ലോസ് ആഞ്ചലസ്: എണ്‍പത്തി അഞ്ചാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ‘ലൈഫ് ഓഫ് പൈ’യുടെ സംവിധായകന് ആങ് ലീയാണ് മികച്ച സംവിധായകന്. സ്റ്റിവന് സ്പീല്‍ബര്‍ഗ്, ബെന്‍ അഫ്ളെക് എന്നീ പ്രതിഭാധനരയായ സംവിധായകരെ പിന്തള്ളിയാണ് ആങ് ലി മികച്ച സംവിധാനയകനുള്ള പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കിയത്.
മികച്ച സംവിധായകനും മികച്ച ഛായാഗ്രഹണവും സംഗീതവും അടക്കം ‘ലൈഫ് ഓഫ് പൈ’ നാല് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം ബെന്‍ അഫ്ളെക് സംവിധാനം ചെയ്ത ‘ആര്‍ഗോ’ സ്വന്തമാക്കി. മികച്ച ചിത്രസംയോജനം, മികച്ച അവലംബിത തിരക്കഥ എന്നീ പുരസ്കാരങ്ങളും ആര്ഗോക്കാണ്. 1979ല്‍ ഇസ്ലാമിക വിപ്ലവകാലത്ത് ഇറാനില്‍ ബന്ധികളാക്കപ്പെട്ട അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ കഥയാണ് ആര്‍ഗോയുടെ പ്രമേയം.
ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. മികച്ച ചിത്രം പ്രഖ്യാപിച്ചത് മിഷേല്‍ ഒബാമയായിരുന്നു. ബാഫ്തയില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരങ്ങളും ആര്‍ഗോ നേടിയിരുന്നു.
സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ‘ലിങ്കണി’ല്‍ എബ്രഹാം ലിങ്കണായി എത്തിയ ഡാനിയല്‍ ഡെ ലൂയിസ് മികച്ച നടനായപ്പോള്‍ സില്‍വര്‍ ലൈനിംഗ് പ്ലേബുക്കിലെ മികച്ച പ്രകടനത്തിലൂടെ ജന്നിഫര്‍ ലോറന്‍സ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്കാരം ക്രിസ്റ്റഫ് വോള്‍സ് നേടി. ‘ജാംഗോ അണ്‍ചെയ്ന്‍ഡ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് വോള്സിന് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പേപ്പര്‍മാന്‍ മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം നേടി. മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം ‘ബ്രേവ്’ സ്വന്തമാക്കി.
‘ഇന്നസെന്റ്’ ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയപ്പോള്‍ ഹൃസ്വചിത്രം (ലൈവ് ആക്ഷന്‍) ‘കര്‍ഫ്യൂ’ കരസ്ഥമാക്കി. ഓസ്കാറിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ബോംബെ ജയശ്രീക്ക് പുരസ്കാരം ലഭിച്ചില്ല. ലൈഫ് ഓഫ് പൈയിലെ ഗാനത്തിനായിരുന്നു ബോംബെ ജയശ്രീക്ക് ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം മൈക്കല്‍ ഹനേക്ക സംവിധാനം ചെയ്ത അമോര്‍ നേടി. മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്കാരം ലേ മിസറബിള്‍സ് നേടി. അന്നാ കരി നീനെക്കായി വസ്ത്രങ്ങള്‍ ഒരുക്കിയ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: