കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു

Monday 11 March 2013 6:40 pm IST

പാലക്കാട്: കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു. സമകാലിക കഥകളിയിലെ കരുത്തുറ്റ നടനായിരുന്നു അദ്ദേഹം. കത്തി, വെള്ളത്താടി വേഷങ്ങള്‍ക്ക് ഒരു പുതിയ ഭാഷ്യം രാമന്‍‌കുട്ടി നായര്‍ നല്‍കി. കഥകളി വടക്കന്‍ ചിട്ടയുടെ ശൈലിയും ശീലങ്ങളും ലാവണ്യശാസ്ത്ര നിയമമായി മാറിയത് കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്ന മഹാനടന്റെ പതിറ്റാണ്ടുകളുടെ അഭിനയം കൊണ്ടാണ്. രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണന്‍, തോരണയുദ്ധത്തിലെ ഹനുമാന്‍, നരകാസുരന്‍, ദുര്‍വാസാവ്, കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അര്‍ജുനനന്‍ തുടങ്ങിയവയാണ് രാമന്‍കുട്ടിനായരുടെ പ്രധാന വേഷങ്ങള്‍. 1925 ഇടവത്തില്‍ പൂയം നക്ഷത്രത്തില്‍ ഒറ്റപ്പാലത്തെ വെള്ളിനേഴിക്കടുത്ത് കുറുവട്ടൂരിലാണ് രാമന്‍‌കുട്ടി നായരുടെ ജനനം. പാരമ്പര്യമായ പല കഥകളി നിയമങ്ങളേയും രാമന്‍കുട്ടി നായര്‍ അനുസരിച്ചില്ല. കാഴ്ച തഴക്കങ്ങളെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. പക്ഷെ കാലാന്തരത്തില്‍ അദ്ദേഹത്തിന്‍റെ രീതി കഥകളിയുടെ പുതിയ വ്യാകരണമായി കാഴ്ചക്കാര്‍ സ്വീകരിക്കുകയാണുണ്ടായത്. പതിമൂന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രാമന്‍കുട്ടി നായര്‍ അധ്യാപകനായും പ്രിന്‍സിപ്പാളായും നാല്‍പതിലേറെ കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. കഥകളിയുടെ കേളീ പതാക പാറിച്ച് അദ്ദേഹം ഇന്ത്യയിലും വിദേശത്തും രംഗാവതരണങ്ങള്‍ നടത്തി. മൂന്നു തവണ വീരശൃംഖല ലഭിച്ചു. കാളിദാസ പുരസ്കാരവും സംസ്ഥാനത്തിന്‍റെ കഥകളീ പുരസ്കാരവും ലഭിച്ചു. കേരള, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകളും ഫെലോഷിപ്പുകളും ലഭിച്ചു. സരസ്വതിയമ്മയാണ് ഭാര്യ. നാരായണന്‍കുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടന്‍ എന്നിവര്‍ മക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.