ഭീകരത ഉയര്‍ത്തുന്ന ഭീഷണി

Tuesday 12 March 2013 10:12 pm IST

2013 ഫെബ്രുവരി 21-ന്‌ ഹൈദരാബാദില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരത വീണ്ടും നമ്മുടെ സുരക്ഷയ്ക്ക്‌ നാശമുണ്ടാക്കിയിരിക്കുന്നു. 2005 ജൂലൈ മുതല്‍ ഉണ്ടായിട്ടുള്ള 25-ാ‍ളം ഭീകരാക്രമണങ്ങളില്‍ നിഷ്കളങ്കരായ 500-ലേറെ ഇന്ത്യക്കാരാണ്‌ കൊല്ലപ്പെട്ടിട്ടുള്ളത്‌. കൊല്ലപ്പെട്ടിട്ടുള്ള സുരക്ഷാ ജീവനക്കാരുടേയും ജമ്മു-കാശ്മീരിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ഗ്രാമത്തലവന്മാരും എണ്ണം ഇതിനു പുറമെയാണ്‌. രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ ന്യൂദല്‍ഹി, വാണിജ്യ തലസ്ഥാനമായ മുംബൈ, വിജ്ഞാന തലസ്ഥാനമായ ബംഗളുരു, ഹൈദരാബാദ്‌, ആത്മീയ കേന്ദ്രമായ വാരാണസി, സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമായ പുനെ തുടങ്ങി നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും വരെ ഭീകരാക്രമണത്തിന്‌ ഇരയായിട്ടുണ്ട്‌. ഭീകരാക്രമണങ്ങള്‍ നടപ്പാക്കുന്നവര്‍ക്കും അത്‌ ആസൂത്രണം ചെയ്യുന്നവര്‍ക്കും പാക്കിസ്ഥാനിലാണ്‌ സുരക്ഷിത കേന്ദ്രം. അവിടുത്തെ ഭരണവര്‍ഗവും സൈന്യവും അതിനു വേണ്ട ഒത്താശ ചെയ്യുന്നു. പാക്കിസ്ഥാനിലെ ഭരണകൂടവും അതിനു പുറത്തുള്ളവരും ഇക്കാര്യത്തില്‍ അവരുടേതായ പങ്ക്‌ വഹിക്കുന്നുണ്ട്‌. ലഷ്കറെ തോയ്ബ പാക്‌ ഭരണകൂടത്തിന്റെ അനുഗ്രഹാശിസുകള്‍ ആവോളം അനുഭവിക്കുന്നുണ്ടെന്നത്‌ പരസ്യമായ വസ്തുതയാണ്‌. ഹൈദരാബാദ്‌ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന്‌ പ്രധാനമായി സംശയിക്കപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്തെ ഏറ്റവും മാരകമായ ഭീകര സംഘമായി വളര്‍ന്നിട്ടുണ്ട്‌. പ്രതികാരമാണ്‌ അവരുടെ ലക്ഷ്യം. ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയാണ്‌ അവര്‍ പ്രധാനമായി ചെയ്യുന്നത്‌. ഇവര്‍ക്കു പിന്നിലുള്ള ഉന്നതര്‍ക്കും പാക്കിസ്ഥാനിലാണ്‌ സുരക്ഷിത താവളം. അവരുടെ മണ്ണില്‍ നിന്ന്‌ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരേ പാക്കിസ്ഥാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതാകില്ലെന്ന ഉറച്ച വിശ്വാസമാണ്‌ ബിജെപിക്കുള്ളത്‌. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫുമായി ഉണ്ടാക്കിയ 2004-ലെ കരാറില്‍ പാക്കിസ്ഥാന്‍ നല്‍കിയിട്ടുള്ള വാഗ്ദാനമാണിത്‌. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഈ കരാര്‍ തന്നെ മറന്നുപോയിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനു നേര്‍ക്ക്‌ കര്‍ശന നടപടി സ്വീകരിച്ചെങ്കിലും കാലക്രമേണ ഇതില്‍ അയവു വരുത്തി. 2009-ലെ ഷാം-എല്‍-ഷെയ്ഖ്‌ പ്ര്യാപനത്തിലൂടെ സര്‍ക്കാര്‍ നിലപാടില്‍ നിന്നു പിന്നോക്കം പോവുകയും മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌ കേവലം അനുഷ്ഠാനം മാത്രമാവുകയും ചെയ്തു. ഭീകരതയെ രാഷ്ട്രീയവത്കരിക്കുകയാണ്‌ മിക്ക സമയത്തും യുപിഎ ചെയ്യുന്നത്‌. