ഡിഎംകെയുടെ ഭീഷണി; അമേരിക്കന്‍ പ്രമയേത്തെ ഇന്ത്യ പിന്തുണച്ചേക്കും

Sunday 17 March 2013 10:18 pm IST

ചെന്നൈ: ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള അമേരിക്കന്‍ പ്രമേയത്തില്‍ ഇന്ത്യ തമിഴ്‌ വംശജര്‍ക്ക്‌ അനുകൂലമായി നിലപാടെടുക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കേന്ദ്രമന്ത്രി പി ചിദംബരം. അമേരിക്കന്‍ പ്രമേയത്തില്‍ ലങ്കയിലെ മനുഷ്യക്കുരുതിക്കെതിരെ അന്വേഷണം നടത്തണമെന്ന്‌ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്‍മേല്‍ ഡിഎംകെ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ്‌ ചിദംബരത്തിന്റെ പ്രസ്താവന. താനുള്‍പ്പെടെയുള്ള എല്ലാ തമിഴരുടെയും വികാരം മാനിച്ച്‌ സര്‍ക്കാര്‍ ഉറച്ച തീരുമാനമാണ്‌ കൈകൊള്ളുകയെന്നും ചിദംബരം പറഞ്ഞു. ഈ മാസം 22ന്‌ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലില്‍ തമിഴ്‌ വംശജര്‍ക്ക്‌ ആശാവഹമായ വാര്‍ത്തയായിരിക്കും കേള്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലങ്കയ്ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികളെ ശാന്തരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശ്രീലങ്കയ്ക്കെതിരേ അവതരിപ്പിക്കുന്ന പ്രമേയത്തിന്‍മേലുള്ള നിലപാട്‌ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനിക്കുമെന്ന്‌ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു.വിഷയം ഡിഎംകെയുമായി പ്രത്യേക ചര്‍ച്ച ചെയ്യുമെന്നും സല്‍മാന്‍ ഖുര്‍ഷിദ്‌ വ്യക്തമാക്കി.ഈ മാസം ഒടുവില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമൈടുക്കുമെന്നും അദേഹം പറഞ്ഞു.പ്രമേയത്തെ പിന്‍തുണയ്ക്കാന്‍ തായ്യാറായിലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിക്കുമെന്ന്‌ ഡിഎംകെ ഭീഷണിമുഴക്കുന്ന സാഹചര്യത്തിലാണ്‌ സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.
അതേസമയം, ലങ്കയിലെ മനുഷ്യക്കുരുതികളെക്കുറിച്ച്‌ രാജ്യാന്തര വിചാരണ നടത്താന്‍ അമേരിക്കക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട്‌ ഡിഎംകെനേതാവ്‌ കരുണാനിധി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിഗിനും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്കും കത്തയച്ചു.
അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ ഭേദഗതികളോടെ അംഗീകരിക്കണമെന്നാണ്‌ ഡിഎംകെയുടെ ആവശ്യം. ഇപ്രകാരം ചെയ്തില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക്‌ നീങ്ങേണ്ടി വരുമെന്ന്‌ കരുണാനിധി വീണ്ടും മുന്നറിയിപ്പ്‌ നല്‍കി. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ലെങ്കില്‍ യുപിഎയില്‍ തുടരേണ്ടതില്ലെന്ന്‌ ഡിഎംകെ യോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ ലങ്കക്കെതിരെയുയരുന്ന വ്യാപകമായ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുമെന്നാണ്‌ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.