മാതൃകാധ്യാപകന്‍, സംഘത്തിലെ ബൌദ്ധിക സാന്നിധ്യം

Friday 29 July 2011 10:43 pm IST

ഇന്നലെ അന്തരിച്ച രാഷ്ട്രീയ സ്വയംസേവക്‌ കണ്ണൂറ്‍ വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖ്‌ ഒ.ശ്രീധരന്‍ മാസ്റ്ററുടെ അകാലവിയോഗം സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും നടുക്കി. പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളിണ്റ്റെ പ്രിന്‍സിപ്പാളായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖ്‌ എന്ന നിലയിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇടക്ക്‌ അസുഖബാധയുണ്ടായെങ്കിലും തലേന്നുവരെ സ്കൂളിലും മറ്റും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിണ്റ്റെ ആകസ്മിക വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആഘാതമായി. കോഴിക്കോട്‌ ബാലുശ്ശേരിക്കടുത്ത്‌ കോക്കല്ലൂറ്‍ എരമംഗലത്താണ്‌ അദ്ദേഹം ജനിച്ചത്‌. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിണ്റ്റെ ബാല്യവും വിദ്യാഭ്യാസഘട്ടവും. സ്വന്തമായി അധ്വാനിച്ചാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌. ബാലുശ്ശേരി സംസ്കൃത വിദ്യാലയത്തില്‍ നിന്നാണ്‌ ബിരുദം നേടിയത്‌. ൧൯൮൩ ലാണ്‌ പാര്‍ട്ട്‌ ടൈം സംസ്കൃത അധ്യാപകനായി പട്ടാന്നൂറ്‍ ഹൈസ്കൂളിലെത്തുന്നത്‌. മികച്ച അധ്യാപകനായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിലെത്തിച്ചു. ദശകങ്ങളായി സംസ്കൃത കലോത്സവങ്ങളില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ ശ്രീധരന്‍ മാസ്റ്ററുടെ വിദ്യാര്‍ത്ഥികളാണ്‌ വിജയകിരീടം ചൂടിയിരുന്നത്‌. പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ പേരും പെരുമയും ഉണ്ടാക്കിയതില്‍ അദ്ദേഹത്തിണ്റ്റെ പങ്ക്‌ നിസ്തുലമായിരുന്നു. വിദ്യാര്‍ത്ഥി പരിഷത്തിലൂടെയായിരുന്നു അദ്ദേഹം സംഘ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടത്‌. നായാട്ടുപാറയിലെത്തിയതിനു ശേഷം സംഘപ്രവര്‍ത്തനത്തില്‍ സജീവമായി. അന്നത്തെ മയ്യില്‍ താലൂക്കിണ്റ്റെ ബൌദ്ധിക്‌ പ്രമുഖായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം കണ്ണൂറ്‍ ജില്ലാ ബൌദ്ധിക്‌ പ്രമുഖായും വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ൧൦ വര്‍ഷമായി വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖിണ്റ്റെ ചുമതലയില്‍ തുടരുകയാണ്‌. മികച്ച സംസ്കൃത പണ്ഡിതനായ ശ്രീധരന്‍ മാസ്റ്റര്‍ ശ്രദ്ധേയനായ ആദ്ധ്യാത്മിക പ്രഭാഷകനായിരുന്നു. മലബാറിലെ നൂറു കണക്കിന്‌ ക്ഷേത്രങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്‌. ബാലഗോകുലം, എന്‍ടിയു, സംസ്കൃതാധ്യാപക ഫെഡറേഷന്‍ മുതലായ സംഘടനകളിലും സജീവമായിരുന്നു. മട്ടന്നൂറ്‍ കേന്ദ്രമായുള്ള ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിണ്റ്റെ മെമ്പറായിരുന്നു. കോളാരിയില്‍ പ്രവര്‍ത്തിക്കുന്ന സച്ചിദാനന്ദ ബാലമന്ദിരത്തിണ്റ്റെ മാര്‍ഗ്ഗദര്‍ശികളിലൊരാളാണ്‌. എരമംഗലം കൊട്ടാരപ്പറ്റ ഗോപാലന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്‌. ജാനകി, രാധ, കൃഷ്ണന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. ജന്‍മഭൂമി കണ്ണൂറ്‍ യൂണിറ്റ്‌ റസിഡണ്ട്‌ എഡിറ്റര്‍ എ.ദാമോദരന്‍, ബിജെപി മണ്ഡലം സെക്രട്ടറി എ.കൃഷ്ണന്‍ എന്നിവര്‍ ഭാര്യാസഹോദരങ്ങളാണ്‌. എ.ലക്ഷ്മിയാണ്‌ സഹധര്‍മ്മിണി. പായം ഗവ.യു.പി അധ്യാപിക ശ്രീല, ബാംഗ്ളൂരില്‍ എഞ്ചിനിയറായ ശ്രീലേഷ്‌ എന്നിവര്‍ മക്കളും ഗീരീഷ്‌ കൈതേരി ജാമാതാവുമാണ്‌.