മോദിക്ക്‌ അല്‍ ഖ്വയ്ദ ഭീഷണി

Monday 4 March 2013 11:57 pm IST

ന്യൂദല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക്‌ അല്‍ ഖ്വയ്ദ ഭീഷണി. ഭീകരസംഘടനയുടെ ഇംഗ്ലീഷ്‌ ഓണ്‍ലൈന്‍ മാഗസിനിലാണ്‌ പുതിയ ജിഹാദിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്‌. അല്‍ ഖ്വയ്ദയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്‌ സല്‍മാന്‍ റുഷ്ദിയാണെന്നും ഓണ്‍ലൈന്‍ മാഗസിന്റെ ഈ ലക്കത്തില്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ എഴുത്തുകാരനാണ്‌ റുഷ്ദി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഹിന്ദുക്കളുടെ കടന്നുകയറ്റത്തെക്കുറിച്ച്‌ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. യുവാക്കളെ ലക്ഷ്യമിട്ടാണ്‌ അല്‍ ഖ്വയ്ദയുടെ ഓണ്‍ലൈന്‍ മാഗസിന്‍. ഇവയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ മുമ്പ്‌ തന്നെ പോലീസ്‌ പിടിയിലായിരുന്നു. 2012 സപ്തംബറില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റ്‌ ചെയ്യപ്പെട്ട 18 പേര്‍ ഈ മാഗസിനുകളിലൂടെ മനംമാറ്റം വന്നവരായിരുന്നുവെന്ന്‌ അന്വേഷണ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. അല്‍ ഖ്വയ്ദ ഭീകരനായ അല്‍ സൂരിയാണ്‌ മാഗസിനില്‍ ലേഖനം എഴുതിയിരിക്കുന്നത്‌. എന്തുകൊണ്ട്‌ ഗുജറാത്തിലും കാശ്മീരിലും ആക്രമണം അഴിച്ചുവിടുന്നില്ലെന്നും സൂരി ചോദിക്കുന്നു. സിറിയന്‍ ജയിലില്‍ നിന്ന്‌ 2011 ഡിസംബറില്‍ മോചിതനായ ഭീകരനാണ്‌ സൂരി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ കടന്നുകയറ്റത്തോടെ പതിനായിരക്കണക്കിനാളുകളാണ്‌ കൊല്ലപ്പെട്ടത്‌. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്‌, ആഫ്രിക്ക എന്നിവിടങ്ങളില്‍ ക്രൈസ്തവരുടെ കടന്നുകയറ്റമാണ്‌ ഉണ്ടാകുന്നത്‌. ബര്‍മ്മയിലും തായ്‌ലന്‍ഡിലും ബുദ്ധമതക്കാര്‍ പിടിമുറുക്കുന്നു. ഗുജറാത്തിലും കാശ്മീരിലും ഹിന്ദുക്കളും. എല്ലായിടവും അടിച്ചമര്‍ത്തപ്പെടുന്നത്‌ മുസ്ലീങ്ങള്‍ മാത്രമാണെന്ന്‌ സൂരി ആരോപിക്കുന്നു. അതിനാല്‍ ഈ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്കെതിരായ ദുര്‍ഭരണം അവസാനിപ്പിക്കുന്നതിന്‌ ജിഹാദിന്‌ തയ്യാറാകണമെന്നാണ്‌ ലേഖനത്തിന്റെ ആഹ്വാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.