ഗുരുവായൂര്‍ നന്ദിനിക്ക് ഗജറാണിപ്പട്ടം സമര്‍പ്പിച്ചു

Monday 18 March 2013 11:56 pm IST

വാഴൂര്‍: അമ്പാടിക്കണ്ണന്റെ തിരുസന്നിധിയില്‍ നിന്നും ദേവിയുടെ തിടമ്പേറ്റാന്‍ എത്തിയ ഗുരുവായൂര്‍ നന്ദിനിക്ക് കൊടുങ്ങൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് ഗജറാണിപ്പട്ടം നല്‍കി ആദരിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന് കൊടുങ്ങൂരമ്മയുടെ തിടമ്പേറ്റാന്‍ എത്തിയതാണ് ഗുരുവായൂര്‍. ആനക്കോട്ടയില്‍ നിന്നും നന്ദിനി, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കും, ആറാട്ടിനും, ഗുരുവായൂരപ്പന്റെ പൊന്‍തിടമ്പേറ്റുന്നത് നന്ദിനിയാണ്. കൊടുങ്ങൂര്‍ ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് ഘോഷയാത്രയോടെയാണ് നന്ദിനിയെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചത്. കൊടിയേറ്റിന് ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍ നന്ദിനിക്കുള്ള മൊമന്റോ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന് കൈമാറി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഗജറാണിപ്പട്ടം നന്ദിനിയെ അണിയിച്ചു. ഡോ.എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷതവഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പനളിക്കല്‍, സെക്രട്ടറി വിക്രമന്‍ നായര്‍, ടി.ഡി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ അര നൂറ്റാണ്ടായി കൊടുങ്ങൂരമ്മയുടെ തിടമ്പേറ്റിയിരുന്ന വൈജയന്തിയുടെ ഓര്‍മ്മയ്ക്കായാണ് ഗജറാണിപ്പട്ടം നല്‍കി ആദരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.