സൊമാലിയയില്‍ വീണ്ടും യുദ്ധം

Friday 29 July 2011 11:05 am IST

മൊഗാദിഷു: ഐക്യരാഷ്ട്രസഭയുടെ സഹായം എത്തിച്ചേര്‍ന്നതിന്‌ അടുത്ത ദിവസം സൊമാലി തലസ്ഥാനമായ മൊഗാദിഷുവില്‍ പൊരിഞ്ഞ യുദ്ധം. സര്‍ക്കാര്‍ സേനയും ആഫ്രിക്കന്‍ യൂണിയന്‍ പട്ടാളക്കാരും മുസ്ലീം തീവ്രവാദിളെ ആക്രമിച്ചു. ചുരുങ്ങിയത്‌ നാലുപേരെങ്കിലും വധിക്കപ്പെട്ടിട്ടുണ്ട്‌.
സൊമാലിയയുടെ വടക്കുഭാഗത്താണ്‌ സംഘട്ടനമെന്നും ഭക്ഷ്യസഹായമെത്തിക്കുന്നതിനെ അത്‌ ബാധിക്കില്ലെന്നും ബിബിസി റിപ്പോര്‍ട്ടുചെയ്തു. ഭക്ഷണത്തിനായി ആയിരക്കണക്കിനാളുകളാണ്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശത്ത്‌ എത്തിയത്‌. സര്‍ക്കാര്‍ സേനകള്‍ക്ക്‌ മുന്‍തൂക്കം ലഭിച്ചാല്‍ വരള്‍ച്ചയും ഭക്ഷ്യക്ഷാമവും മൂലം കഷ്ടപ്പെടുന്നവര്‍ക്ക്‌ സഹായമെത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭ സൊമാലിയയില്‍ ക്ഷാമം പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ്‌ വിമാനത്തില്‍ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നത്‌. ലോക ഭക്ഷ്യസംഘടനയെ അല്‍ ഖ്വയ്ദമായി ബന്ധമുള്ള അല്‍ ഷഹബാബ്‌ എന്ന സംഘടന വിലക്കിയിട്ടുണ്ട്‌.
വിമാനത്താവളത്തില്‍നിന്നും 7 കിലോമീറ്റര്‍ അകലെ അല്‍ ഷബാബിന്‌ സ്വാധീനമുള്ള പ്രദേശത്ത്‌ആഫ്രിക്കന്‍ സമാധാനസേനയും സര്‍ക്കാര്‍ സേനയും സംയുക്തമായി കടന്നുചെന്നപ്പോഴാണ്‌ സംഘട്ടനമുണ്ടായതെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിക്കുന്നു.
തങ്ങള്‍ക്ക്‌ ചില പ്രദേശങ്ങളില്‍ സ്വാധീനം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും മൊഗാദിഷു സ്റ്റേഡിയത്തില്‍നിന്നും അല്‍ ഷബാബ്‌ പ്രവര്‍ത്തകരെ പുറത്താക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
റംസാന്‍ സമയത്ത്‌ അല്‍ ഷബാബ്‌ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകാറുണ്ട്‌. റംസാന്‌ ഒരാഴ്ച മുമ്പ്‌ അവരെ ഒഴിപ്പിക്കുന്നത്‌ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാനാണ്‌.
സംഘട്ടനത്തില്‍ 41 അല്‍ ഷബാബ്‌ അക്രമികള്‍ കീഴടങ്ങിയതായി സൈനികമേധാവി ലഫ്‌. കേണല്‍ പാഡി അല്‍കുണ്ട അറിയിച്ചു. വളരെ ദുര്‍ബലമായ താല്‍ക്കാലിക ഭരണകൂടമാണ്‌ തലസ്ഥാനമായ മൊഗാദിഷുവിന്റെ 60 ശതമാനം സ്ഥലങ്ങളും നിയന്ത്രിക്കുന്നത്‌. ഇതില്‍ എയര്‍പോര്‍ട്ട്‌, പ്രസിഡന്റിന്റെ കൊട്ടാരം, വാണിജ്യസ്ഥലങ്ങള്‍ ഇവ ഉള്‍പ്പെടുന്നു.
സഹായത്തിനായി ആയിരക്കണക്കിന്‌ സൊമാലിക്കാര്‍ അല്‍ഷബാബ്‌ നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ നിന്നും തലസ്ഥാനമായ മൊഗാദിഷുവിലേക്കും അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും കടന്നിട്ടുണ്ട്‌.
കഴിഞ്ഞ രണ്ട്‌ മാസക്കാലത്തിനിടക്ക്‌ ഏകദേശം 10000 ഓളം ആളുകള്‍ ഭക്ഷണവും ജലവും തേടി മൊഗാദിഷുവിലും പരിസരങ്ങളിലെ ക്യാമ്പുകളിലുമെത്തിച്ചേര്‍ന്നതായി ഐക്യരാഷ്ട്രസഭാ വക്താവ്‌ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.