എസ്‌.കെ എന്ന സഞ്ചാരവണ്ടി

Saturday 16 March 2013 8:02 pm IST

സഞ്ചാരത്തിന്റെ ഒരു ലോകവണ്ടി. യാത്രക്കാരായി കഥകളും നോവലുകളും. ഈ വണ്ടിയുടെ പേര്‍ മലയാളിക്ക്‌ സുപരിചിതമാണ്‌. എസ്‌.കെ.പൊറ്റെക്കാട്‌. സഞ്ചാരത്തിന്റെ നക്ഷത്രവഴികളും സാഹിത്യത്തിന്റെ നാടന്‍പ്രേമവുമായി എഴുത്തിന്റെ ചന്ദ്രകാന്തം തീര്‍ത്ത എസ്കെയ്ക്ക്‌ ജന്മശതാബ്ദി. മലയാള വായനയെ ഭ്രമിപ്പിച്ചതിന്റെ നാള്‍പഴക്കവും.
കഥയുടെ രാജശില്‍പ്പിയും സഞ്ചാരത്തിന്റെ ഗവേഷകനുമായിരുന്നു എസ്‌.കെ.പൊറ്റെക്കാട്‌. രണ്ടിലും തന്റേതായ ഭൂപടം തീര്‍ത്ത അദ്ദേഹം സഞ്ചാരിയായ കഥയെഴുത്തുകാരനായിരുന്നു. ലോകത്തെ സഞ്ചാരംകൊണ്ടളന്നുതീര്‍ത്ത ഈ നാട്ടിന്‍പുറത്തുകാരനാണ്‌ മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന്‌ തുടക്കമിട്ടത്‌. വായനയെ അലങ്കോലപ്പെടുത്തിയ വിരസകുറിപ്പടികളായിരുന്നു അതിനുമുമ്പെഴുതപ്പെട്ട സഞ്ചാരങ്ങള്‍. കേട്ടും സങ്കല്‍പ്പിച്ചും നടന്ന വിദൂര ദേശങ്ങളെ കണ്ടും നടന്നും അനുഭവിക്കാന്‍ തുടങ്ങി എസ്‌.കീയിലൂടെ മലയാളി. സ്വന്തം നാട്ടുവട്ടത്തിനപ്പുറം പോകാതിരുന്ന കേരളീയന്‍ അങ്ങനെ ഏഷ്യയും യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമൊക്കെ താണ്ടി 'ബാലിദ്വീപി'ലും 'നേപ്പാള്‍ യാത്ര'യും 'കാപ്പിരികളുടെ നാട്ടിലും' 'സിംഹഭൂമി'യിലുമായി ചുറ്റിക്കറങ്ങി.
സൗകര്യങ്ങള്‍കൊണ്ട്‌ ലോകം ചെറുതായ ഇന്നത്തെ കാലത്തിനുപകരം അസൗകര്യങ്ങളാല്‍ ലോകം വലുതായ കാലത്താണ്‌ എസ്കെ ഒത്തിരി നഷ്ടവും ത്യാഗവുമായി ലോകം സഞ്ചരിച്ചത്‌. സങ്കടം സഹിച്ചു മലയാളിക്ക്‌ നല്‍കിയ വലിയ ആഹ്ലാദമായി മാറിയത്‌. ഒരു പെട്ടിയും തൂക്കി ലോകം ചുറ്റുമ്പോള്‍ കൂടെ കഥയെഴുത്തുകാരന്റെ മനസ്സുമുണ്ടായിരുന്നു എസ്കെയ്ക്ക്‌. കയ്യില്‍ തൂങ്ങിയ പെട്ടിയിലാകട്ടെ പൂര്‍ണമോ അപൂര്‍ണമോ ആയ ചില കഥകളും നോവലുകളും. ഇടയ്ക്ക്‌ പെട്ടി നഷ്ടപ്പെടുമ്പോള്‍ ആ സൃഷ്ടികളും നഷ്ടപ്പെട്ടിരുന്നു. സഞ്ചാരത്തിന്റെ ഭൂപടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ വഴുതിപ്പോയ ഭാവനയുടെ ക്യാന്‍വാസുകളത്രെ. എഴുത്തുകാരനും സഞ്ചാരിയും ചേര്‍ന്നതാണ്‌ എസ്കെ എന്ന ഒറ്റ. അദ്ദേഹത്തിന്റെ സഞ്ചാരകൃതികളില്‍ ഒരു നോവലിസ്റ്റുണ്ട്‌. നോവലില്‍ ഒരു സഞ്ചാരിയും. നോവലിന്റെ ആഖ്യാന രീതിയാണ്‌ എസ്കെയുടെ സഞ്ചാര എഴുത്തിനെ സാഹിത്യമാക്കുന്നത്‌. കഥയും നോവലും ആവശ്യപ്പെടുന്ന പ്രദേശ വിശദാംശങ്ങളില്‍ എസ്കെയിലെ സഞ്ചാരിയെ കാണാം. അദ്ദേഹത്തിന്റെ നോവലുകളുടെ പേരില്‍ത്തന്നെയുണ്ട്‌ ഈ സഞ്ചാരി പ്രണയം; ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, നാടന്‍ പ്രേമം എന്നിങ്ങനെ. പറയുന്നത്‌ സ്വദേശത്തിന്റെയോ വിദേശത്തിന്റെയോ കഥയാണെങ്കിലും അതിലൊരു നാട്‌ എന്നുമുണ്ടായിരുന്നു. ഒരുപക്ഷെ നാടന്‍പ്രേമം എന്നു പൊതുവെ പറയാവുന്ന നാട്ടുപ്രണയം.
