സംസ്ഥാനത്തെ ആദ്യ അഗ്രോ സര്‍വ്വീസ്‌ സെന്ററിന്‌ തുടക്കം

Monday 25 February 2013 11:49 pm IST

കൊച്ചി: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക്‌ സംസ്ഥാന വ്യാപകമായി വിപണി കണ്ടെത്തുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ കൃഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കര്‍ഷകരെ സംരക്ഷിച്ചെങ്കില്‍ മാത്രമേ ഭക്ഷ്യ രംഗത്ത്‌ സുരക്ഷ സാധ്യമാകൂ. ഇതിന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും വിപണി കണ്ടെത്തുന്നതിനാവശ്യമായ നടപടി കൈകൊള്ളുമെന്നും കെ.പി.മോഹനന്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ അഗ്രോ സര്‍വ്വീസ്‌ സെന്ററിന്റെ ഉദ്ഘാടനം ആലങ്ങാട്‌ കെ.ഇ.എം ഹൈസ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തത്‌ കാര്‍ഷിക മേഖലയ്ക്ക്‌ വലിയ ഭീഷണിയാണ്‌. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കൃഷി ജോലികള്‍ ചെയ്യാമെങ്കിലും കേന്ദ്രം നിഷ്കര്‍ഷിച്ചിട്ടുള്ള ചില നിബന്ധനകള്‍ ഇതിന്‌ തടസ്സമാകുന്നു. കൃഷി ചെയ്യണമെന്ന്‌ ചിന്തിച്ചാലും ചെയ്യാനാകാത്ത സാഹചര്യം നിലവിലുണ്ട്‌. ഇത്‌ ഇല്ലാതാക്കുകയാണ്‌ അഗ്രോ സര്‍വ്വീസ്‌ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്‌-മന്ത്രി പറഞ്ഞു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തരിശ്‌ രഹിത സംസ്ഥാനമാക്കുന്നതിനാവശ്യമായ നടപടികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി തരിശ്‌ രഹിത പഞ്ചായത്തിന്‌ 10 ലക്ഷം രൂപ അനുവദിക്കും. മൂന്ന്‌ വര്‍ഷത്തിനകം 1000 കുളങ്ങള്‍ നവീകരിക്കുന്നതിന്‌ നടപടി സ്വീകരിക്കും. ജല സംരക്ഷണത്തിലൂടെ മാത്രമേ കൃഷി നിലനില്‍കൂവെന്നും കെ.പി.മോഹനന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങള്‍ സംസ്ഥാനത്ത്‌ കൃഷി മേഖലയ്ക്ക്‌ തിരിച്ചടിയാകുന്നുണ്ട്‌. കൃഷി മേഖലയ്ക്കാവശ്യമായ സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടുത്ത മാസം ആദ്യം പ്രധാന മന്ത്രിയേയും കേന്ദ്ര കൃഷി മന്ത്രിയേയും കണ്ട്‌ ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷിയെ കൂടുതല്‍ ലാഭകരമാക്കുന്നതിനാണ്‌ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ്‌ പറഞ്ഞു. അന്യം നിന്നു പോകുന്ന കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. കൃഷി മേഖലയ്ക്ക്‌ ആവശ്യമായ സഹായം ലഭ്യമാക്കിയാല്‍ കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ നമുക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷി ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ, വിത്തും വളവും തുടങ്ങി കര്‍ഷകര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ഒറ്റക്കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ അഗ്രോ സര്‍വ്വീസ്‌ സെന്ററുകള്‍ ആരംഭിക്കുന്നത്‌. സംസ്ഥാനത്ത്‌ 33 ആഗ്രോ സെന്ററുകളാണ്‌ ആരംഭിക്കുന്നത്‌. നെല്‍ കൃഷിക്കാവശ്യമായ ടില്ലര്‍, ട്രാക്ടര്‍, നടീല്‍ യന്ത്രങ്ങള്‍, സസ്യ സംരക്ഷണ ഉപകരണങ്ങള്‍, കൊയത്തു യന്ത്രങ്ങള്‍, മെതി യന്ത്രങ്ങള്‍, വയ്ക്കോല്‍ ബണ്ടിലാക്കുന്നതിനാവശ്യമായ ബെയലറുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, പുല്ലുവെട്ടു യന്ത്രം തുടങ്ങി വിവിധ യന്ത്രോപകരണങ്ങള്‍ ഒറ്റക്കുടക്കീഴില്‍ ചുരുങ്ങിയ വിലയ്ക്ക്‌ ലഭ്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. 15 പേരടങ്ങിയ വിദഗ്ദ കര്‍മ സേനയാണ്‌ അഗ്രോസര്‍വീസ്‌ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക. ചടങ്ങില്‍ അന്‍വര്‍ സാദത്ത്‌ എം.എല്‍.എ കര്‍ഷകരെ ആദരിച്ചു. ആലങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റാണി മത്തായി, കൃഷി വകുപ്പ്‌ ഡയറക്ടര്‍ ആര്‍.അജിത്‌ കുമാര്‍, പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.എം.കെ.ഷാജി, കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.ജിന്നാസ്‌, കരുമാല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാത്തിമ ഷംസുദ്ദീന്‍, ജില്ല പഞ്ചായത്ത്‌ മെമ്പര്‍മാരായ പി.എ.ഷാജഹാന്‍, യേശുദാസ്‌ പറപ്പിള്ളി, ബി.എ.അബുദിള്‍ മുത്തലിബ്‌, എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റാണി റോസ്ലന്റ്‌, മറ്റു തദ്ദേശ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.