ഇനി വെള്ളം നല്‍കും എടിഎമ്മുകള്‍

Saturday 16 March 2013 8:00 pm IST

എടിഎം യന്ത്രങ്ങളെ നമുക്കെല്ലാം നല്ല പരിചയമാണ്‌. നാടിന്റെ മുക്കിലും മൂലയിലും നമ്മെ സഹായിക്കാന്‍ തയ്യാറായിരിക്കുന്ന പണപ്പെട്ടികളാണവ. കാര്‍ഡ്‌ കാണിച്ചാലുടന്‍ പണം വിളമ്പുന്ന ഈ യന്ത്രങ്ങള്‍ നമ്മുടെ സാമൂഹ്യ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ബാങ്കിലെ നൂലാമാലകളൊന്നുമില്ലാതെ എപ്പോഴും എവിടെയും പണം നല്‍കാന്‍ സദാ സന്നദ്ധരായ എടിഎം യന്ത്രങ്ങള്‍ക്ക്‌ പുതിയൊരു ദൗത്യം കൂടി ലഭിച്ചിരിക്കുന്നു. പണം മാത്രമല്ല, 'പാനി' അഥവാ വെള്ളം നല്‍കാനും ഇനി എടിഎം യന്ത്രം തയ്യാര്‍. ഭാരതത്തിലെ ദരിദ്രജനലക്ഷങ്ങളുടെയിടയില്‍ത്തന്നെയാണ്‌ ഈ ജലപ്പെട്ടികള്‍ പ്രവര്‍ത്തിക്കുന്നത്‌.
രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങി ജലക്ഷാമം കൊടികുത്തി വാഴുന്ന ഒരുപിടി സംസ്ഥാനങ്ങളിലാണ്‌ വെള്ളം കിനിയുന്ന എടിഎം യന്ത്രങ്ങള്‍ തുടക്കത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. അവ ശുദ്ധീകരിച്ച കുടിവെള്ളം നല്‍കി നാട്ടുകാരെ സഹായിക്കുന്നു. സൗരോര്‍ജ്ജംകൊണ്ട്‌ പ്രവര്‍ത്തിക്കുന്നു. ജല എടിഎമ്മുകളെല്ലാം പ്രീപെയ്ഡ്‌ ആണ്‌. നേരത്തെ കാശുകൊടുത്ത്‌ എടിഎം കാര്‍ഡ്‌ എടുക്കണം. പണം തീരുമ്പോള്‍ റീചാര്‍ജ്‌ ചെയ്യുകയും വേണം.
പണമെടുക്കാനെന്നപോലെ എടിഎം കാര്‍ഡ്‌ യന്ത്രത്തിലേക്ക്‌ കാണിച്ചാല്‍ മതി, അപ്പോള്‍ അത്‌ കണ്ണ്‌ ചിമ്മും. ഒന്ന്‌, അഞ്ച്‌, പത്ത്‌ എന്നീ ക്രമത്തില്‍ എത്ര ലിറ്ററിന്റെ ഓപ്ഷന്‍ വേണമെങ്കിലും നമുക്ക്‌ തെരഞ്ഞെടുക്കാം. ബട്ടന്‍ ഞെക്കിയാലുടന്‍ വെള്ളത്തിന്റെ വരവായി. ആവശ്യത്തിനുള്ള പാത്രം താഴേക്ക്‌ വെച്ചുകൊടുത്താല്‍ മാത്രം മതി. വെള്ളം വില ലിറ്ററൊന്നിന്‌ കേവലം അന്‍പത്‌ പൈസ മാത്രം.
