പുതിയ 12 താലൂക്കുകള്‍; കെഎസ്‌ആര്‍ടിസിക്ക്‌ 100 കോടി കൂടി

Thursday 21 March 2013 11:24 am IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതിയ 12 താലൂക്കുകള്‍ കൂടി അനുവദിക്കാനും കെഎസ്‌ആര്‍ടിസിക്ക്‌ മുമ്പ്‌ പ്രഖ്യാപിച്ചതു കൂടാതെ നൂറുകോടി കൂടി അധികമായി നല്‍കാനും ബജറ്റില്‍ പുതിയ പ്രഖ്യാപനം. നിയമസഭയില്‍ ബജറ്റ്‌ ചര്‍ച്ചയുടെ മറുപടിയിലാണ്‌ ധനമന്ത്രി കെ.എം.മാണി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്‌.
മഞ്ചേശ്വരം, വെള്ളരിക്കുണ്ട്‌, ഇരിട്ടി, താമരശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, പത്തനാപുരം, വര്‍ക്കല,കാട്ടാക്കട എന്നിവയാണ്‌ പുതുതായി അനുവദിച്ച താലൂക്കുകള്‍. ഇതിനായി 33 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ജില്ലകളില്‍ പുതിയ താലൂക്കുകള്‍. കെഎസ്‌ആര്‍ടിസിക്ക്‌ നേരത്തെ ബജറ്റില്‍ 100 കോടി അനുവദിച്ചിരുന്നു. എന്നാല്‍ കെഎസ്‌ആര്‍ടിസിക്ക്‌ അനുവദിച്ച തുക കുറഞ്ഞു പോയതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ആരോപിച്ചിരുന്നു. പ്രതിസന്ധികാലത്തെ സഹായമായാണ്‌ നൂറുകോടി രൂപകൂടി ഇപ്പോള്‍ അനുവദിച്ചത്‌.
സംസ്ഥാനത്ത്‌ കോളേജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളേജുകള്‍ അനുവദിക്കും. ഇപ്രകാരം 22 പുതിയ കോളേജുകളാണ്‌ ബജറ്റില്‍ ഉള്‍പ്പെടുത്തി പുതുതായി അനുവദിച്ചത്‌. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനായി 50 കോടിയും ജില്ലാ ആശുപത്രികള്‍ വഴി സൗജന്യ മരുന്നുവിതരണത്തിന്‌ 25 കോടിയും ബജറ്റില്‍ വകയിരുത്തി. കാസര്‍ഗോഡ്‌ ജില്ലക്കായുള്ള വികസന പദ്ധതികള്‍ക്ക്‌ അധികമായി 15 കോടി രൂപ കൂടി ബജറ്റില്‍ വകകൊള്ളിച്ചു. പഞ്ചായത്ത്‌ സഹകരണത്തോടെ 150 പഞ്ചായത്തുകളില്‍ ജനകീയ ടൂറിസം കൊണ്ടു വരും. ഇതിനായി മൂന്ന്‌ കോടി വകയിരുത്തി. പഞ്ചായത്തുകളില്‍ ഭൂമിയുടെ ഡേറ്റാ ബാങ്ക്‌ സ്ഥാപിക്കുന്നതിന്‌ 8 കോടി രൂപ അനുവദിക്കും. നദികളെ സംരക്ഷിക്കാന്‍ റിവര്‍ മാനേജ്മെന്റ്‌ അതോറിറ്റി രൂപീകരിക്കും. 2012-13 ബജറ്റില്‍ പ്രഖ്യാപിച്ച കോട്ടയം വേസ്റ്റേണ്‍ ഗാട്ട്സ്‌ ക്ലൈമെറ്റ്‌ ചേഞ്ച്്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ 5 കോടി രൂപ കൂടി അധികമായി അനുവദിച്ചു.
ഇതു കൂടാതെ ബജറ്റില്‍ പ്രഖ്യാപിക്കാത്ത ക്ഷേമ പെന്‍ഷനുകള്‍ക്കും അധിക തുക വകയിരുത്തി. കശുവണ്ടി, കൈത്തറി, ഈറ്റ-കാട്ടുവള്ളി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ 400 ല്‍ നിന്ന്‌ 500 രൂപയാക്കി ഉയര്‍ത്തി. വ്യാപാരി വ്യവസായി ക്ഷേമ പെന്‍ഷന്‍ 600 ല്‍ നിന്ന്‌ 750 രൂപയായി ഉയര്‍ത്തി. ഭൂമി വാങ്ങിയ ശേഷം മൂന്ന്‌ മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ ഇരട്ടി തുക ഈടാക്കാന്‍ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. മൂന്ന്‌ മുതല്‍ ആറ്‌ മാസത്തിനിടെ വീണ്ടും ഈ ഭൂമി മറിച്ചു വിറ്റാല്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി നിരക്ക്‌ ഒന്നര ഇരട്ടിയായി വര്‍ധിപ്പിക്കുവാനും വ്യവസ്ഥ ചെയ്തു.
സുകുമാര്‍ അഴീക്കോട്‌ സ്മാരകത്തിന്‌ 10 ലക്ഷം കൂടി അനുവദിച്ചു. ഗുരു ഗോപിനാഥ്‌ നടന ഗ്രാമത്തിന്‌ ദേശീയ നൃത്തമ്യൂസിയം സ്ഥാപിക്കാന്‍ മൂന്ന്‌ കോടി അനുവദിച്ചു. ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരകത്തിന്‌ 50 ലക്ഷം രൂപയും, പാലക്കാട്‌ മണി അയ്യര്‍ ക്ഷേത്രവാദ്യ കലാ മ്യൂസിയത്തിന്‌ അഞ്ച്‌ ലക്ഷം രൂപയും വകയിരുത്തി. മൂലൂര്‍ സാസ്ക്കാരിക കമ്മറ്റിക്ക്‌ രണ്ട്‌ ലക്ഷം രൂപ അനുവദിച്ചു. ചങ്ങമ്പുഴ സ്മാരകത്തിന്‌ 30 ലക്ഷവും അനുവദിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിക്കുള്ള വാര്‍ഷിക ഗ്രാന്റ്‌ 50 ലക്ഷമായി ഉയര്‍ത്തി. കൊടുങ്ങല്ലൂരില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പ്രതിമ സ്ഥാപിക്കുന്നതിന്‌ 20 ലക്ഷം രൂപ അനുവദിച്ചു.ഇടപ്പാടി ശ്രീനാരായണ പഠനകേന്ദ്രത്തിന്‌ 15 ലക്ഷം അനുവദിച്ചു. ഇന്റര്‍നാഷണല്‍ ഫോക്ലോര്‍ ഫെസ്റ്റിവല്‍ കേരളത്തില്‍ നടത്തുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തി. പറവൂര്‍ ഒരു നാട്ടാന ചികിത്സാ കേന്ദ്രത്തിനായി 25 ലക്ഷം രൂപ വകയിരുത്തി.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.