ജീവന സംഗീതമായി അക്കിത്തം

Saturday 16 March 2013 8:05 pm IST

ഏതുകലയും സംഗീതത്തില്‍ വിലയിക്കാനാഗ്രഹിക്കുന്നു. മഹാകവി അക്കിത്തത്തിന്റെ കാവ്യകലയുടെ അന്തര്‍നാദം സംഗീതസംസ്കാരം തന്നെ. കേവലമായ ഭൗതികത്തിനപ്പുറമായി ദാര്‍ശനികവും ആത്മീയവുമായ മാനം നേടുകയാണ്‌ ആ സംഗീതദര്‍ശനം. മനുഷ്യമനസിന്റെ നോവലിലാണ്‌ സംഗീത വാദ്യമുണരുന്നത്‌ എന്ന്‌ അക്കിത്തം ദര്‍ശിക്കുന്നു. ദുഃഖഗീതിക്ക്‌ സംഗീതമാവശ്യമില്ലെന്ന്‌ കരുതുന്ന കവി വേദനയുടെ ആന്തരിക സംഗീതം തന്നെയാണ്‌ കവിതയുടെ ആത്മസ്വരമായി എണ്ണുന്നത്‌.
'ഗാനം', 'മുത്തച്ഛന്‍', 'ഭാരതീയന്റെ ഗാനം', 'ലയം', 'പ്രചോദനം', 'ആകാശവാണി', ' വിവേകാനന്ദന്‍ ആര്‌', 'ഝംകാരം', 'ഗായകനും ഗായികയും', 'ഓലപ്പീപ്പിയും ഓടക്കുഴലും', 'നാളത്തെ ഗാനം', 'വീണയും മനുഷ്യനും', 'ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌', 'ഒരപേക്ഷ മാത്രം', എന്നീ രചനകള്‍ സംഗീതത്തെ കലയായും ദര്‍ശനവിദ്യയായും ജീവിതപ്പൊരുളായും ശാന്തിലഹരിയായും പ്രകൃതിയുടെ മഹാനാദ വൈചിത്ര്യമായും രൂപപ്പെടുത്തുകയാണ്‌.
വൈദിക സംസ്കാരത്തിന്റെ വെളിച്ചം തന്നെയാണ്‌ കവിയുടെ സംഗീതസംസ്കാരത്തെ വളര്‍ത്തിയെടുക്കുന്നത്‌. ഇഷ്ടരാഗം മഹര്‍ കല്യാണിയാണെന്നും ആ രാഗത്തിന്‌ ജീവനുമായി എന്തോ ബന്ധമുണ്ടെന്ന്‌ തോന്നുന്നതായും അക്കിത്തം വ്യക്തമാക്കീട്ടുണ്ട്‌. എല്ലാ ജീവനിലുമുള്ള ആനന്ദകോശത്തെ ഉണര്‍ത്തലാണ്‌ സംഗീതകലയെന്ന്‌ വിശ്വസിക്കുന്ന കവി ആനന്ദം ഈശ്വരനാണെന്ന്‌ കല്‍പ്പിച്ച്‌ കവിത ഈശ്വരന്‍തന്നെയെന്ന്‌ നിര്‍വചനമേകുന്നു. ഞാനാകുന്ന മണി വീണയില്‍ സിരാകൂടമാകുന്ന തന്ത്രീബന്ധം മുറുകി സപ്ന്ദിക്കുമാറ്‌ ആകാശത്തിനായി പാടുന്ന കവിയുടെ ചിത്രമുണ്ട്‌ 'പ്രചോദന'ത്തില്‍. മധുരിക്കുന്ന ലയനിര്‍ദ്ധരിയില്‍ പുരുഷനായ തന്റെ മുല ചുരന്ന്‌ ജീവോന്മുഖമായി ഒഴുകുന്നത്‌ 'ഗാന'ത്തില്‍ കാണാം. സൃഷ്ടിസ്ഥിതിലയമെന്ന പ്രകൃതിയുടെ കര്‍മമാര്‍ഗാനുഷ്ഠാനമാണ്‌ സംഗീതം.