പഴയ-പുതിയ കഥ എഴുത്തുകാരുടെ ഗവേഷണശാലയാണ്‌ അന്നും ഇന്നും എസ്‌.കെ.പൊറ്റെക്കാട്‌. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എസ്കെയുടെ കഥകള്‍ക്കായി കാത്തിരിക്കാറുണ്ടായിരുന്നെന്ന്‌ എംടി. പറയുന്നു. നാടന്‍പ്രേമം പല കൈവഴികള്‍ മാറിമാറി വന്നുവായിക്കാന്‍ താമസിച്ചതിന്റെ തത്രപ്പാടിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്‌ എംടി. മാധവിക്കുട്ടിക്ക്‌ ചെറുപ്പത്തില്‍ രണ്ട്‌ ആരാധനാ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവത്രെ. പ്രേമഗായകനായ ചങ്ങമ്പുഴയും നാടന്‍ പ്രേമമെഴുതിയ എസ്കെയും. 1941 ല്‍ പ്രസിദ്ധീകരിച്ച നാടന്‍ പ്രേമം വായിച്ച അന്നത്തെ മലയാളി നിലാവത്ത്‌ മുക്കം പുഴയോരത്തെ കൊച്ചുകുടിലില്‍ പ്രേമം ആഘോഷിച്ച രവീന്ദ്രനേയും മാളുവിനേയും സ്നേഹാര്‍ദ്രമായി മനസ്സില്‍ ചുമന്നിട്ടുണ്ടാവാം. ഇന്നത്തെ വായനക്കാരിലും ക്ലാവുപിടിച്ച ഭൂതകാലം ഓര്‍മകൊണ്ടു തുടക്കുമ്പോള്‍ ഈ കഥാപാത്രങ്ങള്‍ മറ്റൊരുതരത്തിലെങ്കിലും തെളിയില്ലെന്നാര്‌ കണ്ടു. ആത്മകഥാപരമായ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ.
അതിരാണിപ്പാടത്തിന്റെ കഥ പറയുന്ന ഈ കൃതി എസ്കെയ്ക്ക്‌ ജ്ഞാനപീഠം നേടിക്കൊടുത്തു. കുടിയേറ്റ ഭൂമിയില്‍ കര്‍ഷകന്‍ പൊന്നു വിളയിക്കുന്നതാണ്‌ കുരുമുളക്‌ എന്ന നോവല്‍. വിഷകന്യക, മൂടുപടം എന്നിങ്ങനെ എസ്കെ മലയാളത്തില്‍ ഇരിപ്പുറപ്പിച്ച നോവലുകള്‍ വേറെയും. കഥാവിഗ്രഹത്തില്‍ ഭാഷകൊണ്ട്‌ മുഴുക്കാപ്പു ചാര്‍ത്തുന്ന തന്ത്രിയാണ്‌ ഈ എഴുത്തുകാരന്‍. അംബരത്തിന്റെ മാറില്‍ കെട്ടിയ പുലിനഖംപോലെ ചന്ദ്രക്കലയെന്നും പ്രണയപ്രാര്‍ത്ഥന എന്നുമൊക്കെ നാടന്‍ പ്രേമത്തില്‍ കാണാം. അങ്ങനെ ഭാഷയുടെ വരപ്രസാദം എത്രയെത്ര.
ആകാശവിസ്തൃതിയും കടലാഴവുമുള്ള സഞ്ചാരസാഹിത്യവും സാഹിത്യഭാവനയുമായി മലയാളം ഇന്ന്‌ പുഷ്ക്കലമാണ്‌. കഥയുടെ ലോക എഴുത്തുകള്‍ നമുക്കുണ്ട്‌, സഞ്ചാരത്തിന്റെയും. എന്നാലും സാഹിത്യം ബെല്ലും ബ്രേക്കുമായി ഇന്നും മെയിന്റനന്‍സില്ലാതെ കുതിക്കുന്ന ഒരേയൊരു സഞ്ചാരവണ്ടി എസ്‌.കെ.പൊറ്റെക്കാട്‌ മാത്രമായിരിക്കും.
സേവ്യര്‍ ജെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.