തിരുവല്ല ആര്‍എസ്‌എസ്‌ കാര്യാലയത്തില്‍ പോലീസ്‌ അതിക്രമം

Sunday 17 March 2013 10:39 pm IST

തിരുവല്ല: ആര്‍.എസ്‌.എസ്‌ തിരുവല്ല താലൂക്ക്‌ കാര്യാലയത്തില്‍ പോലീസ്‌ അതിക്രമം. ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിന്‌ സമീപമുള്ള കാര്യാലയത്തില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ്‌ തിരുവല്ല എസ്‌.ഐ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ്‌ അതിക്രമം കാട്ടിയത്‌. പോലീസ്‌ ജനാലച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാര്യാലയത്തിലുണ്ടായിരുന്ന സ്വയംസേവകരെ ഭീഷണിപ്പെടുത്തിയ ശേഷമാണ്‌ പോലീസ്‌ സംഘം മടങ്ങിയത്‌. കഴിഞ്ഞദിവസം തിരുമൂലപുരത്ത്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ഡിവൈഎഫ്‌ഐക്കാര്‍ അക്രമണം നടത്തിയിരുന്നു. ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതെ പോലീസ്‌ ഇരവിപേരൂര്‍, നന്നൂര്‍, വള്ളംകുളം, തുടങ്ങിയ പ്രദേശത്തെ നിരപരാധികളായ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രി കടന്നുകയറി ഭീഷണി മുഴക്കിയിരുന്നു. ഇതിനും പുറമേയാണ്‌ കാര്യാലയത്തില്‍ അതിക്രമിച്ച്‌ കയറി നാശനഷ്ടമുണ്ടാക്കിയത്‌. പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തിരുവല്ല പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന്‌ നടന്ന ധര്‍ണ്ണ ബിജെപി തിരുവനന്തപുരം മേഖലാ പ്രസിഡന്റ്‌ എ.ജി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്‌.എസ്‌ ശബരിഗിരി വിഭാഗ്‌ ബൗദ്ധിക്‌ പ്രമുഖ്‌ അഡ്വ.എസ്‌.എന്‍.ഹരികൃഷ്ണന്‍ , ജില്ലാ കാര്യവാഹ്‌ ജി.വിനു, ബാലഗോകുലം ജില്ലാ സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രകടനത്തിന്‌ താലൂക്ക്‌ കാര്യവാഹ്‌ കെ.എന്‍.സന്തോഷ്‌ കുമാര്‍, സഹകാര്യവാഹ്‌ സുരേഷ്‌, ബൗദ്ധിക്‌ പ്രമുഖ്‌ എം.ആര്‍.മുരുകന്‍ , ഹിന്ദു ഐക്യവേദി താലൂക്ക്‌ സെക്രട്ടറി അനില്‍ തുകലശ്ശേരി, ബിഎംഎസ്‌ മേഖലാ സെക്രട്ടറി അശോക്‌ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോലീസ്‌ നടപടിയില്‍ ആര്‍.എസ്‌.എസ്‌ തിരുവല്ല താലൂക്ക്‌ കാര്യകാരി , ഹിന്ദു ഐക്യവേദി താലൂക്ക്‌ സമിതി, ബിഎംഎസ്‌ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.