"കൂരിരുളാണ്ട വിഹായസ്സാകെ വി- ദാരിതമാക്കിയ സംഗീതം" എന്ന്‌ 'മുത്തച്ഛനി'ല്‍ സംഗീതം വെളിച്ചമാകുന്നു. "ലോകാലോക മരിച്ചുകടന്നു മൂകത വീണ്ടും തേങ്ങി"
എന്ന അഭിദര്‍ശനം സംഗീതത്തിന്റെ പ്രഭവവും വളര്‍ച്ചയും ലയനവും മൂകതയുടെ നാദത്തില്‍ നിന്നാണെന്ന്‌ രേഖപ്പെടുത്തുകയാണ്‌. തത്ത്വചിന്താപരമായും സംവേദനാത്മകമായും സംഗീതകലയെ ആകാശവുമായി ബന്ധപ്പെടുത്തുകയാണ്‌ 'ആകാശത്തിന്റെ മക്കള്‍'. ജഡപദാര്‍ത്ഥത്തിന്റെ ഉണ്മയിലെ ബോധാകാശത്തെ സ്പന്ദനംവഴി ഉണര്‍ത്തുകയാണ്‌ സംഗീതത്തിന്റെ പരമലക്ഷ്യമെന്ന്‌ അക്കിത്തം വിശ്വസിക്കുന്നു. നടരാജനടനത്തെക്കുറിച്ചുള്ള ആനന്ദകുമാരസ്വാമിയുടെ ഉപദര്‍ശനം ഇവിടെ സ്വാധീനമായുണ്ടെന്ന്‌ കാണാം.
സംഗീതം പ്രമേയമായുള്ള കവനങ്ങളില്‍ സംഗീതത്തെ കലയെന്നതിലുപരി പ്രണവമായും മോക്ഷമാര്‍ഗമായും പ്രകൃതിയെയും മനുഷ്യപ്രകൃതിയെയും സ്നേഹവാത്സല്യത്തിലുണര്‍ത്തുന്ന ഉണ്മയായും കവി പുനഃസൃഷ്ടിക്കുന്നു. ഓങ്കാര മന്ത്രത്തിന്റെ മഹാമൗനലയമാണ്‌ സംഗീതം. ഓരോ നാദബിന്ദുവിലും ഓങ്കാരധ്വനിയുണ്ടെന്നും ആന്തരകര്‍ണത്താലവ സ്വാംശീകരിക്കണമെന്നും ചിദാകാശത്തില്‍ അവ സാക്ഷാത്കരിക്കണമെന്നും അക്കിത്തം രേഖപ്പെടുത്തുന്നു.
"എന്റെ വാഗാര്‍ത്ഥ ചൈതന്യ സത്തിന്‍ പ്രാണഞ്ഞരമ്പുകള്‍ പുലരുന്നു പുസ്തകത്തില്‍ വീണയില്‍ ജപമാലയില്‍"
എന്ന്‌ 'ആകാശവാണി' വചനം കേള്‍ക്കുക. സ്നേഹം പകരാനും ആത്മീയദാഹം അല്‍പ്പമൊന്നാറ്റാനുമുള്ള പ്രചോദനയായി സംഗീതത്തെ ദര്‍ശിക്കാനാണ്‌ കവിയുടെ മോഹം. 'ഗായകനും ഗായികയും' ഈ സത്യമുള്‍ക്കൊള്ളുന്നു.
