ഗേറ്റ്മാന്‍ മദ്യ ലഹരിയില്‍; റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ വൈകി

Thursday 28 July 2011 11:10 pm IST

തൃക്കരിപ്പൂറ്‍: മദ്യലഹരിയില്‍ ഗേറ്റ്മാന്‍ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ വൈകിയതിനെത്തുടര്‍ന്ന്‌ റോഡ്‌ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഉദിനൂറ്‍ റെയില്‍വെ ഗേറ്റിലാണ്‌ സംഭവം. ഗുഡ്സ്‌ വാഗണ്‍ കടന്ന്‌ പോകുന്നതിനായി അടച്ചിട്ട ഗേറ്റ്‌ വണ്ടി കടന്ന്‌ പോയിട്ടും തുറക്കാന്‍ ഗേറ്റ്‌ കീപ്പര്‍ തയ്യാറായില്ല. ഇനിയും വണ്ടി വരാനുണ്ടെന്ന്‌ പറഞ്ഞാണ്‌ ഇയാള്‍ ഗേറ്റ്‌ തുറക്കാതിരുന്നത്‌. എന്നാല്‍ അരമണിക്കൂറ്‍ കഴിഞ്ഞിട്ടും വണ്ടിയെത്താതിനെ തുടര്‍ന്ന്‌ ഡ്രൈവര്‍മാര്‍ വീണ്ടും അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ഗേറ്റിന്‌ തകരാറാണെന്നും തുറക്കാന്‍ പറ്റില്ലെന്നായിരുന്നു ഗേറ്റ്‌ കീപ്പര്‍ വിജയന്‍ പിള്ളയുടെ മറുപടി. ഇതോടെ ഡ്രൈവര്‍മാരും നാട്ടുകാരും ഗേറ്റ്‌ മാനോട്‌ തര്‍ക്കിക്കുകയും കൈയ്യാങ്കളിയിലേര്‍പ്പെടുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയും ഇതിനിടയില്‍ പോലീസ്‌ സ്ഥലത്തെത്തുകയും ചെയ്തു. പോലീസ്‌ എത്തിയതോടെ ഗേറ്റുമാന്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ പോലീസ്‌ റെയില്‍വെ അധികൃതരെ അറിയിക്കുകയും പുതിയ ഗേറ്റുമാനെ സ്ഥലത്തെത്തിച്ച്‌ ഗേറ്റ്‌ തുറക്കുകയും ചെയ്തു. തൃക്കരിപ്പൂറ്‍ ഗവ. ആശുപത്രിയിലെത്തിച്ച ഗേറ്റുമാന്‍ വിജയപിള്ളക്ക്‌ മറ്റ്‌ കുഴപ്പമൊന്നുമില്ലെന്നും മദ്യലഹരി മൂലം വീണതാകാമെന്നുമാണ്‌ ഡോക്ടര്‍ പറഞ്ഞത്‌. മദ്യ ലഹരിയില്‍ ദീര്‍ഘനേരം റെയില്‍വെ ഗേറ്റടച്ചിട്ട്‌ റോഡ്‌ ഗതാഗതം തടസ്സപ്പെടുത്തിയ ഗേറ്റുമാനെതിരെ റെയില്‍വെ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.