കുര്യന് അനുകൂലമായി വീണ്ടും നിയമോപദേശം

Monday 25 February 2013 2:30 pm IST

കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് അനുകൂലമായി വീണ്ടും നിയമോപദേശം. സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതിയില്‍ പി.ജെ. കുര്യനെതിരേ കേസ് എടുക്കേണ്ടെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലി ആഭ്യന്തര വകുപ്പിന് നിയമോപദേശം നല്‍കി. പെണ്‍കുട്ടിയുടെ പരാതിയില്‍ പുതിയതായി ഒന്നുമില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ട ആവശ്യമില്ല. കുര്യനെതിരേ തെളിവില്ലെന്നു സുപ്രീംകോടതിയും ഹൈക്കോടതിയും കണ്ടെത്തിയതാണെന്നും ഡി.ജി.പിയുടെ നിയമോപദേശത്തില്‍ പറയുന്നു. ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരേ പുതിയ പരാതി നല്‍കിയ പെണ്‍കുട്ടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകൂടി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. പരാതി സ്വീകരിച്ചു രസീത് നല്‍കിയ പോലീസ് കേസ് എടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ടി. ആസിഫലിയോടു നിയമോപദേശം തേടിയത്. കേസന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ധര്‍മരാജന്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. അതിനാല്‍ പുതിയ കേസിനു പ്രസക്തിയില്ല. കുര്യനു സമാനമായി മറ്റു പ്രതികളെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും ഡി.ജി.പി നിയമോപദേശത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.