തൃശൂര്‍: സത്യസായി സേവാസംഘടനയുടെ ശ്രീസത്യസായി സനാതന സംസ്കൃതി പുരസ്കാരം ‘ജന്മഭൂമി’ക്കും ഈശ്വരാംബ പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോനും സമ്മാനിക്കും. വിവേകാനന്ദസ്വാമികളുടെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് ശ്രീസത്യസായി യുവജന വിഭാഗം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടത്തും. വൈകീട്ട് 4 മണിമുതല്‍ 7മണിവരെ തൃശൂര്‍ പഴയനടക്കാവ് ശ്രീശങ്കരനാരായണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് പുരസ്കാരം നല്‍കുക. വൈകീട്ട് 4മണിക്ക് വേദപാരായണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 6 മണിക്ക് നടക്കുന്ന പുരസ്കാരദാന ചടങ്ങില്‍ ശ്രീസത്യസായി സേവാസംഘടന സംസ്ഥാന പ്രസിഡണ്ട് ഇ.മുകുന്ദന് ലീലാമേനോനും ജന്മഭൂമി പത്രത്തിനുമുള്ള പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ജില്ല കോഡിനേറ്റര്‍ കെ.ജി.അനില്‍കുമാര്‍ സ്വാഗതം ആശംസിക്കും. ജില്ല പ്രസിഡണ്ട് എം.എസ്.സംഗമേശ്വരന് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ഇ.മുകുന്ദന് ഉദ്ഘാടനം നിര്‍വ്വഹിക്കും. മഹിള വിഭാഗം സംസ്ഥാന കോഡിനേറ്റര്‍ ഗീത മുകുന്ദന്, സോണല്‍ യൂത്ത് കോഡിനേറ്റര്‍ ഹരികൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങിന്റെ ഭാഗമായി വിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രഭാഷണത്തിന്റെ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: