ഉത്തര കൊറിയയെ ആണവ രാജ്യമായി അംഗീകരിക്കില്ല

Tuesday 19 March 2013 11:27 pm IST

വാഷിങ്ങ്ടണ്‍: ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി അംഗീകരിക്കില്ലെന്നും അവരുടെ ഏത്‌ അതിസാഹസികതയെയും നേരിടാന്‍ മേഖലയിലെ സുഹൃത്‌ രാഷ്ട്രങ്ങളുമായി ചേര്‍ന്ന്‌ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അമേരിക്ക.
വടക്കന്‍ കൊറിയയെ ആണവ രാജ്യമായി അംഗീകരിക്കില്ല. യുഎസിനെ ലക്ഷ്യമിട്ടുള്ള ആണവ മിസെയില്‍ രൂപപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെ കൈയുംകെട്ടി നോക്കി നില്‍ക്കുകയുമില്ല, വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു.
ആണവ പദ്ധതിയില്‍ നിന്ന്‌ ഉത്തര കൊറിയയെ പിന്തിരിപ്പിക്കാന്‍ സഖ്യ കക്ഷികളോടൊത്ത്‌ സമ്മര്‍ദം ചെലുത്തുന്നത്‌ തുടരും. അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമാകാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തും. ഞങ്ങളുടെ നിലപാട്‌ അതില്‍ ഉറച്ചതാണ്‌.
കൊറിയന്‍ മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ തുടരും. ഉത്തരകൊറിയയുടെ ആക്രമണോത്സുകതയ്ക്ക്‌ തടയിട്ട്‌ സുഹൃത്ത്‌ രാഷ്ട്രങ്ങളെ സംരക്ഷിച്ച്‌ മേഖലയെ പൂര്‍ണമായും ആണവ വിമുക്തമാക്കുക എന്നതാണ്‌ ഇതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു. നേരത്തെ, പെന്റഗണ്‍ പ്രസ്‌ സെക്രട്ടറി ജോര്‍ജ്‌ ലിറ്റിലും കൊറിയന്‍ മേഖലയിലെ സമാധാനം ഊട്ടിയുറപ്പിക്കുന്നതില്‍ യുഎസിന്റെ പ്രതിജ്ഞാബന്ധത അടിവരയിട്ടു. സംയുക്തസൈനിക അഭ്യാസങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര കൊറിയയുടെ മൂന്നാം ആണവ പരീക്ഷണവും അവര്‍ക്കെതിരായ യുഎന്‍ ഉപരോധങ്ങളുമാണ്‌ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയ്ക്കും വാക്‌ യുദ്ധങ്ങള്‍ക്കും ആധാരം. ഉപരോധങ്ങള്‍ക്കു പിന്നാലെ പ്രകോപനപരമായ പ്രസ്താവനകളുമായി ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. യുഎസിനെ ലക്ഷ്യമിട്ട്‌ അവര്‍ ആണവ മിസെയില്‍ ഒരുക്കുന്നതായും സംശയമുയര്‍ന്നു.
ഉത്തര കൊറിയയിലെ യുവാവായ ഭരണാധികാരിയുടെ അപക്വമായ തീരുമാനങ്ങള്‍ യുദ്ധം അനിവാര്യമാക്കിയേക്കാമെന്നു അമേരിക്ക തന്നെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മിസെയില്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക നീക്കമാരംഭിച്ചിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.