറുപാതി അതു വിശ്വസിക്കുന്നില്ല. ആ പൊട്ടിത്തെറി റഷ്യയ്ക്കുമേല്‍ അമേരിക്ക നടത്തിയ രഹസ്യായുധ പരീക്ഷണമായിരിക്കാമെന്നാണു നല്ലൊരു ശതമാനം പേരുടെയും നിഗമനം. കൃത്രിമ ഉപഗ്രഹം തകര്‍ന്നു വിഴുന്നതാണെന്നു കരുതുന്നവര്‍വേറെ. ശൂന്യാകാശത്തെ വൈറസുകളുമായി ഭൂമിയെ നശിപ്പിക്കാനെത്തിയ അന്യഗ്രഹ ട്രോജന്‍ കുതിരയാവും സംഭവത്തിനു പിന്നിലെന്നു പറയുന്നവരുമുണ്ട്‌.
റഷ്യയുടെ മിസെയില്‍ പരീക്ഷണം പരാജയപ്പെട്ടതോ ഉപഗ്രഹം തകര്‍ന്നു വീണതോ ആകാം പ്രശ്നം സൃഷ്ടിച്ചെതെന്നു പത്രത്തിന്റെ വായനക്കാരില്‍ ഒരു വിഭാഗം കണക്കുകൂട്ടുന്നു. പ്രമുഖ പുരോഹിതനാണ്‌ ദൈവ സന്ദേശ വാദത്തിനു പിന്നിലുള്ളത്‌.
ദുരന്തങ്ങള്‍ക്കു പിന്നിലെ കാരണം മറച്ചുവയ്ക്കുമ്പോള്‍ റഷ്യന്‍ ജനത സോവിയറ്റ്‌ കാലത്തെ ഓര്‍ക്കുന്നു, മോസ്കോയിലെ സ്വതന്ത്ര അഭിപ്രായ സര്‍വെ ഏജന്‍സിയായ ലെവേഡ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍ അലക്സി ഗ്രെഷ്‌ ഡാന്‍കിന്‍ പറയുന്നു. ഉല്‍ക്കാപതനത്തെക്കുറിച്ച്‌ ശാസ്ത്രീയ സര്‍വെ നടത്തിയിട്ടില്ല. എന്നാല്‍ 25 ശതമാനം റഷ്യക്കാരും അദൃശ്യ ശക്തികളില്‍ വിശ്വസിക്കുന്നുവെന്നു മുന്‍കാല അഭിപ്രായ സര്‍വേകള്‍ തെളിയിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരാഴ്ച്ചയ്ക്കു മുന്‍പാണ്‌ റഷ്യയിലെ ചെല്യാബിന്‍സ്കിലെ ഉറാല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉല്‍ക്കാ വര്‍ഷമുണ്ടായത്‌. സംഭവത്തില്‍ ആയിരത്തിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കു കേടുപാടുകളുണ്ടാവുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.