ചാണക്യദര്‍ശനം

Thursday 28 July 2011 10:08 pm IST

"വിത്തം ദേഹി ഗൂണാന്വിതേഷു മതിമന്നാന്യത്ര ദേവി ക്വചില്‍ പ്രാപ്തം വാരിനിധേര്‍ജലം ഘന മുഖേ മാധുര്യയുക്തം സദാ ജീവാല്‍ സ്ഥാവരജംഗമശ്ച സക ലാന്‍ സംജിവ്യ ഭൂമണ്ഡലം ഭൂയഃപശ്യ തദേവ കോടിഗുണിതം ഗഛന്തമംഭോനിധിം." ശ്ലോകാര്‍ത്ഥം "പ്രപഞ്ചവിധാതാവായ പ്രഭോ! ധനം സമ്മാനിക്കുന്നുവെങ്കില്‍ അത്‌ സജ്ജനങ്ങള്‍ക്കായിരിക്കട്ടെ. കാരണമുണ്ട്‌ ഉപ്പുരസമുള്ള സമുദ്രജലം ആര്‍ക്കും ഉപയോഗപ്പെടുന്നില്ല. മേഘങ്ങളാല്‍ ശുദ്ധീകരിക്കപ്പെട്ട്‌ മഴയായി പെയ്യുമ്പോള്‍ തീരുന്നു. എന്നാല്‍ ജലം ഒട്ടും നഷ്ടപ്പെടാതെ ബാക്കിയുള്ള ജലം സമുദ്രത്തിലേക്ക്‌ തന്നെ പോകുന്നു." സദാചാരത്തിന്റെ പ്രകടിത ഭാവമാണ്‌ ഈ ശ്ലോകത്തില്‍ അടങ്ങുന്നത്‌. ചാണക്യന്‍ ജീവിച്ചിരുന്ന കാലത്തെ സാമൂഹ്യ അന്തരീക്ഷത്തിന്റെ ഒരേകദേശ പ്രതിബിംബം ഈ ശ്ലോകത്തിലുണ്ട്‌. സമ്പന്നന്മാര്‍ പൊതുവെ രണ്ടുവിധമാണ്‌. ധര്‍മ്മ മാര്‍ഗ്ഗങ്ങളില്‍ക്കൂടി സമ്പത്തുണ്ടാക്കിയവരും, അധര്‍മ്മമാര്‍ഗത്തില്‍ കൂടി സമ്പത്തുണ്ടാക്കിയവരും. അധര്‍മ്മികള്‍ക്ക്‌ സമ്പത്ത്‌ എത്രയുണ്ടായും സജ്ജനങ്ങള്‍ക്ക്‌ ഉപയോഗപ്പെടാറില്ല. സമുദ്രത്തിലേക്ക്‌ നോക്കൂ. അവളവറ്റ ജലമല്ലേ കിടക്കുന്നത്‌. പക്ഷേ ആര്‍കകും ഉപയോഗിക്കാന്‍ കഴിയുന്നില്ല. സമുദ്ര ജലത്തിന്‌ ലവണ രസം ഉള്ളതാണ്‌. അത്‌ വര്‍ജ്ജിക്കാന്‍ കാരണമെങ്കില്‍ അധര്‍മ്മിയുടെ സമ്പത്തിന്‌ ഉദ്ദേശ ശുദ്ധിയില്ലാത്തതാണ്‌. അത്‌ ഉപയോഗിക്കപ്പെടാതിരിക്കാന്‍ കാരണം. അധര്‍മ്മിയും ധര്‍മ്മിയുമായ സമ്പന്നമാരെ നേരിട്ടു പരിചയപ്പെട്ട ചാണക്യന്‍ ജനന്മയ്ക്ക്‌ ഏത്‌ സമ്പത്ത്‌ ഉപയോഗപ്പെടുന്നു എന്ന്‌ കൃത്യമായി അളന്നുവച്ചിട്ടുണ്ട്‌. അതുകൊണ്ടാദ്ദേഹം ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു. പ്രപഞ്ച വിധാതാവായ പ്രഭോ! ധനം നല്‍കുന്നുവെങ്കില്‍ സജ്ജനങ്ങള്‍ക്ക്‌ നല്‍കുക! അത്‌ ലോകാപകാരപ്രദമായിത്തീരും. മറിച്ച്‌ ദുര്‍ജ്ജനങ്ങള്‍ക്ക്‌ നല്‍കിയാല്‍ ആ ധനം വിഫലമാണെന്ന്‌ മാത്രമല്ല, രാജ്യത്ത്‌ അഴിമതിയും ആക്രവും, അരാജകത്വവും വര്‍ധിപ്പിക്കാന്‍ ഈ ധനം തന്നെ ഉപയോഗിക്കപ്പെടുകയും ചെയ്യും. ഒരു രാഷ്ട്ര നിര്‍മ്മാണത്തിന്റെ പിന്നില്‍ രാപകലധ്വാനിച്ച ഗുരു ചാണക്യന്റെ ദേശസ്നേഹവും സാമൂഹ്യബോധവും ഈ വരികളില്‍ കാണുന്നു. ശ്ലോകത്തിന്റെ വ്യാഖ്യാനം ഇവിടംകൊണ്ടും അവസാനിക്കില്ല. കാരണം