"സ്നേഹങ്ങള്‍ തമ്മില്‍പ്പകര്‍ന്നു രണ്ടാത്മീയ- ദാഹവുമല്‍പ്പമൊന്നാറ്റാന്‍ പ്രീതിയും നീതിയും നീട്ടി വിടര്‍ത്തിയ ചോദനയായി ഞാന്‍ വന്നു"
എന്നാണ്‌ ദിവ്യഗാതാവിന്റെ മുമ്പില്‍ കവി വചനം. ഓലപ്പീപ്പിയും ഓടക്കുഴലും ഒന്നുതന്നെയെന്ന്‌ കവി കണ്ടെത്തുന്നത്‌ നാദത്തിന്റെ മൗലികസത്തയെ ഏകാത്മക സത്യമായി മാറ്റുന്ന സംഗീതവീക്ഷണം മൂലമാണ്‌. ജീവിതത്തില്‍ തനിക്ക്‌ രണ്ടു കാര്യങ്ങളെയുള്ളൂവെന്ന്‌ അക്കിത്തം പറയുന്നു. കണക്കും സംഗീതവും. "വാതാപി ഗണപതി കുറെ പഠിക്കുകയും സംഗീതക്കാരുടെ കൂടെ കുറെകൊല്ലം താമസിക്കുകയും ചെയ്തു. പക്ഷേ മെച്ചമുണ്ടായില്ല" ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ടെങ്കിലും സ്വന്തം കവിതയുടെ ആന്തരശ്രുതിയില്‍ പ്രകൃതിയുടെ അന്തര്‍നാഭമായ സത്യസംഗീത്തെ കറന്നെടുക്കാന്‍ അക്കിത്തത്തിന്‌ കഴിയുന്നു. കവിതയിലെ സംഗീതസാന്നിദ്ധ്യത്തിന്‌ ഛന്ദസാണ്‌ കാരണമെന്ന്‌ കവി പറയുന്നു. ഋഗ്വേദ മന്ത്രങ്ങളുടെ ലയപൂര്‍ണമായ ധ്വനിയും സംഗീതവും ഉപനിഷത്ത്‌ സാരങ്ങളുടെ ആ മന്ത്രണവും അംശികഘടകങ്ങളായി അക്കിത്തം കവിത സ്വാംശീകരിക്കുന്നു.
ജീവന കൗതുകമായി സാധാരണ ജീവിതത്തെ സ്വപ്നം കാണിക്കാനും, ഇന്നലെയെയും ഇന്നിനെയും നാളെയെയും ജീവിതപന്ഥാവില്‍ നവയുഗസൃഷ്ടിയുടെ കാഹളമായി പുനര്‍ജ്ജനിപ്പിക്കാനും സംഗീതത്തിന്‌ സാധ്യമാണെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തുകയാണ്‌ 'ഒരപേക്ഷമാത്രം', ' ഭാരതീയന്റെ ഗാനം', 'ലയം', 'നാളത്തെ ഗാനം' എന്നീ കവനങ്ങള്‍. ചിത്രം, സംഗീതം തുടങ്ങിയ കലകളുടെ ആത്മചൈതന്യം ചിദാകാശപ്പൊരുളിനാണ്‌ കവി സമര്‍പ്പിക്കുന്നത്‌.
സമസ്തകലകളുടെയും ആത്മാംശമായി ഭാരതീയാദ്ധ്യാത്മവിദ്യയുടെ ആത്മസത്തയെ സങ്കല്‍പ്പിക്കാനും അതിന്റെ നൈരന്തര്യത്തെ തന്റെ സംഗീത ലാവണ്യദര്‍ശനത്തില്‍ ഉള്‍ച്ചേര്‍ക്കാനുമാണ്‌ കവിയുടെ ശ്രമം. കാര്‍ഷിക പ്രകൃതിയില്‍ മണ്ണിന്റെ നാദമായും മനുഷ്യാത്മാവിന്റെ സ്വരമായും സംഗീതത്തെ സങ്കല്‍പ്പിക്കാന്‍ അക്കിത്തത്തിന്‌ കഴിയും. "നാളെയിഗ്ഗാനം കാറ്റത്തൊരായിരം നാദമെടുത്ത്‌ വിതയ്ക്കുമെന്നും നാദം പൊടിപ്പിച്ചുയര്‍ത്തുമെന്നും നാദത്തെ കൂമ്പിടുവിക്കുമെന്നും നാദത്തെ പൂവിടുവിക്കുമെന്നും നാദത്തെ കതിര്‍പ്പിക്കുമെന്നും നാദത്തെ കൊയ്തുകൂട്ടുമെന്നും "നാളത്തെ ഗാനം" സ്വപ്നം പങ്കുവയ്ക്കുന്നു. മണ്ണിനെയും മനുഷ്യനെയും ഒന്നുചേര്‍ക്കുന്ന ലക്ഷ്യാധിഷ്ഠിതമായ സംഗീതകര്‍മത്തെയാണ്‌ ഈ രചന സാക്ഷാത്കരിക്കുന്നത്‌.