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന 'ഭീകരവിരുദ്ധ നിയമം' (പോട്ട) സുപ്രീം കോടതി ശരിവച്ചിട്ടു പോലും യുപിഎ അതിനെ എതിര്‍ക്കുകയായിരുന്നു. പോട്ട ഭീകര വിരുദ്ധമല്ല, ന്യൂനപക്ഷ വിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം. ഭീകരതയ്ക്കു മതമോ നിറമോ ഇല്ലെന്നത്‌ മറന്നുകൊണ്ടാണ്‌ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കാവി, ഹിന്ദു ഭീകരത എന്ന്‌ കുറ്റപ്പെടുത്തിയത്‌. അതിനൊപ്പം, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ തന്തുക്കളെ പ്രതിനിധാനം ചെയ്യുന്നതാണ്‌ കാവിയും ഹിന്ദു പാരമ്പര്യമാണെന്നതും അദ്ദേഹം മറന്നു പോയി. ഷിന്‍ഡെയുടെ വാക്കുകള്‍ പാക്കിസ്ഥാനിലെ ഭീകരര്‍ക്ക്‌ ആഹ്ലാദം പകരുന്നതായിരുന്നു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ലഷ്കറെ തോയ്ബ സ്ഥാപകന്‍ ഹാഫീസ്‌ സയീദ്‌ ഇതിനെ പരസ്യമായി സ്വാഗതം ചെയ്തു. ബിജെപിയേയും ആര്‍എസ്‌എസിനേയും മുറിവേല്‍പ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്‌ ഷിന്‍ഡെ ഖേദപ്രകടനം നടത്തിയതു കൊണ്ടുമാത്രം പാക്കിസ്ഥാനും അവിടുത്തെ ഭീകര സംഘടനകളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌ അവസാനിപ്പിക്കുമെന്ന്‌ കരുതാനാവില്ല. ഏഴു വര്‍ഷം മുമ്പ്‌ സുപ്രീം കോടതി വധശിക്ഷ ശരിവച്ചിട്ടും അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ വോട്ടു ബാങ്ക്‌ ലക്ഷ്യം വച്ച്‌ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഭീകരര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രതികാരം ചെയ്യുന്നത്‌ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതായിരുന്നു. സ്ഫോടനം നടന്നേക്കുമെന്നു സര്‍ക്കാരിന്‌ വിവരമുണ്ടായിരുന്നുവെന്ന ഷിന്‍ഡെയുടെ പ്രസ്താവന ഹൈദരാബാദ്‌ സ്ഫോടനം തടയുന്നതില്‍ പരാജയപ്പെട്ടു എന്ന വാസ്തവം ഇല്ലാതാക്കുന്നില്ല. ഇതിനെക്കുറിച്ച്‌ വിവരമുണ്ടായിട്ടും സ്ഫോടനം തടയുന്നതില്‍ പരാജയപ്പെട്ടു എന്നതു സംബന്ധിച്ച്‌ സര്‍ക്കാരിന്‌ നിരവധി വിശദീകരണങ്ങള്‍ നല്‍കേണ്ടതുണ്ട്‌. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിനു വേണ്ടി ഭീകരതയെ രാഷ്ട്രീയവത്ക്കരിക്കുന്നതിലൂടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ഭീകരതയെ നേരിടാനുള്ള കരുത്തു കുറയ്ക്കുകയുമാണ്‌ ചെയ്യുന്നത്‌. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതിനാല്‍ ഭീകരതയോട്‌ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഒത്തുതീര്‍പ്പും പാടില്ലെന്ന ഉറച്ച വിശ്വാസമാണ്‌ ബിജെപിക്കുള്ളത്‌. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരികയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം കണക്കിലെടുക്കാതെ തന്നെ അത്‌ സ്വീകരിക്കണം. ഭീകരതയ്ക്കെതിരേ പൊരുതുന്നതിന്‌ ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ണമായി ഒരുക്കേണ്ടതുണ്ട്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിപ്പോടെയുള്ള ഉത്തരവാദിത്വമാണ്‌ ഭീകരതയെ നേരിടുക എന്നത്‌. നമ്മുടെ ഭരണഘടന അനുസരിച്ച്‌ പ്രതിരോധം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതാണ്‌. ക്രമസമാധാനവും പോലീസും സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരും. ഫെഡറലിസം അംഗീകരിച്ചുകൊണ്ടും യോജിച്ചുകൊണ്ടുമാകണം ഭീകരതയ്ക്കെതിരായ പോരാട്ടം. സാങ്കല്‍പ്പിക ഫെഡറലിസവും ഭീകരതയും എന്ന ആശയം ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. ദേശീയ ഭീകര വിരുദ്ധ ഏജന്‍സി (എന്‍സിടിസി) യോട്‌ ബിജെപിക്കു തത്വത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അതിന്റെ അധികാരവും