സമ്പത്തുള്ള അധര്‍മ്മിയെ ഉപ്പുള്ള നിറഞ്ഞ സമുദ്രത്തോട്‌ ഉപമിച്ചതുകൊണ്ടു മാത്രം അര്‍ത്ഥം പൂര്‍ണമാവുന്നില്ല. സമുദ്രത്തിലെ ലവണജലം പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കത്തക്കവിധം ശുദ്ധീകരിക്കപ്പെടുന്നത്‌ മേഘങ്ങളെക്കൊണ്ടാണ്‌. ആ മേഘങ്ങളാകട്ടെ, കഠിനമായ ചൂടില്‍ രൂപം പ്രാപിക്കുന്നതും തണുപ്പില്‍ വെള്ളത്തുള്ളികളായി ഇല്ലാതാകുനനതുമാണ്‌. സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന അധര്‍മ്മികളുടെ കൈയിലുള്ള സമ്പത്ത്‌ എങ്ങനെ ജനങ്ങള്‍ക്ക്‌ ഉപയോഗപ്രദമാക്കാം. ഈ പ്രക്രിയയില്‍ പങ്കെടുക്കുന്ന ഏതാനും ഏജന്‍സികളെ കുറിച്ചുകൂടി ചാണക്യന്‍ സൂചിപ്പിക്കുന്നു. സമുദ്രകഥയില്‍ മേഘങ്ങള്‍ ഇത്തരമൊരു ഏജന്‍സിയാണ്‌. സ്വയം ഉണ്ടാവുന്നതും സ്വയം ഇല്ലാതാവുന്നതും, സമുഹത്തിലും ഇത്തരം ഏജന്‍സികള്‍ അല്ലെങ്കില്‍ സന്നദ്ധ സംഘങ്ങള്‍ അല്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അത്യാവശ്യമാണെന്നും ഈ സ്ഥാപനങ്ങള്‍ക്ക്‌ അധര്‍മ്മികളെ സമീപിച്ച്‌ അധര്‍മ്മികളില്‍ നിന്ന്‌ ധന സമാര്‍ജ്ജനം നടത്തി ജനോപകാരപ്രദമായ പദ്ധതികള്‍ക്ക്‌ വിനിയോഗിക്കാമെന്നും ആവശ്യം കഴിഞ്ഞാല്‍ ആ സ്ഥാപനങ്ങള്‍ സ്വയം ഇല്ലാതായി കഴിഞ്ഞോട്ടെ എന്നും ചാണക്യന്‍ നിര്‍ദ്ദേശിക്കുന്നു. ഇത്‌ ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്ക്‌ മാത്രമല്ല, ജനകീയാസൂത്രണ പദ്ധതിയില്‍പ്പെട്ടെ മുഖ്യ ഘടകമാണെന്നുകൂടി നാം മനസ്സിലാക്കേണ്ടതാണ്‌. ഇത്‌ പറയാന്‍ ചണക്യനേ ഉണ്ടായുള്ളൂ. ഇന്നാരുമില്ലല്ലോ! എപ്പോഴും ഒരു കാര്യം ഓര്‍മ്മിക്കാനുണ്ട്‌. ധനം നന്മയ്ക്കും തിന്മയ്ക്കും കൊള്ളാം. ഈ രണ്ടും അതില്‍ അടങ്ങിയിരിക്കുന്നു. അത്‌ ആര്‌ കൈകാര്യം ചെയ്യുന്നു എന്ന അടിസ്ഥാനത്തിലാണ്‌ അതിന്റെ ഗുണവും ദോഷവും നിശ്ചയിക്കപ്പെടുന്നത്‌. സജ്ജനത്തിന്റെ കൈയില്‍പ്പെട്ട പണം നന്മ ചെയ്യുന്നു. ദുര്‍ജനത്തിന്റെ കൈയില്‍ പണം ദൂഷ്യം ചെയ്യുന്നു. ഗുരു ചാണക്യന്‍ ഭാരതം കണ്ട ഏറ്റവും വലിയ സമ്പദ്ശാസ്ത്രജ്ഞനാണ്‌. ഈ ഒറ്റസിദ്ധാന്തത്തില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ ശാസ്ത്രപാണ്ഡിത്യം ആര്‍ക്കും മനസ്സിലാകും. പലപ്പോഴും നാം പഴി പറയന്നത്‌ പണത്തെയാണ്‌. ഗുരുചാണക്യന്‍ സൂചിപ്പിക്കുന്നത്‌ പണത്തിന്റെ നിര്‍ദോഷീത്വം തന്നെ. പഴിപറയേണ്ടത്‌ പണം ഉപയോഗിക്കുന്നവരെയാണ്‌.