ഈ എടിഎമ്മില്‍ നിറയ്ക്കാനുള്ള ജലം ഭൂമിക്കടിയില്‍നിന്നു തന്നെയാണ്‌ കണ്ടെത്തുന്നത്‌. ഭൂഗര്‍ഭജലം ശേഖരിച്ച്‌ പ്രതി ഓസ്മോസിസ്‌ (റിവേഴ്സ്‌ ഓസ്മോസിസ്‌) പ്രക്രിയയിലൂടെ ശുദ്ധീകരിച്ചാണ്‌ യന്ത്രങ്ങളിലെത്തിക്കുക. അതിനുപയോഗിക്കുന്നതാവട്ടെ, സാക്ഷാല്‍ സൗരോര്‍ജ്ജം. മണിക്കൂറില്‍ ആയിരത്തിലേറെ ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള റിവേഴ്സ്‌ ഓസ്മോസിസ്‌ പ്ലാന്റുകളാണ്‌ ജല എടിഎമ്മിന്റെ ശക്തി. കുടിവെള്ളം നല്‍കുന്ന യന്ത്രത്തിന്റെ കഥ ഇതുകൊണ്ടും തീരുന്നില്ല. എടിഎം യന്ത്രങ്ങളെല്ലാം ഉപഗ്രഹ സഹായത്തോടെ ജിപിഎസ്‌ സംവിധാനത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്‌. വിദൂരസംവേദന വിദ്യയെന്ന്‌ പറയാം. ഏതെങ്കിലും യന്ത്രത്തിന്‌ തകരാറ്‌ വരികയോ ജലത്തിന്റെ ശേഖരം തീരുകയോ ചെയ്താല്‍ ഉടന്‍ ഓപ്പറേറ്റര്‍ക്ക്‌ മൊബെയില്‍ സന്ദേശമെത്തും. വലിയ തോതില്‍ മാലിന്യംവന്ന്‌ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന്‌ ഭീഷണി സൃഷ്ടിച്ചാലും ഉടന്‍ വിവരമെത്തും. അത്രക്ക്‌ കൃത്യമായി പ്രവര്‍ത്തിക്കും വിധത്തിലാണ്‌ അവയുടെ കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ ഉപയോഗശൂന്യമായ വെള്ളം ഭൂഗര്‍ഭജലം റീചാര്‍ജ്‌ ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്‌. വെറുതെ കഴുകിക്കളയുന്നില്ലെന്ന്‌ സാരം.
മഹാഭാരതത്തിലെ വിദൂരനാടുകളിലെ ദാഹമകറ്റാന്‍ നൂറില്‍പ്പരം ജല എടിഎമ്മുകള്‍ ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. പതിനായിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ അവ അമൃത്‌ പകരുകയാണ്‌. അതിനു നന്ദി പറയേണ്ടത്‌ പിരമല്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തോട്‌ മാത്രം. അവര്‍ ആരംഭിച്ച 'സര്‍വജല്‍' എന്ന സാര്‍വത്രിക കുടിനീര്‍ പദ്ധതിയാണ്‌ ഇത്‌ യാഥാര്‍ത്ഥ്യമാക്കിയത്‌. ഇന്ത്യയിലെ ആഗോള മരുന്നു നിര്‍മാണ കമ്പനിയായ അവരാണ്‌ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ (കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി) ഭാഗമായി നാട്ടുകാര്‍ക്ക്‌ എടിഎമ്മിലൂടെ കുടിവെള്ളം പകര്‍ന്നു നല്‍കുന്നത്‌. സ്കൂളുകളും ആശുപത്രികളും പ്രവര്‍ത്തിപ്പിക്കുന്നതിന്‌ പുറമെയാണ്‌ പിരമല്‍ ഫൗണ്ടേഷന്‍ കുടിവെള്ള വിതരണത്തിലേക്കും തിരിഞ്ഞത്‌. തങ്ങളുടെ തറവാട്‌ ഗ്രാമമായ ബാഗറി (രാജസ്ഥാന്‍)ലാണ്‌ അവര്‍ ആദ്യത്തെ ജലബാങ്ക്‌ യന്ത്രം ആരംഭിച്ചത്‌.
രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഒറീസ, ഗുജറാത്ത്‌ തുടങ്ങിയ പല സംസ്ഥാനങ്ങളിലും അതിരൂക്ഷമാണ്‌ കുടിവെള്ളപ്രശ്നം. ഒരുതുള്ളി വെള്ളത്തിനുവേണ്ടി വീട്ടമ്മമാര്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥയാണ്‌ പല ഗ്രാമങ്ങളിലും. കിട്ടുന്ന ജലമാകട്ടെ മലിനവും. പ്രധാന മാലിന്യം ഫ്ലൂറൈഡുകള്‍ തന്നെ. ശേഷം ഉപ്പും. ഇത്‌ രണ്ടുമല്ലെങ്കില്‍ കീടാണുക്കളും. പാലില്‍ വെള്ളമൊഴിച്ചാല്‍ പാല്‍പിരിയും. ചായ തിളച്ചു കഴിഞ്ഞാല്‍ തൈരാകും. ഭക്ഷണം വേകണമെങ്കില്‍ ബേക്കിംഗ്‌ സോഡാ ചേര്‍ക്കണം. ഇതാണ്‌ അവിടങ്ങളിലെ അവസ്ഥ. മധ്യഭാരതത്തില്‍ സമൃദ്ധമായ റോക്ക്‌ ഫോസ്ഫേറ്റിലാണ്‌ ഏറ്റവുമധികം ഫ്ലൂറിന്‍ മാലിന്യം. ഫ്ലൂറിന്റെ അയിരുകളായ ഫ്ലൂര്‍സ്പാര്‍ ക്രയോലൈറ്റ്‌, ടോപ്പാസ്‌ തുടങ്ങിയവയുടെ കഥ പറയാനുമില്ല. ഇവക്കിടയിലൂടെ ഊറിവരുന്ന ഭൂഗര്‍ഭ ജലത്തില്‍ ഫ്ലൂറിന്റെ അംശം കണ്ടില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
ഫ്ലൂറിന്‍ അകത്ത്‌ കടന്നാല്‍ എല്ലിനെയും പല്ലിനെയും ഒരുപോലെ ഉപദ്രവിക്കുമെന്ന കാര്യം കുട്ടികള്‍ക്കുപോലും അറിയാം. ഫ്ലൂറോസിസ്‌ ബാധിച്ചാല്‍ പല്ലുകള്‍ക്ക്‌ മഞ്ഞകലര്‍ന്ന തവിട്ടുനിറം വ്യാപിക്കും. അവയുടെ ബലം കുറയും. മോണ പഴുപ്പ്‌ വ്യാപകമാകും. എല്ലിലെ കാത്സ്യത്തെ തുരത്തി അവിടെ ഫ്ലൂറൈഡുകള്‍ കയറിപ്പറ്റുകയാണ്‌ ചെയ്യുക. കാത്സ്യത്തിന്റെ അളവ്‌ വല്ലാതെ കുറയുമ്പോള്‍ എല്ലുകള്‍ കുമ്മായക്കട്ട പോലെ പൊടിഞ്ഞു തകരും. കാത്സീകരണം നടക്കാതെ വരുന്നതുമൂലം എല്ലിലെ കോശങ്ങള്‍ വളര്‍ന്ന്‌ വലുതാവും. അങ്ങനെ എല്ലിന്റെ വണ്ണവും വലിപ്പവും കൂടും. അവിടവിടെ മുഴകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. സന്ധിവേദന നിത്യ സംഭവമാകും. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം കുത്തനെ കുറയുകയും വിളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നത്‌ മറ്റൊരു പ്രശ്നം. തൈറോക്സിന്‍ കുറവാണ്‌ ഫ്ലൂറിന്‍ നല്‍കുന്ന മറ്റൊരു ആരോഗ്യപ്രശ്നം. രാജസ്ഥാനിലെ ചില ജില്ലകളില്‍ വ്യാപകമായുണ്ടാകുന്ന വൃക്കരോഗങ്ങളുടെ കാരണവും ഫ്ലൂറിന്‍ തന്നെയെന്ന്‌ ഗവേഷകര്‍ കണ്ടുപിടിച്ചിട്ടുണ്ട്‌.
അതുകൊണ്ടുതന്നെയാണ്‌ ഫ്ലൂറൈഡ്‌ നീക്കം ചെയ്തതും ഉപ്പുകലരാത്തതുമായ കുടിവെള്ളം തുച്ഛമായ വിലയ്ക്ക്‌ നാട്ടുകാര്‍ വിതരണം ചെയ്യുന്നത്‌ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പിരമല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചത്‌. 2006 ലായിരുന്നു അജയ്‌ ജി. പിരമല്‍ ഈ സാമൂഹ്യ സേവന യത്നത്തിന്‌ തുടക്കം കുറിച്ചത്‌. ഫ്ലൂറൈഡ്‌ ശല്യം വ്യാപകമായ ആല്‍വാര്‍ ജില്ലയിലാണ്‌ അതിനായി അവര്‍ ആദ്യം തെരഞ്ഞെടുത്തത്‌. ആല്‍വാര്‍ ജില്ലയിലെ ഭൂഗര്‍ഭജലത്തില്‍ രണ്ട്‌ പിപിഎം (പാര്‍ട്സ്‌ പര്‍ മില്യന്‍-ദശലക്ഷത്തിലൊരംശം) മുതല്‍ എഴ്‌ പിപിഎം വരെയാണ്‌ ഫ്ലൂറിന്‍ സാന്നിധ്യം കാണപ്പെടുന്നത്‌. അത്‌ വളരെ കൂടുതലാണ്‌. ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണച്ചട്ടപ്രകാരം ജലത്തില്‍ അനുവദനീയമായ പരമാവധി ഫ്ലൂറിന്‍ അളവ്‌ കേവലം ഒരു പിപിഎം മാത്രമാണെന്ന്‌ കൂടി നാം അറിയണം.