ഭാരതീയസംഗീതത്തിന്റെ ആനന്ദതലത്തെയും സാംസ്കാരികതലത്തെയും ഒന്നുചേര്‍ത്ത്‌ സ്വകവിതയില്‍ ഉള്‍ചേര്‍ക്കണമെന്നാണ്‌ കവിയുടെ സ്വപ്നം. സംഗീതം അന്തര്‍ലീനമായി കാവ്യാത്മാവിനെ സേചനം ചെയ്യുകയാണിവിടെ. "ഒരു നിമിഷത്തിന്റെ വൈകാരിക പ്രതികരണമായ ഒരു ഇമേജറിയോടുകൂടി കവിതയുടെ വൃത്തി അവസാനിക്കുന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ രണ്ടുനിമിഷമെങ്കിലും ഉണ്ടാവുകയും ആ രണ്ടുനിമിഷങ്ങളെ ബുദ്ധിവ്യാപാര ക്ഷമമായ ഒരു നളിക ബന്ധിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ കവിതയുടെ സംഗീതം ഉണരൂ" അക്കിത്തം പറയുന്നു. സംഗീതലാവണ്യവും രൂപകല്‍പ്പനയിലധിഷ്ഠിതമാവണമെന്നര്‍ത്ഥം. ഈ സങ്കല്‍പ്പസാരത്തില്‍ ശ്രീ അരവിന്ദന്റെ കവിതാദര്‍ശനം അടയിരിക്കുന്നു. സംഗീതദര്‍ശനത്തെ രൂപപ്പെടുത്താന്‍ പൈതൃകസിദ്ധമായ ആത്മീയതയുടെയും ദാര്‍ശനികതയുടെയും മാനം ഉപയോഗപ്പെടുത്തുകയാണ്‌ അക്കിത്തം. നിളയുടെ ജീവനസംഗീതമാണ്‌ അക്കിത്തം കവിതയില്‍ ഓളപ്പരപ്പുകളായി ഒഴുകുന്നത്‌.
മലയാള കാവ്യചരിത്രത്തിന്റെ പരിവര്‍ത്തന നാദമായ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' മുതല്‍ ഭാവഗീതത്തിന്റെ ഹരിത രാമായണം കൊളുത്തിയ 'അന്തിമഹാകാലം' വരെയുള്ള കാവ്യകലാ പ്രപഞ്ചത്തില്‍ പ്രജാപതിയായി അക്കിത്തം വാഴുന്നു. ജ്ഞാനപീഠത്തിനോ പദ്മപുരസ്കാരങ്ങള്‍ക്കോ ഈ അപൂര്‍വ പ്രതിഭാസ്ഥാനം ഏന്തിത്തൊടാനായില്ല. മാര്‍ച്ച്‌ 18ന്‌ എണ്‍പത്തിയേഴാം പിറന്നാളിന്റെ നിറവില്‍ പ്രവേശിക്കുന്ന മഹാകവി ഇന്നും നാദാത്മികയ്ക്കായി അക്ഷരമാല കൊരുക്കുകയാണ്‌.
"ആ നാദബിന്ദുക്കളിലു- ണ്ടോങ്കാരധ്വനി, കേള്‍ക്കുവാന്‍ കൂര്‍പ്പിച്ചുകൊണ്ടിരുന്നാലു- മാന്തര ശ്രവണങ്ങളെ"
ഡോ.കൂമുള്ളി ശിവരാമന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.