കൂറുമാറിയ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

Wednesday 13 March 2013 12:00 am IST

ഈരാറ്റുപേട്ട: ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചശേഷം കൂറുമാറി ഭരണം അട്ടിമറിച്ച പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തു മെമ്പറെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തു 11-ാം വാര്‍ഡ് മെമ്പര്‍ മനോജ് കുമാരനെയാണ് കമ്മീഷന്‍ അയോഗ്യനാക്കിയത്. സിപിഐ പ്രതിനിധിയായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പട്ടികജാതി സംവരണ സീറ്റില്‍ മത്സരിച്ചു വിജയിച്ച മനോജ്കുമാരന്‍ കഴിഞ്ഞ സെപ്തംബര്‍ 28 ന് ഇടതുമുന്നണി ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഇടതുമുന്നണി ഭരിക്കുന്ന ഏക പഞ്ചായത്തായ പൂഞ്ഞാറിലെ ഭരണം അട്ടിമറിക്കാന്‍ എംഎല്‍എ നടത്തിയ കുതിരകച്ചവടമാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് യുഡിഎഫ് ഭരിക്കുന്ന പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കൂറുമാറി ഭരണം അട്ടിമറിച്ച് മനോജ്കുമാരന് പാരിതോഷികമായി ജോലി നല്‍കിയത് ഈ ആരോപണം ശരിവക്കുന്നതായിരുന്നു 13 അംഗ ഗ്രാമപഞ്ചായത്തു ഭരണസമിതിയില്‍ ഇരുമുന്നണിക്കും ഇപ്പോള്‍ ആറു വീതം അംഗങ്ങളാണ് ഉള്ളത്. കുതിരകച്ചവടത്തിലൂടെ ഭരണത്തിലേറിയ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ച് രാഷ്ട്രീയ മാന്യതകാട്ടണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ രമേഷ് ബി. വെട്ടിമറ്റം, സിപിഐ ലോക്കല്‍ സെക്രട്ടറി വി.ജി. മണികണ്ഠന്‍ നായര്‍, പഞ്ചായത്തുമെമ്പര്‍മാരായ പി.ജി. പ്രസാദ്കുമാര്‍, ടി.എസ്. ബിനുക്കുട്ടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.