നിയമപരിധിയും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാകണം. മാവോയിസവും നക്സലിസവും ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു. യാതൊരു വിധത്തിലുള്ള ആശങ്കകളുമില്ലാതെ അവര്‍ ഗ്രാമ പ്രദേശങ്ങളില്‍ നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുന്നു. അതിനൊപ്പം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ജീവനക്കാരെ കൂട്ടത്തോടെ വധിക്കുന്നു. ഇതൊരു ദേശീയ പ്രശ്നമായിട്ടു പോലും ഇതിനെ നേരിടുന്നതിന്‌ ആവശ്യമായ കാഴ്ചപ്പാടോ ദിശാബോധമോ സര്‍ക്കാരിനില്ല. പാക്‌ സൈന്യത്തിന്റെ നിഷ്ഠുരത ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ രണ്ട്‌ ധീര ജാവന്മാരെ പാക്‌ സൈന്യം ഏറ്റവും മനുഷ്യത്വരഹിതവും നിഷ്ഠുരവുമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നു. അവരുടെ തല വെട്ടിയെടുത്ത സംഭവം ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയാത്തതും അപലപനീയവുമാണ്‌. ഉചിതമായ സമയത്ത്‌ ഇതിന്‌ തക്ക തിരിച്ചടി നല്‍കാനുള്ള നമ്മുടെ സൈന്യത്തിന്റെ വിവേചനാധികാരത്തെ നാം തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ്‌ ഇതൊക്കെ നടക്കുന്നതും. അതുകൊണ്ടു തന്നെ പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ എവിടെ വരെ പോകാം എന്നതിന്‌ അതിര്‍ത്തിരേഖ വരയ്ക്കേണ്ട സമയമായിരിക്കുന്നു. അതിര്‍ത്തിക്കപ്പുറത്തു നിന്ന്‌ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരത മൂലം നിഷ്കളങ്കരായ ഇന്ത്യക്കാര്‍ തുടര്‍ച്ചയായി മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പാക്കിസ്ഥാനുമായി അര്‍ഥവത്തായ ഒരു ഇടപെടല്‍ സാധ്യമല്ല. രാജ്യതലസ്ഥാനത്ത്‌ ഇന്ത്യയുടെ ധീരയായ മകളെ മനുഷ്യത്വരഹിതമായ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയത്‌ രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്‌. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ തന്നെയാണ്‌ ഇത്‌ നടന്നത്‌ എന്നതിനാല്‍ ഇത്‌ കടുത്ത നാണക്കേടുണ്ടാക്കുന്നതും ശക്തമായി അപലപിക്കേണ്ടതുമാണ്‌. ജനങ്ങള്‍ക്കുണ്ടായ രോഷം നീതീകരിക്കാന്‍ പറ്റുന്നതാണ്‌. യുവാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ ഏറ്റവും മോശപ്പെട്ട രീതിയിലാണ്‌ ദല്‍ഹി പോലീസും ഭരണകൂടവും കൈകാര്യം ചെയ്തത്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചിലരുടെ മാതാപിതാക്കളും വരെ കഠിനമായ ലാത്തിച്ചാര്‍ജിന്‌ ഇരയാകേണ്ടി വന്നു. കൊടുംതണുപ്പില്‍ അവര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭന്ധാര (മഹാരാഷ്ട്ര)യില്‍ മൂന്നു പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ സംഭവം ശക്തമായി അപലപിക്കേണ്ടതാണ്‌. തങ്ങള്‍ സുരക്ഷിതരാണെന്ന്‌ ഇന്ത്യയിലെ സ്ത്രീകള്‍ക്കു തോന്നിയാല്‍ മാത്രമേ ഇന്ത്യ വളരുകയുള്ളൂ. ഇത്‌ നമ്മുടെ കൂട്ടുത്തരവാദിത്തമാണ്‌. ഇക്കാര്യത്തില്‍ നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന്‌ ബിജെപി പൂര്‍ണ പിന്തുണ നല്‍കും. വെറും കാട്ടിക്കൂട്ടല്‍ നടപടികള്‍ കൊണ്ടു കാര്യമില്ല. പോലീസ്‌, നിയമ, ജുഡീഷ്യല്‍ മേലകള്‍ ശക്തിപ്പെടുത്തിക്കൊണ്ട്‌ അതിവേഗം കുറ്റവാളികളെ പിടികൂടാനും ശിക്ഷിക്കാനുമായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്‌. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.