സംസ്കൃത സര്‍വകലാശാലയില്‍ നടക്കുന്നത്‌ ദേശീയതക്കെതിരെയുള്ള വെല്ലുവിളി

Sunday 19 June 2011 10:59 pm IST

കാലടി: സംസ്കൃത സര്‍വ്വകലാശാലയില്‍ നവോത്ഥാനനായകന്മാരായ ആദിശങ്കരന്‍, ഗുരുദേവന്‍, ഗാന്ധിജി, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവരുടെ പഠനകേന്ദ്രങ്ങളും ഇന്‍ര്‍റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയത്‌ ദേശീയതക്കെതിരെയുള്ള വെല്ലുവിളിയാണെന്ന്‌ സനാതന ധര്‍മ സുഹൃദ്‌വേദി ആരോപിച്ചു. കേരള, കോഴിക്കോട്‌, എംജി സര്‍വകലാശാലകളില്‍ നവോത്ഥാന നായകന്മാരുടെ പേരില്‍ പ്രത്യേക പഠനകേന്ദ്രങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സംസ്കൃത സര്‍വകലാശാല മാത്രം ഇത്‌ നിര്‍ത്തലാക്കിയതു വഴി വൈസ്ചാന്‍സലറും സിന്‍ഡിക്കേറ്റും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തിയതെന്നും യോഗം കുറ്റപ്പെടുത്തി. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ പോരാടേണ്ട സര്‍വകലാശാലകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി വര്‍ഗീയതക്ക്‌ പരോക്ഷമായി കൂട്ടുനില്‍ക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കുമെന്നും സുഹൃദ്‌വേദിനേതാക്കള്‍ പറഞ്ഞു. പെരുമ്പാവൂര്‍ എസ്‌എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടന്ന യോഗം എസ്‌എന്‍ഡിപി താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്‌എസ്‌ ടൗണ്‍ കരയോഗം പ്രസിഡന്റ്‌ ടി.എന്‍.അരുണ്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ.പി.വി.പീതാംബരന്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍മ സമിതി ഭാരവാഹികളായി ടി.കെ.ബാബു (ചെയര്‍മാന്‍),കെ.ഹരി, എന്‍.ആര്‍.ബിനോയി, കെ.രാമചന്ദ്രന്‍, കെ.പി.അനന്തന്‍ (ഉപാധ്യക്ഷന്മാര്‍) എം.എസ്‌.സുനില്‍(കണ്‍വീനര്‍), വി.കൃഷ്ണന്‍, സി.വി.രാമന്‍, ശശി രാവുണ്ണി (ജോ.കണ്‍വീനര്‍മാര്‍), പി.ടി.സുബ്രഹ്മണ്യന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.