നൂറ്റമ്പതിലേറെ വര്‍ഗ്ഗീയ കലാപ കേസുകളില്‍ തുടര്‍നടപടിയില്ല

Thursday 21 March 2013 11:48 am IST

കാസര്‍കോട്‌: വര്‍ഗ്ഗീയ സംഘര്‍ഷക്കേസുകളില്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി കിട്ടാത്തതിനാല്‍ കുറ്റപത്രങ്ങള്‍ വൈകുന്നു. അതിലൂടെ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു. വര്‍ഗ്ഗീയ സംഘര്‍ഷ കേസുകളില്‍ ഐപിസി 153 എ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അനുമതി വേണം. കാസര്‍കോട്‌ ജില്ലയില്‍ അഞ്ച്‌ വര്‍ഷത്തിനിടെ അന്വേഷണം പൂര്‍ത്തിയാക്കിയ 152 കേസുകള്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി കാക്കുകയാണ്‌. അതുമൂലം തുടര്‍ നടപടികള്‍ നിലച്ചിരിക്കുകയാണ്‌.
2008 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെ 271 വര്‍ഗ്ഗീയ സംഘര്‍ഷക്കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി. ഇതില്‍ 119 കേസുകള്‍ക്ക്‌ ആഭ്യന്തരവകുപ്പ്‌ അനുമതി നല്‍കി. 152 എണ്ണത്തിന്‌ അനുമതി നിഷേധിച്ചു. 2008ല്‍ ഏഴ്‌, 2009ല്‍ 15, 2010ല്‍ നാല്‌, 2011ല്‍ 114, 2012ല്‍ 12 എന്നിങ്ങനെ അന്വേഷണം പൂര്‍ത്തിയായവയാണ്‌ ഈ കേസുകള്‍.
ഇവയില്‍ അധികവും 2011ലെ കാഞ്ഞങ്ങാട്‌ കലാപവുമായി ബന്ധപ്പെട്ട്‌ ഹോസ്ദുര്‍ഗ്ഗ്‌ പോലീസ്‌ അന്വേഷിച്ച കേസുകളാണ്‌. കാഞ്ഞങ്ങാട്‌ കടപ്പുറത്ത്‌ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിക്ക്‌ സ്വീകരണം നല്‍കിയ പരിപാടിക്കിടെയാണ്‌ ആസൂത്രിതമായി കലാപമുണ്ടായത്‌. 143 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന്‌ 135 കേസുകള്‍ എടുത്തു. 42 എണ്ണത്തില്‍ അന്വേഷണം നിലച്ച മട്ടാണ്‌. അന്വേഷണം പൂര്‍ത്തിയാക്കിയ 93 കേസുകളില്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി തേടിയിട്ട്‌ വര്‍ഷമൊന്നായിട്ടും നടപടിയില്ല. കലാപവുമായി ബന്ധപ്പെട്ട്‌ ഒരു കേസിലും കുറ്റപ്പത്രം സമര്‍പ്പിക്കാനാവാതെ പരിഹാസ്യരാവുകയാണ്‌ പോലീസ്‌.
മുസ്ലീംലീഗ്‌ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലം വര്‍ഗീയ സംഘര്‍ഷക്കേസുകള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നുണ്ട്‌. പുറമേയാണ്‌ ആഭ്യന്തവകുപ്പിന്റെ ഈ നിലപാട്‌. രണ്ടും മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ അന്വേഷണം നടത്തുന്ന കേസുകളില്‍ ആഭ്യന്തരവകുപ്പ്‌ കൈക്കൊള്ളുന്ന നിലപാട്‌ അന്വേഷണ ഉദ്യോഗസ്ഥരെ പുറകോട്ടടിപ്പിക്കുന്നു.
ഏറെ കോളിളക്കമുണ്ടാക്കിയ അഡ്വ.സുഹാസ്‌ വധക്കേസില്‍ അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതി കയറി ഇറങ്ങിയ സുഹാസിന്റെ മാതാവിന്‌ നീതി നേടിക്കൊടുക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ അനുമതി തേടി മൂന്നു വര്‍ഷം മുമ്പ്‌ ക്രൈംബ്രാഞ്ച്‌ സമര്‍പ്പിച്ച അപേക്ഷ ഇപ്പോഴും ഫയലില്‍ തന്നെ. മീപ്പുഗിരി ക്ഷേത്രത്തില്‍ പോത്തിന്റെ തല അറുത്തുവെച്ച കേസിലും തുടര്‍ നടപടികളില്ല. കാസര്‍കോട്‌ വര്‍ഗ്ഗീയ കലാപങ്ങളുടെ പരമ്പര സൃഷ്ടിക്കാന്‍ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കിയ സംഭവമെന്ന്‌ ഡിജിപി റിപ്പോര്‍ട്ട്‌ ചെയ്ത കേസാണിത്‌. ഗൂഢാലോചന അന്വേഷിച്ചില്ലെന്ന്‌ മാത്രമല്ല ഒരു പ്രതിയില്‍ അന്വേഷണം ഒതുങ്ങുകയും ചെയ്തു. ഇതിനുപുറമെയാണ്‌ നബിദിനത്തില്‍ പട്ടാള മാര്‍ച്ച്‌ നടത്തിയതിന്‌ മുസ്ലീംലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ്‌ അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.
നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതയാണ്‌ അനുമതി വൈകുന്നതിന്‌ കാരണമെന്ന്‌ ആഭ്യന്തരവകുപ്പ്‌ വിശദീകരിക്കുന്നു. കാസര്‍കോട്ടെ വര്‍ഗ്ഗീയക്കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടി ജയിലിലടയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്‌ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുന്നതിന്‌ തുല്യമാണെന്നും ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടികളുണ്ടാകാത്തതാണ്‌ കാസര്‍കോടിലെ തുടര്‍ച്ചയായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമെന്ന്‌ നേരത്തെ തന്നെ വിമര്‍ശനമുണ്ട്‌. ഇത്തരം വിമര്‍ശനങ്ങളെ സാധൂകരിക്കുകയാണ്‌ ആഭ്യന്തര വകുപ്പിന്റെ നടപടി.
കെ.സുജിത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.