മുന്‍കൂര്‍ നികുതി അടയ്ക്കുന്നതില്‍ അക്ഷയ്‌ തന്നെ താരം

Wednesday 20 March 2013 8:16 pm IST

മുംബൈ: ബോളിവുഡ്‌ താരങ്ങളില്‍ മുന്‍കൂര്‍ നികുതി അടയ്ക്കുന്നതില്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും അക്ഷയ്‌ കുമാര്‍ തന്നെ മുന്നില്‍. ഖാന്‍മാരെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ്‌ അക്ഷയ്‌ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. മുന്‍കൂര്‍ നികുതി അടയ്ക്കുന്നതിന്റെ കാലാവധി അവസാനിക്കുന്നതിന്‌ മുമ്പേതന്നെ 19 കോടി രൂപയാണ്‌ ഈ ഇനത്തില്‍ അക്ഷയ്‌ അടച്ചത്‌. ഈ മാസം 15 ആയിരുന്നു മുന്‍കൂര്‍ നികുതി അടയ്ക്കുന്നതിന്റെ അവസാന തീയതി. 2012 ല്‍ അക്ഷയ്‌ കുമാറിന്റേതായി പുറത്തിറങ്ങിയ സ്പെഷ്യല്‍ 26, ഹൗസ്ഫുള്‍2, റൗഡി റാത്തോര്‍, ഒ മൈ ഗോഡ്‌ എന്നീ ചിത്രങ്ങള്‍ വന്‍ വിജയമാണ്‌ നേടിയത്‌.
മുന്‍കൂര്‍ നികുതി അടവില്‍ അക്ഷയ്‌ കുമാറിന്‌ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്‌ സല്‍മാന്‍ ഖാനാണ്‌. 11 കോടി രൂപയാണ്‌ ഇദ്ദേഹം അടച്ചത്‌. 2012 ല്‍ പുറത്തിറങ്ങിയ ഏക്‌ ത ടൈഗര്‍, ദബാങ്ങ്‌ 2 എന്നീ സല്‍മാന്‍ ചിത്രങ്ങള്‍ വന്‍വിജയമായിരുന്നു. 150 കോടിയില്‍ അധികം രൂപയുടെ കളക്ഷനാണ്‌ ഈ ചിത്രങ്ങള്‍ നേടിയത്‌. ഷാരൂഖ്‌ ഖാന്‍ 10.5 കോടിയും അമീര്‍ ഖാന്‍ 7.5 കോടി രൂപയുമാണ്‌ മുന്‍കൂര്‍ നികുതി ഇനത്തില്‍ അടച്ചത്‌. ഷാഹിദ്‌ കപൂര്‍ കഴിഞ്ഞ വര്‍ഷം എന്നത്‌ പോലെ ഒരു കോടി രൂപയാണ്‌ ഈ വര്‍ഷവും അടച്ചത്‌.
ബോളിവുഡ്‌ നടിമാരില്‍ കത്രീന കൈഫാണ്‌ മുന്നില്‍. 4.5 കോടി രൂപയാണ്‌ മുന്‍കൂര്‍ നികുതിയായി അടച്ചത്‌. നാല്‌ കോടി രൂപ അടച്ചുകൊണ്ട്‌ കരീന കപൂറാണ്‌ തൊട്ടുപിന്നില്‍. 2012 ല്‍ പുറത്തിറങ്ങിയ ജബ്‌ തക്‌ ഹെ ജാന്‍, ഏക്‌ ത ടൈഗര്‍ എന്നീ രണ്ട്‌ വിജയചിത്രങ്ങളിലെ നായികയായിരുന്നു കത്രീന. 2 കോടി രൂപ നികുതി അടച്ചുകൊണ്ട്‌ പ്രിയങ്ക ചോപ്രയാണ്‌ മൂന്നാം സ്ഥാനത്ത്‌. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച്‌ 10 വരെയുള്ള കാലയളവില്‍ 1.35 ദശലക്ഷം റിട്ടേണുകളാണ്‌ ഫയല്‍ ചെയ്തിരിക്കുന്നത്‌. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനമാണ്‌ വര്‍ധനവ്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി ഇനത്തില്‍ 5.65 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനാണ്‌ ആദായ നികുതി വകുപ്പ്‌ ലക്ഷ്യമിട്ടിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.