പദ്ധതികള്‍ പാതിവഴിയില്‍; ജലവിതരണവും

Tuesday 12 March 2013 11:58 pm IST

എം.ആര്‍ അനില്‍കുമാര്‍ കോട്ടയം: ജില്ലയില്‍ കുടിവെള്ളവിതരണത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിയാതെ ജലഅതോറിറ്റി നട്ടംതിരിയുന്നു. കുടിവെള്ള വിതരണത്തിനായി നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഈ പദ്ധതികളിലെ അപാകതകളാണ് കൃത്യമായി കുടിവെള്ള വിതരണം നടത്താന്‍ കഴിയാത്ത തരത്തില്‍ ജല അതോറ്റിയെ കുഴപ്പത്തിലാക്കിയിട്ടുള്ളത്. വേനല്‍ക്കാലത്ത് കുടിവെള്ള ലഭ്യത കുറഞ്ഞതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ ആശ്രയിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ആവശ്യത്തിന് ശേഷിയുള്ള ജലസംഭരണി ഇല്ലാത്തതും ആവശ്യമായ പമ്പിംഗ് നടത്തുവാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതും വെള്ളം തുറന്നുവിട്ടാല്‍ സമ്മര്‍ദ്ദം മൂലം തകര്‍ന്നുപോകുന്ന പൈപ്പ് ലൈനുകളുമാണ് കുടിവെള്ള വിതരണത്തെ താറുമാറാക്കുന്നത്. എല്ലാദിവസവും പൈപ്പുകളില്‍ കൃത്യമായി ജലം എത്തിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലാണ് അധികൃതര്‍. നിലവിലുള്ള ഗുണഭോക്തക്കള്‍ക്ക് ജലമെത്തിക്കുവാന്‍ സംവിധനമില്ലെന്നിരിക്കേ പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കിയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നതിനാല്‍ പുതിയ കണക്ഷനുള്ള അപേക്ഷ സീകരിക്കുവാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. വെള്ളൂപ്പറമ്പിലെ ശുദ്ധീകരണപ്ലാന്റ്, പമ്പ്ഹൗസ്, മെഡിക്കല്‍ കോളേജില്‍ പ്രവത്തിക്കുന്ന ശുദ്ധീകരണ പ്ലാന്റ്, പൂവത്തുംമൂട് പമ്പ്ഹൗസ്, കുടമാളൂര്‍ പമ്പ്ഹൗസ്, എസ്എച്ച് മൗണ്ടിലെ വാട്ടര്‍ ടാങ്ക്, സര്‍വ്വോദയം കുന്നുംപുറത്തുള്ള വാട്ടര്‍ടാങ്ക്, എന്നിവ കൃത്യമായി പ്രവര്‍ത്തിപ്പിച്ചാല്‍ പോലും നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് മുടങ്ങാതെ വെള്ളംകൊടുക്കുവാന്‍ കഴിയാത്തഅവസ്ഥയിലാണ് ജല അതോറിറ്റി. എന്നാല്‍ ഈ പദ്ധതികളുടെ പ്രവര്‍ത്തനംപോലും താളംതെറ്റിയ അവസ്ഥയിലാണ് ഇന്നുള്ളത്്. അതിരമ്പുഴ, അയ്മനം, ആര്‍പ്പൂക്കര, കാണക്കാരി, ഏറ്റുമാനൂര്‍, നീണ്ടൂര്‍ വില്ലേജുകളിലും കോട്ടയം മെഡിക്കല്‍ കോളേജ്, ഐസിഎച്ച്, എം.ജി സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങളിലും ജലവിതരണത്തിനായി പമ്പിംഗ് നടത്തുന്നത് കുടമാളൂരില്‍ നിന്നും പൂവത്തുംമൂട്ടില്‍ നിന്നുമാണ്. ഇവിടുന്നു പമ്പ് ചെയ്യുന്ന വെള്ളം ശുദ്ധീകരിക്കുന്നത് മെഡിക്കല്‍ കോളേജ് ശുദ്ധീകരണ പ്ലാന്റിലാണ്. മെഡിക്കല്‍ കോളേജിലെ പ്ലാന്റിന്റെ സംഭരണശേഷി 25 എംഎല്‍ഡി ആണ്. എന്നാല്‍ ഇവിടെ പൂവത്തുംമൂട്ടില്‍ നിന്നും കുടമാളൂരില്‍ നിന്നുമായി എത്തുന്നത് 7 എംഎല്‍ഡി വെള്ളം മാത്രമാണ്. ആവശ്യമായ ശേഷിയുള്ള പമ്പ് ഇല്ലാത്തതാണ് വെള്ളം എത്തിക്കാന്‍ കഴിയാതെ പോകുന്നതിന് കാരണം. ശക്തിയുള്ള പമ്പുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതാണ് ആവശ്യത്തിന് ജലംപമ്പ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നത്. കുടമാളൂരില്‍ നിന്നും പകല്‍ മുഴുവനും പൂവത്തുംമൂട്ടില്‍ നിന്നും രാത്രിയിലും പകലും പമ്പ് ചെയ്താലും എത്തിക്കാന്‍ കഴിയുന്നത് 7 എംഎല്‍ഡി ജലമാണ്. പട്ടരുമഠം കുടിവെള്ളപദ്ധതി പ്രകാരം 25 എംഎല്‍ഡി ശേഷിയുള്ള പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പമ്പിംഗിനായി പൂവത്തുംമൂട്ടില്‍ പണികഴിപ്പിച്ചിട്ടുള്ള പമ്പ്ഹൗസില്‍ മോട്ടോര്‍ സ്ഥാപിക്കുവാന്‍ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ക്കായില്ല. പ്രസ്തുത പദ്ധതിക്കായി ലക്ഷക്കണക്കിന് രൂപ മുതല്‍ മുടക്കിയിട്ട് അത് പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് പറയപ്പെടുന്നു. വെള്ളൂപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന പമ്പ്ഹൗസില്‍ നിന്നും ശുദ്ധീകരിച്ച ജലം എസ്എച്ച് മൗണ്ട്, സര്‍വ്വോദയം ശേഖരണികളില്‍ ശേഖരിച്ച് കോട്ടയം നഗരസഭയുടെ കുമാരനല്ലൂര്‍, നാട്ടകം മേഖലകളിലും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിലുമാണ് വിതരണം ചെയ്യുന്നത്. ആറ് ലക്ഷത്തി തൊണ്ണൂറായിരം ലിറ്റര്‍ ശേഷിയുള്ള എസ്എച്ച് മൗണ്ടിലേയും 7ലക്ഷത്തി പതിനായിരം ലിറ്റര്‍ ശേഷിയുള്ള സര്‍വ്വോദയം ശേഖരണികളിലും കൂടി 14 ലക്ഷം ലിറ്റര്‍ ജലമാണ് ശേഖരിച്ച് വിതരണം ചെയ്യുന്നത്. എന്നാല്‍ വിതരണം ചെയ്യപ്പെടുന്ന ജലം രണ്ട് മണിക്കൂര്‍ കൊണ്ട് പരിപൂര്‍ണ്ണമായി തീരുന്ന സ്ഥിതിയാണ് ഇന്നുളളത്. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളമെത്തി കഴിഞ്ഞാല്‍ പൈപ്പുലൈനുകള്‍ പൂര്‍ണ്ണമായും നിറഞ്ഞതിന് ശേഷമേ കുന്നിന്‍ പുറത്തുള്ള ലൈനുകളില്‍വെള്ളമെത്തൂ. പക്ഷേ ഇവിടെ വെള്ളം എത്തുമ്പോഴേക്കും ടാങ്കിലെ വെള്ളം തീര്‍ന്നിരിക്കും. ഇതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നു. 1995 ല്‍ കമ്മീഷന്‍ ചെയ്ത ഈ പദ്ധതി ആരംഭിച്ചിട്ട് 18 വര്‍ഷം കഴിഞ്ഞു. അന്ന് പൈപ്പ് കുംഭകോണത്തിന്റെ പേരില്‍ വിവാദമായ പൈപ്പുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഈ പൈപ്പുകള്‍ നിലവാരം കുറഞ്ഞതും വാല്‍വ് തുറന്ന് സമ്മര്‍ദ്ദം കൂടുതലായാല്‍ പൈപ്പുകള്‍പൊട്ടി വെള്ളമൊഴുകുന്നത് നിത്യസംഭവം. പെപ്പ്‌ലൈനിലെ ജോയിന്റ് ഭാഗത്തെ വാഷര്‍ പോയിട്ടുള്ളതിനാല്‍ ജലം ചോരുകയും 30 ശതമാനം ജലം പാഴാകുകയും ചെയ്യുന്നുണ്ട്. 18വര്‍ഷം മുമ്പ് കമ്പ്യൂട്ടറൈസ്ഡ് സെറ്റിംഗ് വരുന്നതിന് മുമ്പ് മാനുവല്‍ സെറ്റിംഗാണ് ഉണ്ടായിരുന്നത്. അന്ന് സെറ്റ് ചെയ്ത വാല്‍വുകളുടെ സ്‌കെച്ചുംപ്ലാനും ഇല്ലാത്തതിനാല്‍ നിലവില്‍ വാല്‍വുകള്‍ എവിടെയൊക്കെയാണെന്നുപോലും ജീവനക്കാര്‍ക്ക് അറിയില്ല. വാല്‍വുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും ജലവിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജലക്ഷാമത്തിന്റെ രൂക്ഷതയില്‍ നട്ടം തിരിയുമ്പോഴും നിലവില്‍ കോടികള്‍ മുടക്കി പണികഴിപ്പിച്ചിട്ടുള്ള പദ്ധതികള്‍ പരാതിയില്ലാതെ പ്രവര്‍ത്തിപ്പിക്കുവാന്‍ അധികൃതര്‍ക്ക് ശേഷിയില്ലാതായിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.