അതിനാല്‍ ഫ്ലൂറിന്‍ വിമുക്തമായ കുടിവെള്ളത്തിനാണ്‌ പിരമല്‍ ഫൗണ്ടേഷന്റെ സര്‍വജല്‍ പദ്ധതി മുന്‍ഗണന നല്‍കുന്നത്‌. എടിഎമ്മിലെത്തി വെള്ളം ശേഖരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ വെള്ളം കാനുകളില്‍ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയുമുണ്ട്‌ ഫൗണ്ടേഷന്‌. പക്ഷേ വിലയില്‍ കുറച്ച്‌ പൈസയുടെ വര്‍ധനയുണ്ടാവുമെന്ന്‌ മാത്രം. ഓരോ ശുചീകരണ പ്ലാന്റുകളും യന്ത്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ദൗത്യം വ്യക്തികള്‍ക്കായി വീതിച്ചു നല്‍കിയിരിക്കുകയാണ്‌ പിരമല്‍. അങ്ങനെ തൊഴിലില്ലായ്മ കുറയ്ക്കാനും ഫൗണ്ടേഷന്‍ സഹായിക്കുന്നു. പിരമല്‍ ഫൗണ്ടേഷന്‌ പുറമെ, വാട്ടര്‍ ലൈഫ്‌ എന്നപേരില്‍ ഒരു സ്വതന്ത്ര സന്നദ്ധ സംഘടനയും (എന്‍ജിഒ) ഈ രംഗത്ത്‌ രാജസ്ഥാന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. വാട്ടര്‍ലൈഫിന്റെ നേതൃത്വത്തില്‍ ഏതാണ്ട്‌ 200 ശുചീകരണ പ്ലാന്റുകളാണ്‌ വരള്‍ച്ചാ പ്രദേശങ്ങളില്‍ ജലവിതരണം നടത്തിവരുന്നത്‌.
സന്നദ്ധ സംഘടനകളുടെ ഇത്തരം ജലസേവനങ്ങള്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഏറെ നന്മകളാണ്‌ നല്‍കുന്നത്‌. പക്ഷേ രാജ്യത്തെ 125 കോടി ജനങ്ങളില്‍ 72 കോടിക്കും ശുദ്ധജലം ഇന്നും സ്വപ്നം മാത്രമാണെന്നതാണ്‌ സത്യം. വിഷാണുക്കളും വിഷലോഹങ്ങളും കലര്‍ന്ന ജലം ഉപയോഗിച്ച്‌ രോഗികളായി ആയിരക്കണക്കിന്‌ വ്യക്തികളാണ്‌ ഓരോ വര്‍ഷവും മരണമടയുന്നത്‌. ഫ്ലൂറോസിസ്‌ തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ച്‌ കഷ്ടപ്പെടുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്‌. സമഗ്ര കുടിവെള്ള വിതരണത്തിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്താന്‍ ഏറെക്കാലം വേണ്ടിവരുമെന്നിരിക്കെ സന്നദ്ധസംഘടനകളായ പിരമല്‍ ഫൗണ്ടേഷന്റെയും മറ്റും ശ്രമങ്ങള്‍ തീര്‍ച്ചയായും ആദരവര്‍ഹിക്കുന്നുണ്ട്‌. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗ്രാമീണ വികസനവും ആരോഗ്യസംരക്ഷണവും ഓണംകേറാമൂലയില്‍ പോലും ഉറപ്പാക്കാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ്‌ പിരമല്‍ ഫൗണ്ടേഷന്റെ സര്‍വജല്‍ പദ്ധതി. ഫ്ലൂറൈഡും ആഴ്സനിക്കുമൊന്നുമില്ലാത്ത കുടിവെള്ളം ഉറപ്പാക്കുന്നതിനും പുറമെ ഗ്രാമീണ തൊഴിലില്ലായ്മ അല്‍പ്പമെങ്കിലും പരിഹരിക്കുന്നതിനും സര്‍വജല്‍ പദ്ധതിയുടെ എടിഎമ്മുകള്‍ സഹായകമാവും. സാങ്കേതിക വിദ്യയെ നാടിനുചേര്‍ന്ന വിധത്തില്‍ പരിവര്‍ത്തനം ചെയ്യാനുള്ള നമ്മുടെ യുവശാസ്ത്രജ്ഞന്മാരുടെ മേധാശക്തിയുടെ പ്രതീകം കൂടിയാണവ. പക്ഷേ നാം കാണാതെ പോകുന്ന ഒരു ഗുപ്തസന്ദേശം കൂടി വെള്ളപ്പെട്ടികളായ ഈ എടിഎമ്മുകളില്‍ പതിഞ്ഞിരിപ്പുണ്ട്‌-കുടിവെള്ളം പണംപോലെ തന്നെ ഒരു അമൂല്യവസ്തുവായി മാറിയിരിക്കുന്നു. അത്‌ അമൂല്യം മാത്രമല്ല അപൂര്‍വ വസ്തുവും കൂടിയായി മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ജലവും മറ്റ്‌ പ്രകൃതി വിഭവങ്ങളും കണ്ണിലെകൃഷ്ണമണിപോലെ സംരക്ഷിക്കുക...
ഡോ. അനില്‍കുമാര്‍ വടവാതൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.