കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം: സ്വത്തുക്കള്‍ തട്ടിയെടുത്തവര്‍ വ്യാജപ്രചരണം നടത്തുന്നുവെന്ന്

Monday 18 March 2013 11:58 pm IST

എരുമേലി: അസുഖങ്ങള്‍ മാറ്റാനാണെന്ന പേരില്‍ ലക്ഷങ്ങള്‍ വിലയുള്ള സ്വത്തുക്കള്‍ തട്ടിയെടുത്ത ആവേമരിയ ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ തങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്ന് തട്ടിപ്പിനിരയായ കുടുംബാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സഭയിലെ വൈദികര്‍ക്കെതിരെ കേസുകൊടുത്തതിനും എതിര്‍ത്തതിനും ഞങ്ങള്‍ വൈദികരോട് മാപ്പു പറഞ്ഞുവെന്നും വ്യാജപ്രചരണം നടത്തുകയാണ്. എന്നാല്‍ ഭൂമിയുള്‍പ്പെടെയുള്ള സ്വത്തുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ സിവില്‍കേസും ക്രിമിനല്‍കേസും നല്‍കുമെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ സ്വത്തുകള്‍ തിരിച്ചു പിടിക്കുന്നതിനായി മരണംവരെ പോരാടുമെന്നും കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതിന്റെ കേസില്‍ തങ്ങളോട് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം നിയമപരമല്ലെന്ന് കണ്ട് ഉന്നതാധികാരികള്‍ അടച്ചുപൂട്ടിയെങ്കിലും തന്ത്രപരമായി ധ്യാനകേന്ദ്രം വീണ്ടും തുറക്കാനുള്ള നീക്കം 'ജന്മഭൂമി' കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എരുമേലി ടൗണിന് സമീപം ശബരിമല തീര്‍ത്ഥാടന പാതയില്‍ അഞ്ച് ഏക്കര്‍ റബര്‍ തോട്ടവും വീടുമാണ് സഭാ ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ തട്ടിയെടുത്തത്. ഭൂമി തട്ടിയെടുത്തതിനെതിരെ കേസ് ഫയല്‍ ചെയ്താല്‍ തട്ടിപ്പിനു കൂട്ടുനിന്ന പോലീസിനെയും പ്രതിയാക്കുമെന്നും തട്ടിപ്പിനിരയായ കുടുംബക്കാര്‍ മാപ്പു പറഞ്ഞുവെന്ന വ്യാചപ്രചരണം അവസാനിപ്പിക്കണമെന്നും മോണിക്ക, സഹോദരന്‍ തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.