പോലീസ്‌ കസ്റ്റഡിയിലായ കുമ്പള സ്വദേശി രക്ഷപ്പെട്ടു

Thursday 28 July 2011 11:13 pm IST

കുമ്പള: യുവതികളെ കല്യാണം കഴിച്ച്‌ സ്വര്‍ണ്ണവും പണവും കൈക്കലാക്കി ലോഡ്ജില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസുകളില്‍ പ്രതിയായ യുവാവ്‌ പോലീസ്‌ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. കുമ്പള, എടനാട്ടെ യോഗേഷ്‌ ആണ്‌ രക്ഷപ്പെട്ടത്‌. ഇന്നലെ രാവിലെ വര്‍ക്കല റെയില്‍വെ സ്റ്റേഷനിലാണ്‌ സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കി തിരികെ തിരുവനന്തപുരത്തെ ജയിലിലേക്ക്‌ കൊണ്ടുപോകുന്നതിനിടയിലാണ്‌ സംഭവം. വര്‍ക്കല റെയില്‍വെ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എസ്കോര്‍ട്ടുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ്‌ പ്രതിയായ യോഗേഷ്‌ രക്ഷപ്പെട്ടത്‌. ഉടന്‍ തന്നെ പോലീസുകാര്‍ പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്‌ യോഗേഷിനെ തിരുവനന്തപുരം പോലീസ്‌ അറസ്റ്റുചെയ്തത്‌. തിരുവനന്തപുരത്തെ ഒരു ബേക്കറിയില്‍ ജോലി ചെയ്തുവരുന്നതിനിടയില്‍ ഒരു യുവതിയുമായി പ്രണയത്തിലാവുകയും കല്യാണം കഴിക്കാമെന്നു പറഞ്ഞ്‌ കൂടെ കൂട്ടുകയും ചെയ്തു. പിന്നീട്‌ കൊച്ചിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം യോഗേഷ്‌ മുങ്ങുകയായിരുന്നു. യുവതി നല്‍കിയ പരാതി പ്രകാരം അന്വേഷിക്കുന്നതിനിടയിലാണ്‌ യോഗേഷ്‌ പിടിയിലായത്‌. തുടര്‍ന്ന്‌ നടത്തിയ വിശദമായ അന്വേഷണത്തില്‍ യോഗേഷ്‌ മറ്റു ചില യുവതികളെയും സമാനരീതിയില്‍ വഞ്ചിച്ചു കടന്നുകളഞ്ഞതായി പോലീസ്‌ കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ്‌ ഇന്നലെ രാവിലെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.